Latest News

ദില്‍ വാലേ ദുല്‍ഹനിയാ ലേ ജായേഗേയുടെ 25 വര്‍ഷങ്ങള്‍; ഏറ്റവും ക്ലീഷേയായ കഥ പറഞ്ഞ് ഏറ്റവും വിജയമായ സിനിമ; പറക്കുംതളിക പോലും ക്ലൈമാക്‌സിനെടുത്ത ഡിഡിഎല്‍ജെയുടെ അപൂര്‍വ്വ വിശേഷങ്ങള്‍

Malayalilife
ദില്‍ വാലേ ദുല്‍ഹനിയാ ലേ ജായേഗേയുടെ 25 വര്‍ഷങ്ങള്‍; ഏറ്റവും ക്ലീഷേയായ കഥ പറഞ്ഞ് ഏറ്റവും വിജയമായ സിനിമ; പറക്കുംതളിക പോലും ക്ലൈമാക്‌സിനെടുത്ത ഡിഡിഎല്‍ജെയുടെ അപൂര്‍വ്വ വിശേഷങ്ങള്‍

ഡിഡിഎല്‍ജെ അഥവാ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേ എന്ന സിനിമ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്തവര്‍ ചുരുക്കമാകും. കണ്ടിട്ടില്ലാത്തവര്‍ പോലും ഇതിലെ പാട്ട് കേട്ടിട്ടുണ്ടാകും. മെഹന്ദീ ലഗാകെ രഹ്ന, മുച്ഛ ദേഖാ തോ യേ ജാനാ സനം തുടങ്ങിയ പാട്ടുകള്‍ പലരും ഇന്നും ഏറ്റുപാടുന്നവയാണ്. അനശ്വര പ്രണയത്തിന്റെ പ്രതീകമായി ഇന്നും ഇന്ത്യക്കാര്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ചിത്രമാണ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ റിലീസായിട്ട് നാളെ 25 വര്‍ഷം തികയുകയാണ്.

20 ഒക്ടോബര്‍ 1995 - ല്‍ ആദിത്യ ചോപ്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ (ഡിഡിഎല്‍ജെ). യാഷ് ചോപ്ര ആണ് നിര്‍മ്മാതാവ്. കഥ കൊണ്ട് മാത്രമല്ല മനോഹരമായ വിഷ്വലുകളും ഈ ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്.

വിദേശത്തു കുടുംബത്തോടെ താമസിക്കുന്ന ഇന്ത്യക്കാരാണ് രാജും (ഷാരൂഖ്) സിമ്രാനും (കാജോള്‍). സുഹൃത്തുക്കളുമൊത്ത് യൂറോപ്പിലേക്ക് നടത്തിയ ഒരു യാത്രയില്‍ അവര്‍ കണ്ടു മുട്ടി പ്രണയത്തിലാകുന്നു. സിമ്രാന് പിതാവ് നാട്ടിലുള്ള സുഹൃത്തിന്റെ മകനുമായി വിവാഹം നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. വിവാഹത്തിനായി നാട്ടിലേക്കു പോകുന്ന സിമ്രാനെ പിന്തുടര്‍ന്ന് രാജും ഇന്ത്യയിലേക്ക് വരുന്നു. തുടര്‍ന്ന് സിമ്രാന്റെ പിതാവിന്റെ സമ്മതത്തോടു കൂടി തന്നെ അവളെ സ്വന്തമാക്കാന്‍ രാജ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ത്യയിലും ലണ്ടനിലും സ്വിറ്റസര്‍ലണ്ടിലുമായാണ് ഡിഡിഎല്‍ജെ ചിത്രീകരിച്ചത്.ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷന്‍ നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും പത്ത് ഫിലിംഫെയര്‍ അവാര്‍ഡുകളും കരസ്ഥമാക്കി. പഞ്ചാബിലെ കടുകുപാടങ്ങളിലും സ്വിറ്റ്സര്‍ലന്‍ഡിലെ ടുലിപ് പാടങ്ങളിലും 'ഡ്യൂയറ്റ്' പാടി ഉത്സവം പോലെ ജീവിതമാഘോഷിച്ച രാജും സിമ്രനും ഇന്നും തലമുറകളുടെ പ്രണയതീക്ഷ്ണമായ ഓര്‍മയാണ്. ദില്‍വാലെയുടെ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ നോക്കാം.

സ്‌ക്രിപ്റ്റ് ഇഷ്ടമായെങ്കിലും റൊമാന്റിക് ചിത്രം ചെയ്യാന്‍ തനിക്കാവില്ലെന്ന് പറഞ്ഞ് മടക്കിയയച്ച ഷാരൂഖിനെ നിര്‍ബന്ധിച്ചാണ് ആദിത്യ ചോപ്രയും യഷ് രാജും ചിത്രത്തില്‍ അഭിനയിപ്പിച്ചത്. സിനിമയില്‍ അരങ്ങേറി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അതുവരെയും ആന്റി ഹീറോ റോളുകളില്‍ തിളങ്ങിയിരുന്ന ഷാരൂഖിന് സൂപ്പര്‍സ്റ്റാര്‍ ആകണമെങ്കില്‍ റൊമാന്റിക് സിനിമ ചെയ്യണമെന്നായിരുന്നു അവരുടെ പക്ഷം. ഇത് അംഗീകരിച്ച് ഷാരൂഖ് അഭിനയിച്ച ദില്‍വാലേ അന്ന് വരെയുള്ള ബോക്‌സോഫീസ് ചരിത്രങ്ങളെ മാറ്റിയെഴുതുകയായിരുന്നു. ചിത്രത്തില്‍ അഭിനയിച്ചത് ശേഷം അദ്ദേഹം പറഞ്ഞത് രാജ് മല്‍ഹോത്ര 90 ശതമാനം താന്‍ തന്നെയാണ് എന്നാണ്. 

ചിത്രത്തില്‍ കുറച്ച് ആക്ഷനോ വയലന്‍സോ വേണമെന്ന പക്ഷക്കാരനായിരുന്നു ഷാരൂഖ് എന്നാല്‍ സംവിധായകന്‍ ആദിത്യയ്ക്കും യഷ് ചോപ്രയ്ക്കും അതിനോട് താല്‍പര്യമില്ലായിരുന്നു. അതേസമയം ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ചെറിയൊരു സ്റ്റണ്ടും രക്തച്ചൊരിച്ചിലുണ്ടായിരുന്നു. പടം സൂപ്പര്‍ഹിറ്റായതിന് അല്‍പം രക്തം ചിന്തിയത് കൊണ്ടാണെന്നും ഷാരൂഖ് പറഞ്ഞിരുന്നു. ചിത്രം ആദ്യമായി കണ്ടതിന് പിന്നാലെ തന്നെ യഷ് ചോപ്രയോട് ഷാരൂഖ് പറഞ്ഞത് ഇതാണ് തന്റെ വിധി നിര്‍ണയിക്കുന്ന ചിത്രമെന്നാണ്. ഈ പ്രവചനം പോലെ തന്നെ ഷാറൂഖ് ഖാന്‍ ആ ചിത്രത്തോടെ ബോളിവുഡിലെ കിങ് ഖാനായി മാറി. ഷാറൂഖും കാജോളും എക്കാലത്തെയും മികച്ച പ്രണയ ജോടിയും. നിരവധി ചിത്രങ്ങളില്‍ പിന്നീട് ഇവര്‍ ഒന്നിച്ചു.

ചിത്രത്തിലെ പാട്ടുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. തുച്ഛേ ദേഖാ തോ യെ ജാനാ സനം എന്ന ഗാനം ഇന്നും യുവ മിഥുനങ്ങള്‍ ഏറ്റുപാടാറുണ്ട്. ഇന്ത്യയിലും വിദേശത്തും ചിത്രീകരിച്ച പാട്ടാണ് ഇത്. സ്വിറ്റ്‌സര്‍ലന്റില്‍ ഈ പാട്ട് ഷൂട്ട് ചെയ്ത സ്ഥലത്ത് ഇപ്പോഴും ഇവരുടെ കട്ടൗട്ട് കാണാം.

ചിത്രത്തിലെ രുക് ജാ ഓ ദില്‍ ദിവാനേ എന്ന പാട്ട് സീനില്‍ ടേബിള്‍ ക്ലോത്ത് വച്ചുള്ള ഡാന്‍സ് രംഗം ഒറ്റ ഷോട്ടിലാണ് ഷാരൂഖ് ഓക്കെയാക്കിയിരുന്നത്. കജോളിന്റെ മേകേ ഖാബോമേം ജോ ആയെ എന്ന ഗാനത്തില്‍ ഒരു കുഞ്ഞുപാവാടയിട്ടുളഅള കജോളിന്റെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സത്യത്തില്‍ ഈ പാവാടയ്ക്ക് ഏറെ നീളമുണ്ടായിരുന്നു. ഇത് സെറ്റില്‍ വച്ച് മുറിച്ച് ചെറുതാക്കിയപ്പോഴാകട്ടെ നന്നായി ചെറുതാകുകയും ചെയ്തു. എങ്കിലും പാട്ട് സീനില്‍ ഈ പാവാട തന്നെ ഉപയോഗിക്കുകയായിരുന്നു. ഇതേ ഗാനരംഗത്തില്‍ കജോള്‍ ടൗവലുടുത്തുള്ള സീനുമുണ്ടായിരുന്നു. ഇത് കാജോളിന് സമ്മതമായിരുന്നില്ല. എങ്കിലും അണിയറപ്രവര്‍ത്തകരുടെ അഭ്യര്‍ഥന മാനിച്ചാണ് താരം ഈ വേഷം ധരിച്ചത്. ഈ പാട്ടും സിനിമയ്‌ക്കൊപ്പം സൂപ്പര്‍ഹിറ്റായി.

സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു ഇതെങ്കിലും സംവിധായകനായ ആദിത്യ ചോപ്ര പോലും പറഞ്ഞത് ഇത് ക്ലീഷേ മൂവി എവര്‍ എന്നായിരുന്നു. എന്റെ സിനിമ വ്യത്യസ്തമല്ല പക്ഷേ ഏറ്റവും കൊമേഷ്യലായിട്ടുള്ള ക്ലീഷേ സിനിമയായിരിക്കുമിത്. പക്ഷേ സംഗതി സത്യമായിരുന്നു കാമുകിയെ കെട്ടാന്‍ കാമുകന്‍ ചെയ്യുന്ന കാര്യങ്ങളും ഒടുവില്‍ അവര്‍ ഒന്നാകുന്നതും ഒരു ആയിരം ചിത്രങ്ങളില്‍ നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. പക്ഷേ ചിത്രം ബോകസോഫീസ് ഹിറ്റാക്കാന്‍ ആദിത്യക്ക് കഴിഞ്ഞു.

ചിത്രം മുഴുവനായും നിയന്ത്രിച്ചിരുന്നത് സംവിധായകന്‍ ആദിത്യ ചോപ്ര തന്നെയായിരുന്നു. കജോള് സാറ്റിന്‍ സാരിയുടുക്കണമെന്നായിരുന്നു ആദിയുടെ നിര്‍ദ്ദേശം ഇതിനെ യഷും ഡാന്‍സ് മാസ്റ്ററായ സരോജ ഖാനും എതിര്‍ത്തിരുന്നു. എന്നാല്‍ സിനിമയിറങ്ങിയതിന് പിന്നാലെ സരോജ ആദിത്യയാണ് ശരിയെന്നും തന്റെ നിര്‍ദ്ദേശം തെറ്റായിരുന്നു എന്നും സമ്മതിച്ചിരുന്നു. ഷാരൂഖിന്റെ പിതാവായി അഭിനയിച്ച അനുപം ഖേര്‍ ഒരു വേള ആദിയുടെ അടുക്കലെത്തി അമരീഷ് പൂരിയുടെ റോളാണ് കുറച്ചുകൂടി വലുതെന്നും തനിക്ക് അത് തരണമെന്നും ആവശ്യപെട്ടെങ്കിലും പറ്റില്ലെന്നായിരുന്നു ആദിത്യ തറപ്പിച്ച് പറഞ്ഞത്. 

