കേരള പോലീസിന്റെ കഥ പറയുന്ന സിനിമയാണ് ഓപ്പറേഷൻ ജാവ എന്ന് ഒറ്റ വാക്കിൽ പറയാം. ഇതിന്റെ ട്രൈലെർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനതെയിരുന്നു. അതുപോലെ തന്നെ സിനിമയും ഇപ്പോൾ തിയേറ്റർ റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ്. ഇപ്പോൾ നിലവിൽ തീയേറ്ററുകളിൽ വെള്ളം അടക്കം 4 സിനിമകളാണ് ഉള്ളത്. ഈ പട്ടികയിൽ വെറും മൂന്നുദിവസത്തിനുള്ളിൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. സൈബർ പോലീസുകാരുടെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും പറയുന്ന കൂട്ടത്തിൽ താത്കാലിക ജീവനക്കാരുടെയും തൊഴിൽ രഹിതരുടെയും കഥ പറയുന്ന സിനിമ ഓരോ പ്രേക്ഷകനും നെഞ്ചിൽ തട്ടുന്നത് തന്നെയാണ്. ഓരോ സൈബർ കേസുകളെയും എങ്ങനെയാണ് പോലീസുകാർ നേരിടുന്നത് എന്ന് വ്യകതമായി കാട്ടിത്തരുന്ന കഥ. തൊഴില്‍തട്ടിപ്പ്, ഓണ്‍ലൈന്‍ പണതട്ടിപ്പ്, ഫിലിം പൈറസി, ഹണി ട്രാപ്പ്, തുടങ്ങി വാര്‍ത്തകളില്‍ നിരന്തരം ഇടം പിടിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണതയിലേക്കാണ് 'ഓപ്പറേഷന്‍ ജാവ' പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. തോറ്റു കൊടുക്കാൻ തയാറല്ല എന്ന് നമ്മൾ തീരുമാനിക്കുന്ന ആ നിമിഷമാണ് ശരിക്കും നമ്മൾ വിജയിക്കുന്നത് എന്ന് കൃത്യമായി പറഞ്ഞു തരുന്ന സിനിമ.
ഒരു പുതുമുഖ സംവിധായകൻ ആരാധകരെ കൊണ്ട് അവസാനം വരെ കയ്യടുപ്പിച്ചു എന്ന് പറയുമ്പോൾ അത് മലയാളസിനിമയിൽ വളരെ വിരളമായ സംഭവമാണ്. ഈ ചിത്രത്തിന്റെ ടൈറ്റിൽ കാർഡ്‌സ് എഴുതി കാണിക്കുന്ന സമയത്തു പോലും സംവിധായകൻ ആരാധകരെ കൊണ്ട് കയ്യടിപ്പിച്ചു എന്ന് തന്നെ പറയാൻ സാധിക്കും. ആദ്യം കുടുംബത്തിനും സുഹൃത്തുക്കൾക്കും മറ്റു താരങ്ങൾക്കും നന്ദി പറയുന്ന ഒരു ചടങ്ങ് സിനിമയുടെ തുടക്കം ഉണ്ട്. പക്ഷേ ഈ സിനിമയിൽ ഒരു ചെറിയ വ്യത്യാസം കൊണ്ട് വന്നതാണ് പ്രേക്ഷകരുടെ കയ്യടി ആദ്യമേ സംവിധായകൻ നേടിയത്. നന്ദി പറച്ചിൽ കഴിഞ്ഞ് ക്ഷമ കൂടി ചോദിച്ചാണ് സംവിധായകൻ ചിത്രം തുടങ്ങിയത്. ഓഡിഷനിൽ ചാൻസ് കിട്ടാത്തവർക്കും, ഈ സിനിമ കാരണം വേദനിക്കുന്നവർക്കും, എഡിറ്റിംഗിൽ കട്ട് ആയി പോയ ചെറിയ വേഷകാർക്കും അങ്ങനെ നിരവധി ക്ഷമയാണ് സംവിധായകൻ ഉൾപ്പെടുത്തുന്നത്. പിന്നേ എടുത്ത് പറയേണ്ടത് ഇതിന്റെ കാസ്റ്റിംഗാണ്. വല്യ സൂപ്പർസ്റ്റാറുകളൊന്നും തന്നെ ചിത്രത്തിൽ ഇല്ലെങ്കിലും ഇതിൽ വന്നു പോയ ചെറിയ കഥാപാത്രങ്ങൾ പോലും അഭിനയിച്ചു തകർത്തു. ഓരോ അഭിനേതാക്കളും അവരുടെ ജോലി കൃത്യമായും മികവോടെയും ചെയ്തു തീർത്തു. ഇത് ഒരു നായകന്റെയോ നായികയുടെയോ കഥ അല്ല. ഇത് കുറച്ചധികം നടന്മാർ ഒരുമിച്ച് ചേർന്ന് അഭിനയിച്ച ഒരു ഹിറ്റ് ത്രില്ലെർ ആണ്. ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ദീപക് വിജയന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് കയ്യടി നേടുന്ന താരങ്ങള്‍. ദിനേശ് പ്രഭാകര്‍, ജോണി ആന്റണി, ധന്യ അനന്യ, വിനീതകോശി, മമിത ബൈജു, പി ബാലചന്ദ്രന്‍, റിതു മന്ത്ര എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതുകൂടാതെ പേരറിയാത്ത ഒരുപാട് അഭിനയപ്രതിഭകള്‍ ചിത്രത്തിലുണ്ട്.
ബിടെക്ക് കഴിഞ്ഞ് ജോലി കിട്ടാതെ നിൽക്കുന്ന ചെറുപ്പക്കാർക്ക് താത്കാലിക ജോലി ലഭിച്ച് പിന്നീട് പിരിച്ചുവിടുന്നത് വരെ എത്തിക്കുന്നതാണ് കഥ. വിനയദാസ്, ആന്റണി എന്നീ യുവാക്കളിലൂടെ തൊഴില്‍രഹിതരും താല്‍ക്കാലിക ജീവനക്കാരുമായ ആയിരകണക്കിന് ആളുകളുടെ അതിജീവനത്തിന്റെ കഥ കൂടി പറയാന്‍ ശ്രമിക്കുന്നിടത്താണ് തരുണ്‍ മൂര്‍ത്തിയുടെ പ്രഥമ ചലച്ചിത്ര സംരഭം വ്യത്യസ്തമാകുന്നത്. ധ്രുവങ്ങള്‍ പതിനാറ്, രണം, കല്‍ക്കി സിനിമകളില്‍ പശ്ചാത്തല സംഗീതത്തില്‍ പുലര്‍ത്തിയ മികവ് ജെയ്ക്‌സ് ഇതിലും അവർത്തിക്കുന്നുണ്ട്. സിനിമയുടെ ടോട്ടല്‍ മൂഡിനൊപ്പം ചേര്‍ന്നു നിന്ന് ഒരിക്കൽ പോലും മുറിയാതെ പ്രേക്ഷകരെ ഒപ്പം നടത്താന്‍ സംഗീത സംവിധായകനു കഴിയുന്നുണ്ട് എന്ന് നിസംശയം ഉറപ്പിക്കാൻ സാധിക്കും. മികച്ച കളര്‍ ഗ്രേഡിങും സിനിമയുടെ മൂഡ് നിലനിര്‍ത്താന്‍ സഹായകമാകുന്നുണ്ട്. ഫയിസ് സിദ്ധിഖിന്റെ ഛായാഗ്രഹണവും നിഷാദ് യൂസഫിന്റെ ചിത്രസംയോജനവും വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരുടെ സൗണ്ട് ഡിസൈനിങും ഓപ്പേറേഷന്‍ ജാവയ്ക്കു പൂര്‍ണ്ണത നല്‍കുന്നു.
ഭൂതക്കണ്ണാടിയിൽ പോലും തെളിയാത്ത തെറ്റുകളും ഉയർന്നു വരുന്നുണ്ട് ഈ ചിത്രത്തിൽ. പുരുഷ കേന്ദ്രീകൃതമായ കോണിലൂടെ മാത്രം സിനിമയെ സമീപിച്ചതായി ചിലർക്ക് തോന്നി. ഇതിൽ സ്ത്രീയെ തേപ്പുകാരിയാക്കിയ സ്ഥിര സംഭവം കൊണ്ട് വന്നു എന്നും ചിലർ പറയുന്നു. പിന്നീട് സ്ത്രീയെ അപലയാക്കി ഉപേക്ഷിച്ച കാമുകന്റെ അടുത്ത് പിന്നീട് എത്തിക്കുന്ന കഥയും പുരുഷന്മാരെ കേന്ദ്രീകരിച്ച് പോയതുപോലെയും ചിലർ അഭിപ്രായപ്പെട്ടു. പക്ഷേ നവാഗതനായ ഒരു സംവിധായകൻ ഇത്രയും മികച്ച ത്രില്ലെർ ഒരുക്കി അതും സാധാരണ കണ്ടു വരുന്ന ക്ളീഷേ കഥകളോ ലൂപ്പ് ഹോൾസോ ഒന്നും ഇല്ലാതെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചു എന്നതാണ് ഏറ്റവും വലുത്. ഇതിൽ മുങ്ങിപോകും എന്ത് കുറ്റങ്ങളായാലും. തീർച്ചയായും മലയാളത്തിലെ മികച്ച ത്രില്ലറുകളിൽ ഇനി ഓപ്പറേഷൻ ജാവയും. തിയേറ്ററിൽ പോയ് കാണേണ്ട സിനിമ എന്ന് കണ്ടിറങ്ങുന്ന എല്ലാവരും പറയും.