Latest News

ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെയും മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ്; ദുല്‍ഖറിന്റെ ഡിഫന്‍ഡറുള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു; മമ്മൂട്ടിയുടെ വാഹന ഗാരേജിലെത്തിയും പരിശോധിച്ചു ഉദ്യോഗസ്ഥര്‍; കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 11 ഭൂട്ടാന്‍ വാഹനങ്ങള്‍

Malayalilife
 ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെയും മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ്; ദുല്‍ഖറിന്റെ ഡിഫന്‍ഡറുള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു; മമ്മൂട്ടിയുടെ വാഹന ഗാരേജിലെത്തിയും പരിശോധിച്ചു ഉദ്യോഗസ്ഥര്‍; കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 11 ഭൂട്ടാന്‍ വാഹനങ്ങള്‍

ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന പരിശോധനയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഡിഫന്‍ഡറുള്‍പ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. രാവിലെ മുതല്‍ ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നു. മമ്മൂട്ടിയുടെ എളംകുളത്തെ വീട്ടിലും സംഘം പരിശോധനയ്ക്കെത്തി. ഭൂട്ടാന്‍ സൈന്യത്തിന്റെ വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കസ്റ്റംസ് പരിശോധന പുരോഗമിക്കുന്നത്. 

കൊച്ചിയില്‍ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വീടുകളിലും മമ്മൂട്ടിയുടെ വീട്ടിലും കസ്റ്റംസ് എത്തി. അമിത് ചക്കാലയ്ക്കലിന്റെ തൃശൂരിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കോഴിക്കോട് തൊണ്ടയാട് റോഡ് വേയ്സ് കാര്‍ ഷോറൂമിലും മുക്കത്തുമാണ് കസ്റ്റംസ് പരിശോധന. കൊച്ചിയില്‍ നടന്‍ മമ്മൂട്ടിയുടേയും മകനും നടനും നിര്‍മ്മാതാവുമായ ദുല്‍ഖറിന്റെയും വീടുകളിലായി മൂന്നിടത്താണ് കസ്റ്റംസ് പരിശോധന നടത്തിയത്. 

എളംകുളത്തെയും എളമക്കരയിലെയും ദുല്‍ഖറിന്റെ വീട്ടിലും മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലുമാണ് പരിശോധന. ഇതില്‍ എളമക്കരയിലെ വീട്ടില്‍ നടത്തിയ പരിശോധന അവസാനിച്ചു. മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട് കസ്റ്റംസ് എത്തുമ്പോള്‍ പൂട്ടികിടക്കുകയായിരുന്നു. നിലവില്‍ ഹോംസ്റ്റേയായി വാടകയ്ക്ക് നല്‍കുന്ന വീടാണിത്. അതിനാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അകത്ത് കയറാനായില്ല. പിന്നീട് തൊട്ടടുത്തുള്ള മമ്മൂട്ടിയുടെ വാഹന ഗാരേജിലെത്തി ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പരിശോധിച്ചു. 

അഞ്ചു ജില്ലകളിലായി നടത്തിയ പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഭൂട്ടാനില്‍ നിന്നെത്തിച്ച 20 വാഹനങ്ങള്‍ കേരളത്തില്‍ വിറ്റുവെന്നും ഇതില്‍ 11 എണ്ണം കണ്ടെത്തിയെന്നുമാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും വാഹനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇടനിലക്കാരുടെ വീടുകളിലും പരിശോധന പുരോഗമിക്കുകയാണ്. ഓപ്പറേഷന്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി കസ്റ്റംസ് കമ്മീഷണര്‍ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. 

മലയാള സിനിമ താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി തുടങ്ങുന്നത്. 

കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വ്യവസായികളും ഇത്തരത്തില്‍ നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്നിട്ടുള്ള വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഭൂട്ടാന്‍ ആര്‍മിയും മറ്റും ഉപേക്ഷിച്ച വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഭൂട്ടാനില്‍ നിന്ന് സൈന്യം ലേലം ചെയ്ത എസ്യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയായിരുന്നു. 

ഭൂട്ടാനില്‍ നിന്നും ഇറക്കുമതി തീരുവ നല്‍കാതെയാണ് ഏജന്റുമാര്‍ വാഹനം കടത്തിയത്. മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇന്ത്യയിലേക്ക് എത്തിച്ച വാഹനം ഷിംല റൂറല്‍ എന്ന ആര്‍ടിഒയ്ക്ക് കീഴിലാണ് റജിസ്റ്റര്‍ ചെയ്യുന്നത്. ഇന്ത്യന്‍ വാഹനമായി റജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാണ് ഇന്ത്യയിലെ വില്‍പ്പന. എച്ച്.പി 52 എന്ന റജിസ്ട്രേഷന്‍ നമ്പറിലാണ് വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ വാഹനം കേരളത്തിലെത്തിച്ച് പത്തു ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത്തരത്തില്‍ കൊള്ള ലാഭമാണ് ഓരോ വാഹന വില്‍പ്പനയിലും ഇടനിലക്കാര്‍ സമ്പാദിക്കുന്നത്. ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങള്‍ രാജ്യത്ത് പലയിടങ്ങളിലായി വിറ്റഴിച്ചുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിപുലമായ അന്വേഷണമാണ് കസ്റ്റംസ് നടത്തിയത്. ശേഖരിക്കപ്പെട്ട വിവരങ്ങളില്‍ നിന്നുമാണ് ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഈ വാഹനങ്ങള്‍ വാങ്ങിയ വിവരം കണ്ടെത്തിയത്.

operation numkhar DQ

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES