ഇത് ഒരു മാര്‍ഗ്ഗവുമില്ലാതെ കളിച്ച മാര്‍ഗ്ഗംകളി തന്നെ; കോമഡി തകര്‍ത്തു..; പടം എങ്ങനെയുണ്ടെന്ന് അറിയാന്‍ റിവ്യു കാണൂ..!

പി.എസ്.സുവര്‍ണ്ണ
ഇത് ഒരു മാര്‍ഗ്ഗവുമില്ലാതെ കളിച്ച മാര്‍ഗ്ഗംകളി തന്നെ; കോമഡി തകര്‍ത്തു..; പടം എങ്ങനെയുണ്ടെന്ന് അറിയാന്‍ റിവ്യു കാണൂ..!

രു പ്രണയ-കോമഡി ചിത്രമാണ് മാര്‍ഗ്ഗംകളി. ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരം ശശാങ്കന്‍ മയ്യനാട് തിരക്കഥ ഒരുക്കി ബിബിന്‍ ജോര്‍ജ് നമിത പ്രമോദ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം തരക്കേടില്ലാതെ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. പ്രണയ-കോമഡി  ചിത്രമെന്ന നിലയില്‍ തുടക്കം മുതലേ ലേബല്‍ ചെയ്യപ്പെട്ടിരുന്ന ചിത്രം കോമഡിയുടെ കാര്യത്തില്‍ ഏറെക്കുറെ വാക്ക് പാലിച്ചിട്ടുണ്ട്. 

ശശാങ്കന്‍ മയ്യനാട് തിരക്കഥയൊരുക്കി ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത സിനിമയിലെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബിബിന്‍ ജോര്‍ജാണ്. മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ് എന്നിവര്‍ക്ക് പുറമേ മലയാള സിനിമയിലെ മറ്റ് പ്രമുഖരായ താരങ്ങളും അണിനിരന്നിട്ടുണ്ട്. 

പ്രണയവും, വിരഹവും, കുടുംബ ജീവിതത്തില്‍ നടക്കാവുന്ന സ്വാഭാവികമായ സംഭവങ്ങളും കോര്‍ത്തിണക്കിയ ചിത്രമാണ് മാര്‍ഗ്ഗംകളി. ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തി കൃഷ്ണ, ബൈജു സന്തോഷ്, ബിനു തൃക്കാക്കര തുടങ്ങിയവര്‍ ഹാസ്യത്തെ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ബിബിന്‍ നായക കഥാപാത്രമായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് മാര്‍ഗംകളി.

 

Related image
 

സിനിമയെക്കുറിച്ച് പറയുകയാണെങ്കില്‍ ബിബിന്‍ ജോര്‍ജ് കൈകാര്യം ചെയ്യുന്ന കഥാപാത്രം സച്ചിദാനന്ദന്‍ എന്ന സച്ചിയുമായ് ബന്ധപ്പെട്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ സച്ചിയുടെ മാതാപിതാക്കളായ് എത്തുന്നത് ശാന്തികൃഷ്ണയും സിദ്ദിഖുമാണ്. ചില പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന അച്ഛനും അമ്മയ്ക്കും ഇടയില്‍ ഒരു മീഡിയേറ്ററാകുകയാണ് സച്ചി. കുടുംബത്തിനെ പോലെ തന്നെ പ്രധാനപ്പെട്ടത് തന്നെയാണ് സച്ചിക്കൊപ്പം എപ്പോഴും നിഴലുപോലെ കൂടെ നടക്കുന്ന സഹൃത്തുക്കള്‍. 28 വയസുള്ള ഒരു ചെറുപ്പക്കാരന് പൊതുവേ തന്റെ അതേ പ്രായമോ അല്ലെങ്കില്‍ ഒന്നോ രണ്ടോ പ്രായമോ വ്യത്യാസമുള്ള സുഹൃത്തുകളാവും ഉണ്ടാവുക. എന്നാല്‍ ഇവിടെ ആ കാര്യത്തില്‍ വ്യത്യസ്ഥത കൊണ്ട് വന്നിട്ടുണ്ട് . തന്നെക്കാള്‍ ഒരുപാട് പ്രായ വ്യത്യാസമുള്ള ആളുമായിട്ടാണ് സച്ചിയുടെ കൂട്ട്. എന്ത് തീരുമാനവും പിഎ എന്ന് വിളിക്കുന്ന ബൈജുവിന്റെ കഥാപാത്രവുമായ് ആലോചിച്ചിട്ടേ സച്ചി ചെയ്യാറുള്ളു. അതായത് 28 വയസുള്ള ചെറുപ്പക്കാരനും 60 നോട് അടുത്ത് പ്രായമുള്ള ആളുമായുള്ള കൂട്ടുകെട്ട്.

