മലയാള സിനിമാ രംഗത്തെ ഞെട്ടിച്ച് മോട്ടോർ വാഹനവകുപ്പിന്റെ കാരവൻ വേട്ട. കളമശേരിയിലെ വില്ലാ സമുച്ചയത്തിലെ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ഇന്നലെ രാത്രി മൂന്നു കാരവനുകളാണ് മോട്ടോർവാഹനവകുപ്പ് പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. മൂന്നു കാരവനുകളിൽ നിന്നായി രണ്ടു ലക്ഷം രൂപയോളമാണ് പിഴ ഈടാക്കിയത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലൗ ആക്ഷൻ ഡ്രാമയെന്ന സിനിമയുടെ സെറ്റിൽ നിന്നാണ് മൂന്ന് കാരവാനും പിടിച്ചത്. തെന്നിന്ത്യൻ സൂപ്പർ താരം നയൻ താരയ്ക്കും നിവിൻ പോളിക്കും കൊണ്ടു വന്നതാണ് രണ്ട് കാരവാനുകൾ. മൂന്നാമത്തേത് സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസനും.
മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിംഗിനും കൊച്ചി ആർടിഒയ്ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടന്നത്. റെയ്ഡ് സിനിമാലോകത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. ഒട്ടനവധി ഷൂട്ടിംഗുകൾ ആണ് ഇപ്പോൾ കേരളത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. താരങ്ങൾക്ക് വേണ്ടി കാരവനുകൾ ഈ ലൊക്കേഷനുകളിൽ കാത്ത് കെട്ടി കിടക്കുന്നുമുണ്ട്. അതിനാലാണ് മോട്ടോർ വാഹനവകുപ്പ് തങ്ങളെ തേടി എത്തുമോ എന്ന് നിർമ്മാതാക്കളും കാരവൻ ഉടമകളും ഭയക്കുന്നത്. ഇപ്പോൾ ലൊക്കേഷനിൽ താരങ്ങൾ വിശ്രമിക്കുന്നതും വസ്ത്രധാരണം നടത്തുന്നതുമെല്ലാം കാരവൻ കേന്ദ്രീകരിച്ചാണ്. അതിനാൽ പിടിവീഴുമോ എന്നാണ് സിനിമാ ലോകത്തിന്റെ ഭയം.
മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് ഇന്നലെ രാത്രി എത്തുമ്പോൾ മൂന്നു കാരവനുകളും വില്ലാ സമുച്ചയത്തിൽ ഒതുക്കി നിർത്തിയ അവസ്ഥയിലായിരുന്നു. ഡ്രൈവർമാരും, ക്രൂവും മാത്രമാണ് അപ്പോൾ കാരവനിലുണ്ടായിരുന്നത്. വില്ലയിൽ രാത്രി സീനുകൾ ചിത്രീകരിക്കുകയായിരുന്നു. വില്ലാ അധികൃതരെ വിളിച്ച് അകത്ത് കടന്നാണ് സ്‌ക്വാഡ് ഉള്ളിൽ കടന്നത്. ഒരു തമിഴ്‌നാട് രജിസ്ട്രേഷനും രണ്ടു കേരളാ രജിസ്ട്രേഷൻ കാരവനുകളുമാണ് പിടിച്ചത്. തമിഴ്‌നാട് രജിസ്ട്രേഷൻ നയൻതാരയ്ക്ക് വേണ്ടിയാണ് എത്തിയത്. ഒരു കാരവൻ 19 സീറ്റുള്ള വാൻ ആയിരുന്നു. അത് രൂപമാറ്റം വരുത്തി കാരവൻ ആക്കുകയാണ് ചെയ്തത്. ഈ വാഹനത്തിനു ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ടാക്‌സ് ചുമത്തി. രണ്ടു വര്ഷമായുള്ള ടാക്‌സ് തന്നെ ഇത്രയും തുക വരും.
കേരളാ രജിസ്ട്രേഷൻ ഉള്ള ഒരു വണ്ടി കാരവൻ ആയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പക്ഷെ അത് ടാക്‌സി രജിസ്ട്രേഷൻ അല്ല. പ്രൈവറ്റ് രജിസ്ട്രേഷൻ ആണ്. അത് വാടകയ്ക്ക് നൽകിയതിനാൽ 10000 രൂപ പിഴയിട്ടു. തമിഴ്‌നാട് കാരവന് 40000 രൂപ ടാക്സും 10000 രൂപ പിഴയും ചുമത്തി. തമിഴ്‌നാട് രജിസ്ട്രേഷൻ വാഹനങ്ങൾ കേരളത്തിൽ വാടകയ്ക്ക് നൽകുന്നത് നിയമവിരുദ്ധമായതിനാലാണ് പിഴയും ടാക്സും ചുമത്തിയത്. മാനേജരെ വിളിച്ചു വരുത്തിയപ്പോൾ ഫൈൻ അപ്പോൾ തന്നെ അടയ്ക്കാം എന്ന് കാരവൻ അധികൃതർ അറിയിച്ചു. ഇതോടെ പിഴ ഈടാക്കി വണ്ടികൾ വിട്ടുനൽകുകയായിരുന്നു. മുൻപും ഇതേ സ്‌ക്വഡ് കൂടുതൽ കാരവനുകൾ പിടികൂടിയിട്ടുണ്ട്. കേരളത്തിൽ ഓടിക്കൊണ്ടിരുന്ന ഒരു കാരവൻ മഹാരാഷ്ട്രാ രജിസ്ട്രേഷൻ കാരവനായിരുന്നു. അത് പിന്നെ മോട്ടോർ വാഹനവകുപ്പ് തന്നെ നിർദ്ദേശം നൽകി കേരളാ രജിസ്ട്രേഷൻ ആക്കി മാറ്റി. പിന്നീട് അത് ടാക്‌സിയാക്കി മാറ്റുകയും ചെയ്തു.
പഴയ വണ്ടികൾ ഇനി കാരവൻ ആയി ഓടിക്കാൻ സാധിക്കില്ല. പുതിയ വണ്ടികൾക്ക് മാത്രമേ കാരവൻ രൂപമാറ്റത്തിനു നിയമപരമായി സാധുതയുള്ളൂ. പിടിക്കപ്പെടാതെ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഒട്ടനവധി കാരവനുകൾ ഇപ്പോഴും ഓടുന്നുണ്ട്. രഹസ്യ വിവരം ലഭിക്കുമ്പോൾ മാത്രമേ മോട്ടോർ വാഹനവകുപ്പ് സ്‌ക്വാഡുകൾ റെയിഡിന് എത്തുന്നുള്ളൂ. പിടിക്കപ്പെട്ടാൽ തന്നെ ചെറിയ ഫൈൻ അടച്ച് രക്ഷപ്പെടുകയാണ് പതിവ്. തമിഴ്‌നാട് രജിസ്ട്രേഷൻ വാഹനങ്ങളാണ് കൂടുതൽ കാരവൻ ആയി മാറുന്നത്. അവിടെ പെട്ടെന്നു അനുമതി ലഭിക്കും. കൂടുതൽ ഷൂട്ടിങ് നടക്കുന്നതും തമിഴ്‌നാടാണ്. അതിനാൽ കാരവൻ കൂടുതൽ തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ഉള്ളത്- ഇന്നലെ കൊച്ചിയിൽ കാരവനുകൾ പിടികൂടിയതിന് നേതൃത്വം നൽകിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൽദോ വർഗീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
പുതിയ വണ്ടികൾ കാരവൻ ആയി രജിസ്റ്റർ ചെയ്യാം. പക്ഷെ അതിനു ടാക്‌സി പെർമിറ്റ് എടുത്തിരിക്കണം. എന്നാൽ മാത്രമേ വാടകയ്ക്ക് ഓടാൻ കഴിയൂ-എൽദോ വർഗീസ് പറയുന്നു. എൽദോ വർഗീസിനെ കൂടാതെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോസഫ് ചെറിയാൻ, സ്മിതാ വർഗീസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഏക്.എക്‌സ് നിബി, പി.ജെ.അനീഷ്, എസ്.സതീഷ് എന്നിവരടങ്ങിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കാരവനുകൾ പിടിച്ചത്.
കാരവനുകൾ അടക്കമുള്ള നിയമലംഘനം നടത്തുന്ന കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. വരും നാളുകളിലും കൂടുതൽ സ്‌ക്വാഡുകൾ റെയിഡിന് സജ്ജമായി രംഗത്തുണ്ടാകും.