അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ദി റൂളിന്റെ നിര്‍മാതാക്കളുടെയും, ഗെയിം ചേയ്ഞ്ചര്‍ എന്ന സിനിമയുടെ നിര്‍മ്മാതക്കളുടെയും വസിതകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. പ്രൊഡ്യൂസര്‍മാരായ മൈത്രി മൂവി മേക്കേഴ്സിന്റെ വസതികളിലാണ് റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പ് നടന്നുവെന്ന സംശയത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. നവീന്‍ യെര്‍നേനി, യാലമഞ്ചിലി രവി ശങ്കര്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.
പുഷ്പ 2 ദി റൂള്‍ കൂടാതെ, ജനത ഗാരേജ്, പുഷ്പ: ദി റൈസ് എന്നിവയുള്‍പ്പെടെ നിരവധി സിനിമകള്‍ മൈത്രി പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിച്ചിട്ടുണ്ട്. നവീന്‍ യേര്‍നേനിയും രവിശങ്കറുമാണ് നിലവില്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമകള്‍. അതേസമയം, ഈ അടുത്തിറങ്ങിയ റാം ചരണ്‍ ചിത്രമായ ഗെയിം ചേയ്ഞ്ചര്‍ നിര്‍മാതാക്കളുടെ വീട്ടിലും റെയ്ഡ് നടന്നു. നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഓഫീസിലും ഉള്‍പ്പെടെ ഹൈദരാബാദിലെ എട്ട് കേന്ദ്രങ്ങളിലായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന.
ദില്‍ രാജുവിന്റെ മകള്‍ ഹന്‍ഷിത റെഡ്ഡി, സഹോദരന്‍ സിരിഷ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടന്നതായാണ് വിവരം. അതേസമയം, റെയ്ഡിന്റെ മറ്റുവിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ശ്രീവെങ്കടേശ്വര ക്രിയേഷന്‍സ്' ഉടമയും തെലുഗു സിനിമയിലെ പ്രമുഖ നിര്‍മാതാവുമാണ് ദില്‍ രാജു. അടുത്തിടെയാണ് തെലങ്കാന സര്‍ക്കാര്‍ ഇദ്ദേഹത്തെ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചത്.-