മൂന്നു മാസം മുമ്പാണ് നടി നിമിഷാ സജയന്റെ അച്ഛന്‍ മരണത്തിനു കീഴടങ്ങിയത്. നടിയേയും കുടുംബത്തേയും കണ്ണീരിലാഴ്ത്തിയ ആ വാര്‍ത്തയുടെ വേദനയില്‍ നിന്നും മറികടന്നു മുന്നോട്ടു നീങ്ങിയ കുടുംബം ഇപ്പോഴിതാ, ഒരു സന്തോഷ നിമിഷത്തിന്റെ നെറുകയിലാണ്. അച്ഛന്‍ ഏറ്റവും അധികം കാണാന്‍ ആഗ്രഹിച്ച, കൊതിച്ച നിമിഷം കൈപ്പിടിയിലൊതുക്കിയതിന്റെ ആഹ്ലാദത്തിലാണ് നിമിഷാ സജയനും അമ്മയും സഹോദരിയും ഒക്കെയുള്ളത്. ഇതു കാണാന്‍ അച്ഛനില്ലല്ലോ എന്ന സങ്കടമുണ്ടെങ്കിലും അച്ഛന്‍ ആഗ്രഹിച്ചതു പോലെ പുത്തന്‍ വീടിന്റെ പാലുകാച്ച് അടുത്ത സുഹൃത്തുക്കളേയും പ്രിയപ്പെട്ടവരെയും ചേര്‍ത്തുപിടിച്ച് ആഘോഷമാക്കുകയായിരുന്നു നിമിഷ. അതിന്റെ ചിത്രങ്ങളും അമ്മയുടെ നിറസന്തോഷത്തിന്റെ നിമിഷങ്ങളുമാണ് നടി പങ്കുവച്ചിരിക്കുന്നത്.
നിമിഷ സജയന്‍ മലയാളിയാണെങ്കിലും ജനിച്ചതും വളര്‍ന്നതും എല്ലാം മുംബൈയിലാണ്. മുംബൈ താനെ ജില്ലയിലെ അംബര്‍നാഥിലാണ് അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന നടിയുടെ കുടുംബം താമസിച്ചിരുന്നത്. അവിടുത്തെ ക്ലാസിക് അപ്പാര്‍ട്ടുമെന്റില്‍ ഇണക്കവും പിണക്കങ്ങളും ഒക്കെയായി താമസിച്ചിരുന്ന ആ ചെറിയ കുടുംബത്തെ തേടി അപ്രതീക്ഷിത ദുരന്തവാര്‍ത്തയായിരുന്നു ജനുവരി മാസത്തില്‍ എത്തിയത്. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അച്ഛനെ എങ്ങനെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു നടിയും കുടുംബവും. എന്നാല്‍ അതിനിടെയാണ് മരണം വിളിച്ചത്.
63-ാം വയസ്സിലാണ് നടിയുടെ അച്ഛന്റെ മരണം സംഭവിച്ചത്. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. നാട്ടില്‍ കൊല്ലം കടയ്ക്കല്‍ സ്വദേശിയായ സജയന്‍ വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ വളരെ ചെറുപ്പത്തില്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി മുംബൈയിലെത്തിയിരുന്നു. തുടര്‍ന്ന് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്‌ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസിച്ചിരുന്നത്. എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സജയന്‍ മുംബൈയില്‍ രോഗബാധിതനായതോടെ പൂര്‍ണമായും വിശ്രമത്തിലേക്ക് നീങ്ങിയിരുന്നു.
എന്നാല്‍ നിമിഷ ഇപ്പോള്‍ പുതിയ വീട് സ്വന്തമാക്കിയത് കൊച്ചിയിലാണ്. നടിയുടെ ഏറ്റവും അടുത്ത സുഹൃത്തായ അനു സിതാരയും നടന്‍ ഗണപതിയും എല്ലാം ചടങ്ങില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. ജനനി എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. ചടങ്ങിന് മെറൂണ്‍ സാരിയുടുത്ത് കയ്യില്‍ കുപ്പി വളകളിട്ട് നാടന്‍ സുന്ദരിയായി നിമിഷ ഒരുങ്ങിയപ്പോള്‍ പച്ച കുര്‍ത്തയണിഞ്ഞ അമ്മ ബിന്ദുവിന്റെ തലയില്‍ മുല്ലപ്പൂ വച്ചു കൊടുക്കുന്ന നിമിഷയേയും അതു നോക്കിനില്‍ക്കുന്ന അനുവിനേയും എല്ലാം ചിത്രങ്ങളില്‍ കാണാം. മകള്‍ സിനിമയില്‍ തിളങ്ങുന്നതെല്ലാം അഭിമാനത്തോടെ കണ്ട അച്ഛനായിരുന്നു സജയന്‍. മകള്‍ക്ക് എല്ലാ പിന്തുണയും അദ്ദേഹം നല്‍കിയിരുന്നു.
പഠനകാലത്തു തന്നെ കലാകായികരംഗങ്ങളില്‍ നിമിഷ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിക്കാന്‍ തുടങ്ങിയ നിമിഷ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൊറിയന്‍ ആയോധനകലയായ തായ്‌കൊണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നു. തായ്‌കൊണ്ടോയില്‍ ദേശീയ തലത്തില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കോളേജില്‍ വോളിബോള്‍, ഫുട്‌ബോള്‍ ടീമുകളുടെ ക്യാപ്റ്റന്‍ ആയിരുന്നു. ഇതിനെല്ലാം പിന്തുണ നല്‍കിയത് അച്ഛന്‍ സജയനും അമ്മ ബിന്ദുവും ആയിരുന്നു. തുടര്‍ന്ന് മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദപഠനം തുടരുന്നതിനിടയിലാണ് ഒരു ഇടവേളയെടുത്ത് കൊച്ചിയില്‍ അഭിനയ പരിശീലനത്തിനായി ചേര്‍ന്നത്. ഇക്കാലത്താണ് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തില്‍ അഭിനയിക്കുവാന്‍ അവസരം ലഭിച്ചത്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ്‌സും ലഭിച്ചു. അതിനു ശേഷം നിമിഷയെ തേടിയെത്തിയത് നിരവധി മികച്ച കഥാപാത്രങ്ങളാണ്. മകളുടെ സിനിമാ ജീവിതത്തിന് ഒപ്പം നില്‍ക്കവെയാണ് ജയന് സുഖമില്ലാതായതും ചികിത്സകള്‍ക്കൊടുവില്‍ മരണത്തിന് കീഴടങ്ങിയതും. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ അംബര്‍നാഥ് വെസ്റ്റിലെ മുന്‍സിപ്പല്‍ പൊതു ശ്മശാനത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ: ബിന്ദു സജയന്‍, നീതു സജയന്‍ എന്ന മകള്‍ കൂടിയുണ്ട്.