ചിത്രത്തിലെ പല ഭാഗങ്ങളും മലയാള സിനിമകള്‍ക്ക് പോലും സീനുകളായി. ദിലീപ് ചിത്രം പറക്കുംതളികയുടെയും ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേഗേയുടെയും ക്ലൈമാക്‌സ് ഒരുപോലെയാണ്. രാജ് ട്രയിനില്‍ പോകുമ്പോള്‍ ഉണ്ണികൃഷ്ണന്‍ കാമുകിയെ അച്ഛന്‍ വിടാത്ത സങ്കടത്തില്‍ താമരാക്ഷന്‍ പിള്ള ബസില്‍ പോകുന്നുവെന്നേ ഉള്ളൂ വ്യത്യാസം. മകളുടെ കണ്ണീര്‍ കണ്ട് മനസലിഞ്ഞ അച്ഛന്‍മാര്‍ കൈകള്‍ വിട്ട് മക്കളെ കാമുകനൊടൊപ്പം പോകാന്‍ അനുവദിക്കുന്നതോടെയാണ് ഇരുകഥകളും ശുഭപര്യവസാനമായത്. 

ബോളിവുഡില്‍ ഏറ്റവും വിജയകരമായി ഓടിയ സിനിമയാണ് ഡിഡിഎല്‍ജെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ച സിനിമയും ഇത് തന്നെ. മുംബൈയിലെ മറാത്താ മന്ദിര്‍ തിയേറ്ററില്‍ 2014 ഡിസംബര്‍ 12 ന് ചിത്രം ആയിരം ആഴ്ചകള്‍ പിന്നിട്ട് ചരിത്രം കുറിച്ചു. 25 വര്‍ഷം തികയുമ്പോഴും സിനിമ ഈ തീയറ്ററുകളില്‍ ഓടുകയാണ്. നിലവില്‍ ഒരു ഷോയാണ് ഡിഡിഎല്‍ജെയ്ക്ക് വേണ്ടി തീയറ്റര്‍ കളിക്കുന്നത്. 

രാജും സിമ്രാനും തമ്മിലുള്ള പ്രണയത്തിന്റെ അലയൊലികള്‍ 25 വര്‍ഷമായിട്ടും മാഞ്ഞിട്ടില്ല. ഇപ്പോഴും അവരുടെ പ്രണയം കണ്ട് അത് പോലെ പ്രണയിക്കാന്‍ കൊതിക്കുന്നവരാണ് ഇന്നത്തെ തലമുറ പോലും. ഷാരൂഖും ആദിത്യ ചോപ്രയുംം പിന്നീട് ഒന്നിച്ച മൊഹാബത്തേനും രബ് ദേ ബനാദി ജോഡിയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇതില്‍ രണ്ടിലും ഷാരൂഖിന്റെ പേരാകട്ടെ രാജെന്നും. വിഖ്യാത സംവിധായകന്‍ കരണ്‍ ജോഹര്‍ ഡിഡിഎല്‍ജെയുടെ സഹസംവിധായകനായിട്ടായിരുന്നു ബോളിവുഡിലേക്ക് അരങ്ങേറിയത്. പിന്നീട് ഷാരൂഖിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും കരണ്‍ സംവിധാനം ചെയ്തു. ദില്‍വാലെ തിയറ്ററില്‍ കണ്ട യുവാക്കള്‍ മധ്യവയസ്‌കരായി. എങ്കിലും ചിത്രം ഇന്നും ടിവിയില്‍ വന്നാല്‍ മക്കള്‍ക്കൊപ്പം തന്നെ കണ്ടാസ്വദിക്കാറുണ്ട് പലരും. കാല്‍ നൂറ്റാണ്ടിനിപ്പുറവും ഡിഡിഎല്‍ജെ ഒരു സിനിമയല്ല ഒരു ബ്രാന്‍ഡ് തന്നെയാണ് ഇപ്പോഴും. വീണ്ടും ഈ ടീമിന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന നിരവധി ആരാധകരുണ്ട്.

25 years of dilwale dulhania le jayenge

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES