Latest News

സിനിമ ഉപേക്ഷിച്ച് വിദേശത്ത് പോയ തിരികെയെത്തിച്ചത് ബ്ലസ്സി ചേട്ടന്‍; ഭ്രമരം റിലിസ് ചെയ്ത് 10 വര്‍ഷം പിന്നിടുമ്പോള്‍ സംവിധായകന്‍ ബ്ലസിക്ക് നന്ദി പറഞ്ഞ് മുരളി ഗോപിയുടെ കുറിപ്പ്

Malayalilife
 സിനിമ ഉപേക്ഷിച്ച് വിദേശത്ത് പോയ തിരികെയെത്തിച്ചത് ബ്ലസ്സി ചേട്ടന്‍; ഭ്രമരം റിലിസ് ചെയ്ത് 10 വര്‍ഷം പിന്നിടുമ്പോള്‍ സംവിധായകന്‍ ബ്ലസിക്ക് നന്ദി പറഞ്ഞ് മുരളി ഗോപിയുടെ കുറിപ്പ്

മോഹൻലാൽ-ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഭ്രമരം' ചിത്രം പുറത്തിറങ്ങിയിട്ട് പത്ത് വർഷം ഇന്നലെ തികഞ്ഞു. 2009 ജൂൺ 25നാണ് ചിത്രം റിലീസിനെത്തുന്നത്. തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയെ സംബന്ധിച്ചടത്തോളം 'ഭ്രമരം' സിനിമ മറക്കാനാകാത്ത അനുഭവമാണ്. 

മുരളി ഗോപി എന്ന തിരക്കഥാകൃത്തിനെ മലയാള സിനിമാ ലോകം തിരിച്ചറിഞ്ഞ വർഷം എന്ന് വിശേഷിപ്പിക്കാവുന്ന അദ്ദേഹം തിരക്കഥ എഴുതിയ ലൂസിഫർ ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകരും. ഇപ്പോഴിതാ മോഹൻലാൽ-ബ്ലെസി കൂട്ടുകെട്ടിൽ പിറന്ന ഭ്രമരത്തെ കുറിച്ചും സിനിമ ഉപേക്ഷിച്ച് പോയ തന്നെ തിരികെ വിളിച്ച ബ്ലസിയെക്കുറിച്ചും മുരളി ഗോപി എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഭ്രമരം' തിയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകൾ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടൻ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്.

തിരുവനന്തപുരത്തെ മാസ്‌ക്കോട്ട് ഹോട്ടലിൽ ഇരുത്തി അദ്ദേഹം, എന്നെ ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു. 'ഭ്രമരത്തിൽ' ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സിൽ കണ്ടതെന്നും അത് ഞാൻ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. ''ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?'' എന്ന ചോദ്യത്തിന് ''വേണം'' എന്ന ഒറ്റ വാക്കിൽ മറുപടി.

ആ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിറഞ്ഞു നിന്ന സർഗാത്മകതയുടെയും സ്‌നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നിൽ ''എന്നാൽ ശരി'' എന്ന് മാത്രമേ പറയാനായുള്ളൂ. ഇന്നും നടിക്കുന്ന ഓരോ ഷോട്ടിന് മുൻപും എഴുതുന്ന ഓരോ വാക്കിന് മുൻപും, മനസ്സിൽ താനേ കുമ്പിടുന്ന ഓർമ്മകളിലും ശക്തികളിലും ഒന്ന് ബ്ലെസ്സിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്.

'ഞാൻ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാൻ അല്ലെങ്കിൽ മറ്റൊരാൾ, അത്രേയുള്ളൂ...'' എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. പക്ഷെ, വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം...ഗുരുവായാണ്. നന്ദി, ബ്ലെസ്സിയേട്ടാ..

ദിലീപിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത് 2004ൽ പുറത്തെത്തിയ 'രസികനി'ലൂടെ തിരക്കഥാകൃത്തായാണ് മുരളി ഗോപിയുടെ സിനിമാ പ്രവേശം. എന്നാൽ ആദ്യശ്രമം തീയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധ നേടാത്തതിനെത്തുടർന്ന് സിനിമയിൽ നിന്ന് ഒരിടവേള എടുത്ത് ഒരു വിദേശജോലിയുമായി കഴിയുകയായിരുന്നു അദ്ദേഹം. തിരക്കഥാകൃത്തായല്ല, നടനായായിരുന്നു അഞ്ച് വർഷത്തിന് ശേഷമുള്ള മടങ്ങിവരവ്, ബ്ലെസി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഭ്രമരത്തിലൂടെ. 2009 ജൂൺ 25നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.

murali gopi fb post about bhramanam and blessy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES