Latest News

ഏണിപ്പടികള്‍, അസുരവിത്ത്, തുലാഭാരം, അശ്വമേധം, നിഴലാട്ടം, തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകന്‍; തൂവാനത്തുമ്പി അടക്കം ഉള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവ്‌; ആദ്യകാല ചലച്ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന നിര്‍മ്മാതാവ് പി സ്റ്റാന്‍ലി വിട പറയുമ്പോള്‍

Malayalilife
ഏണിപ്പടികള്‍, അസുരവിത്ത്, തുലാഭാരം, അശ്വമേധം, നിഴലാട്ടം, തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകന്‍; തൂവാനത്തുമ്പി അടക്കം ഉള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവ്‌; ആദ്യകാല ചലച്ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന നിര്‍മ്മാതാവ് പി സ്റ്റാന്‍ലി വിട പറയുമ്പോള്‍

പദ്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ നിര്‍മ്മാതാവും എഴുത്തുകാരനുമായ പി സ്റ്റാന്‍ലി അന്തരിച്ചു . ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം . മൂന്നു ദശാബ്ദക്കാലം മദ്രാസില്‍ സിനിമാരംഗത്ത് എ. വിന്‍സന്റ്, തോപ്പില്‍ ഭാസി എന്നിവര്‍ക്കൊപ്പം സഹസംവിധായകന്‍, കഥാകൃത്ത് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു ആളാണ് സ്റ്റാന്‍ലി.

വെളുത്ത കത്രീന, ഏണിപ്പടികള്‍, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ, അനാവരണം, പൊന്നും പൂവും തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ സഹസംവിധായകനായി. തൂവാനത്തുമ്പികള്‍, മോചനം, വരദക്ഷിണ, തീക്കളി എന്നിവ ഉള്‍പ്പെടെ നിരവധി സിനിമകളുടെ നിര്‍മ്മാതാവായിരുന്നു. രാജന്‍ പറഞ്ഞ കഥ, തോല്‍ക്കാന്‍ എനിക്കു മനസ്സില്ല, വയനാടന്‍ തമ്പാന്‍ തുടങ്ങിയ സിനിമകളുടെ വിതരണക്കാരനായി. 

കൊല്ലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പൊലിക്കാര്‍പ്പിന്റെ മകനായി 1944ല്‍ കൊല്ലത്ത് ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ക്രേവന്‍ സ്‌കൂളിലായിരുന്നു. മദ്രാസ് ഡോണ്‍ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ജേര്‍ണലിസവും, ഫിലിം ഡയറക്ഷനില്‍ പരിശീലനവും നേടി. 1965-ല്‍ കൊല്ലത്ത് സിതാര പ്രിന്റേഴ്സ് ആരംഭിച്ചു. 1966-ല്‍ മദ്രാസിലേക്ക് താമസം മാറ്റി. 1990-ല്‍ ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ സ്ഥിരതാമസമാക്കി. 

വാസ്തുകലാപീഠം' എന്ന കെട്ടിടനിര്‍മ്മാണ സ്ഥാപനത്തിന്റെ ഡയറക്ടറും, വാസ്തു കണ്‍സള്‍ട്ടന്റുമായിരുന്നു സ്റ്റാന്‍ലി. കനല്‍വഴിയിലെ നിഴലുകള്‍, മാന്ത്രികപ്പുരത്തിന്റെ കഥ. പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികള്‍, ഇന്ദ്രപ്രസ്ഥത്തിന്റെ ഇതിഹാസം എന്നീ നോവലുകളും, ഒരിട ത്തൊരു കാമുകി എന്ന കഥാസമാഹാരവും, വാസ്തുസമീക്ഷ എന്ന ശാസ്ത്ര പുസ്തകം, ഓര്‍മ്മകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിന്റെ അടിക്കുറിപ്പുകള്‍ എന്നീ ഓര്‍മ്മപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അഞ്ചു നോവലുകളും, ഒരു കഥാസമാഹാരവും അടക്കം ഏതാനും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഭാര്യ പരേതയായ സാലമ്മ സ്റ്റാന്‍ലി. മക്കള്‍: ഷൈനി ജോയി, ബെന്‍സണ്‍ സ്റ്റാന്‍ലി (മാനേജിങ് ഡയറക്ടര്‍, റിഫ്കണ്‍, സൗദി അറേബ്യ), സുനില്‍ സ്റ്റാന്‍ലി (കോ ഫൗണ്ടര്‍ ആന്റ് പ്രിന്‍സിപ്പല്‍ ആര്‍ട്ടിടെക്റ്റ്, ഇന്നര്‍ സ്‌പെസ് ഇന്റീരിയര്‍ ഡിസൈണ്‍ എല്‍എല്‍സി ദുബായ്). മരുമക്കള്‍: ജോയി, ഡോ. പര്‍വീണ്‍ മോളി, ബിനു സുനില്‍. പേരക്കിടാങ്ങള്‍: ജോയല്‍ ജോയി, അമൃത ജോയി, ഡോ. അലക്‌സസിയ ബെന്‍സണ്‍, ആരോണ്‍ ബെന്‍സണ്‍, അജയ് സുനില്‍. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് മുട്ടട ഹോളിക്രോസ് ചര്‍ച്ചില്‍.

p stanley passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES