മലയാള സിനിമയ്ക്ക് ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച കോമ്പോ ആണ് മുകേഷ്-ഇന്നസെന്റ് കൂട്ടുകെട്ട്. റാംജിറാവ് സ്പീക്കിങ്ങ്' , ' മാന്നാര്‍ മത്തായി സ്പീക്കിങ്ങ്' തുടങ്ങിയ ചിത്രങ്ങളെല്ലാം ഉദാഹരണങ്ങളാണ്. ഇന്നസെന്റിന്റെ വേര്‍പാടോടെ ഇനി ആ കോമ്പോ ഒരിക്കല്‍ കൂടി സ്‌ക്രീന്‍ കാണാന്‍ കഴിയില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു പ്രേക്ഷകര്‍.
എന്നാല്‍ ഇതാ ഫിലിപ്സ് എന്ന റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ മലയാള സിനിമയിലൂടെ മലയാളികള്‍ക്ക് ഒരിക്കല്‍ കൂടി മുകേഷിനെയും ഇന്നസെന്റിനെയും ഒരുമിച്ച് കാണാന്‍ സാധിക്കും. ഇന്നസെന്റിന്റെ വേര്‍പാട് സംഭവിച്ച് എട്ട് മാസം പിന്നിടുമ്പോഴാണ് ഇന്നസെന്റ് അവസാനമായി അഭിനയിച്ച ഒരു സിനിമ റിലീസിന് എത്തുന്നത്.
ഇന്ന് തിയേറ്ററുകളിലെത്തുന്ന ഫിലിപ്സ് സിനിമ കാണാന്‍ ക്ഷണിച്ച് ആരാധകര്‍ക്ക് മുകേഷ് എഴുതിയ കത്തില്‍ ഇന്നസെന്റിനെ കുറിച്ച് എഴുതിയ വരികളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് ഒട്ടനവധി പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും തന്റെ ചിന്തകള്‍ക്കും അഭിരുചികള്‍ക്കും സമാനമായ ഒരാള്‍ ഇന്നസെന്റ് ആയിരുന്നുവെന്നാണ് കത്തില്‍ മുകേഷ് കുറിച്ചത്.
'നമസ്‌കാരം ഞാന്‍ നിങ്ങളുടെ സ്വന്തം മുകേഷ്... നാല്‍പത്തൊന്ന് വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഗോപാലകൃഷ്ണനും മഹാദേവനും മാട്ടുപ്പെട്ടി മച്ചാനും ഒക്കെയായി മുന്നൂറ് വേഷങ്ങള്‍ ഞാന്‍ ഫിലിപ്സിലൂടെ പൂര്‍ത്തിയാക്കുകയാണ്. എന്റെ ഈ അഭിനയ യാത്രയില്‍ എന്റെ ഏറ്റവും വലിയ നേട്ടം എന്നും നല്ല സൗഹൃദങ്ങളും മധുരിക്കുന്ന ഓര്‍മകളുമാണ്.
എല്ലാവരും പ്രിയപ്പെട്ടവരായിരുന്നെങ്കിലും എന്റെ ചിന്തകള്‍ക്കും അഭിരുചികള്‍ക്കും എന്നും സമാനമായ ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടന്‍. അക്കരെ നിന്നൊരു മാരനില്‍ തുടങ്ങിയ സ്നേഹവും അടുപ്പവും കളി തമാശകളുമൊക്കെ ഫിലിപ്സ് വരെ എന്നും എന്റെ ഓര്‍മയില്‍ തിളങ്ങി നില്‍ക്കുന്നതാണ്. ഒരിക്കല്‍ കൂടി ഞങ്ങളെ ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ 2023 ഡിസംബര്‍ ഒന്നിന് എല്ലാവരും തിയേറ്ററില്‍ വരണം.'' എന്നാണ് മുകേഷ് കുറിച്ചത്.
പോസ്റ്റ് കാര്‍ഡില്‍ മുകേഷിന്റെ കൈപ്പടയില്‍ എഴുതിയ കത്ത് തപാല്‍ വഴി വിവിധ രാജ്യങ്ങളിലെ ആരാധകര്‍ക്ക് എത്തുന്ന തരത്തിലുള്ള വീഡിയോയും ഫിലിപ്സിന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു.
ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഫിലിപ്സ്'. മുകേഷ് ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇന്നസന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍ ശ്രീധന്യ, അജിത് കോശി, അന്‍ഷാ മോഹന്‍, ചാര്‍ലി, സച്ചിന്‍ നാച്ചി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രഡും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിഷാം അബ്ദുള്‍ വാഹാബ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജെയ്സണ്‍ ജേക്കബ് ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിധിന്‍ രാജ് അരോളാണ്.