ഒരു കുപ്രസിദ്ധ പയ്യന്‍' കണ്ടിറങ്ങിയവര്‍ ഉള്ളില്‍ എന്തെന്നില്ലാത്ത ഒരു നീറ്റലുമായാവാം തിരികെ പോന്നത്. കാരണം, അത് ഇന്നിന്റെ കഥയായിരുന്നു. നാളെ എനിക്കോ നിങ്ങള്‍ക്കോ സംഭവിക്കാവുന്ന കഥയായിരുന്നു. അത്തരത്തിലുള്ള തോന്നലുകളായിരുന്നു സിനിമ കണ്ടിറങ്ങുന്ന മിക്കവരുടെയും ഉള്ളില്‍. എങ്കില്‍ അവരറിയാന്‍, ഇത് വെറും കഥയല്ല, ഹോട്ടല്‍ ജീവനക്കാരനായ ജയേഷ് എന്ന അനാഥനായ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിച്ച കഥയാണ്. മധുപാല്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ടൊവീനോ തോമസാണ് ജയേഷിന്റെ വേഷം അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത ടൊവീനോയുടെ മാസ്മരിക പ്രകടനത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിച്ചത്. സിനിമയില്‍ അജയനെന്ന കഥാപാത്രത്തിന് ശുഭജീവിതത്തിലേക്ക് തിരിച്ചു വരാനായെങ്കിലും ജയേഷിന് ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് കൂടുതല്‍ മാനസികപീഡകളുടേതായിരുന്നു. കൊലപാതകിയെന്ന പേര് കോടതി വിധിയ്ക്കും മാച്ചു കളയാനായില്ല. എല്ലാ ജീവിത മേഖലകളില്‍ നിന്നും ജയേഷ് മാറ്റി നിര്‍ത്തപ്പെട്ടു. പല കേസുകളുടെ പേരില്‍ പൊലീസുകാരാല്‍ വീണ്ടും വേട്ടയാടപ്പെട്ടു. അനാഥത്വവും ഒറ്റപ്പെടലുമായി ജയേഷിന്റെ ജീവിത കഥ തുടരുന്നു.
പൊലീസ് സ്റ്റേഷനില്‍ ക്രൂരമായ മര്‍ദ്ദനത്തിനാണ് ജയേഷിനെ വിധേയനാക്കിയത്. കുറ്റം ഏല്‍ക്കാന്‍ അര്‍ദ്ധനഗ്‌നനാക്കി ജയേഷിനെ പൊലീസുകാര്‍ തലകീഴായി കെട്ടിത്തൂക്കി അടിച്ചു. തന്നെ കൊന്നാലും കുറ്റം ഏല്‍ക്കില്ല എന്ന നിലപാടിലായിരുന്നു ജയേഷ്. പിന്നീട് കേസ് കോടതിയിലെത്തിയപ്പോള്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കോടതിയ്ക്ക് മനസിലായതോടെയാണ് ജയേഷിനെ വെറുതെ വിടുന്നത്. നിരപരാധിയെ കേസിലേക്ക് വഴിച്ചിഴച്ചതിന് ജയേഷിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും തെളിവുകള്‍ കെട്ടിച്ചമച്ചതിന് അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു കോടതി നിര്‍ദ്ദേശം. തന്റെ ജീവിതം സിനിമയായതോ ഒന്നും രാജേഷ് അറിഞ്ഞിരുന്നില്ല. അറിഞ്ഞെത്തി സിനിമ കണ്ടിറങ്ങിയ ജയേഷ് പൊട്ടിക്കരയുകയായിരുന്നു. എന്തൊക്കെയോ പറയാനുണ്ടായിരുന്നത് കരച്ചിലില്‍ പൂണ്ടു പോയി.
പൊലീസുകാരാല്‍ കുറ്റം ചാര്‍ത്തപ്പെട്ട് നരകയാതന അനുഭവിച്ച് അവസാനം കുറ്റക്കാരനല്ലെന്ന് തെളിഞ്ഞ് വെറുതേ വിട്ട ജയേഷിന്റെ കഥ. കോഴിക്കോട്ടെ വട്ടക്കിണറില്‍ താമസിച്ചിരുന്ന കച്ചവടക്കാരി സുന്ദരിയമ്മയുടെ മരണവും തുടര്‍ന്നുണ്ടായിരുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന് ആധാരം. സുന്ദരിയമ്മ കൊലക്കേസു'മായി ബന്ധപ്പെട്ടാണ് ജയേഷ് എന്ന ചെറുപ്പക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. താനല്ല അത് ചെയ്തതെന്ന് നൂറുവട്ടം ജയേഷ് കേണപേക്ഷിച്ച് പറഞ്ഞതാണ്. പക്ഷേ ഒരു പ്രതിയെ ആവശ്യമായരുന്ന പൊലീസ് ആ നിലവിളി വിലക്കെടുത്തില്ല. യഥാര്‍ത്ഥ പ്രതിയെ ഒഴിവാക്കി മറ്റൊരു കൊലപാതകിയെ സൃഷ്ടിക്കുകയായിരുന്നു പൊലീസ്. ജയേഷിനെ അറിയുന്നവര്‍ പലരും ജയേഷ് നിരപരാധിയാണെന്ന് പറഞ്ഞിട്ടും അവരെ കൂട്ടുപ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പൊലീസ് വായടപ്പിക്കുകയായിരുന്നു.