ടിക്ക് ടോക്ക് ഉണ്ണിയായ് എത്തുന്ന ഹരീഷ് കണാരന് ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട ഊര്‍മിള എന്ന കഥാപാത്രത്തിനോട് പ്രണയം തോന്നുന്നു. എന്നാല്‍ പ്രണയം തുറന്ന് പറയുന്ന ഉണ്ണിയോട് ഉണ്ണിയെയല്ല  ഉണ്ണിയുടെ കൂട്ടൂകാരനെയാണ് ഇഷ്ടമെന്ന് ഊര്‍മിള പറയുന്നു. ഇതിന് ഊര്‍മിളയോട് പകരം വീട്ടുന്നതിനായ് ഉണ്ണി സച്ചിയുടെയും പിഎയുടെയും സഹായം ചോദിക്കുന്നു. അങ്ങനെ പിഎയുടെ ഉപദേശപ്രകാരം സച്ചിവിളിക്കുന്ന കോള്‍ മാറി മറ്റൊരു ഊര്‍മിളയിലെത്തുന്നു.  അവിടെ നിന്നുമാണ് സിനിമയുടെ യഥാര്‍ത്ഥ കഥ തുടങ്ങുന്നത്. 

നായകന്‍ കുറെ നാള്‍ നായികയുടെ പുറകേ നടക്കുന്നു. നടന്ന് നടന്ന് മടുക്കുമ്പോള്‍ നായകന്‍ പിന്മാറുകയും പിന്നീട് നായിക പുറകേ നടക്കുന്നതും. ഇതിന് വിപരീതവുമാവാം. അതായത് ആദ്യം നായിക പുറകേ നടക്കുന്നത്. പിന്നീട് നായകന്‍ പുറകേ നടക്കുന്നത് ഒടുവില്‍ ഇരുവരും ഒന്നിക്കുന്നത്.

സ്ഥിരം ശൈലിയിലുള്ള പാറ്റേണില്‍ നിന്നും കുറച്ച് വ്യത്യസ്ഥമായ രീതിയിലാണ് മാര്‍ഗംകളിയില്‍ പ്രണയം പറഞ്ഞൊപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. പ്രണയവും വിരഹവും നല്ല രീതിയില്‍ പറഞ്ഞ് പോകാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ചില ഭാഗങ്ങളില്‍ മാത്രമേ ആ ഒരു ഫീല്‍ പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുള്ളു.

മൂന്ന് നായികമാരാണ് സിനിമയിലുള്ളത്. നമിത പ്രമോദ്, സൗമ്യ മേനോന്‍, ഗൗരി  ജി കൃഷ്ണന്‍. ചിത്രത്തില്‍ ആകെ ഒരു പാട്ടിലും രണ്ട് സീനിലും മാത്രം വന്ന് പോകുന്ന ഗൗരി തന്റെ വേഷം നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നമിത വീണ്ടും സിനിമയില്‍ സജീവമാകുന്ന ചിത്രമാണ് മാര്‍ഗംകളി. നമിതയുടെ പെര്‍ഫോമെന്‍സും മികച്ച് നില്‍ക്കുന്നു.  വണ്ണാത്തിയെന്ന ആല്‍ബം സോങ്ങിലൂടെ ശ്രദ്ധേയയായ സൗമ്യയുടെ സിനിമയിലേക്കുള്ള കടന്നുവരവ് അത്ര മോശമായതുമില്ല.  ചിത്രത്തെ മികച്ചതായി തോന്നിപ്പിക്കുന്നത് അഭിനേതാക്കളുടെ പെര്‍ഫോമെന്‍സാണ്.

ചിത്രത്തെക്കുറിച്ച് മൊത്തത്തില്‍ ഒന്ന് പറയുകയാണെങ്കില്‍ ഒരു കോമഡി-പ്രണയ ചിത്രമാണെന്ന് പറയാം. എന്നാല്‍ ഒത്തിരി കോമഡി സീനുകള്‍ കൊണ്ട് നിറച്ച സിനിമയിലെ ചില കോമഡികള്‍ വിചാരിച്ച പോലെ പ്രേക്ഷകനില്‍ ചിരി നിറച്ചില്ല. കോമഡി പ്രണയം കുടുംബം എന്നീ തലത്തില്‍ കഥ പറയുന്ന ചിത്രം കുടുംബസമേതം ധൈര്യത്തോടെ പോയി കാണാന്‍ പറ്റുന്ന ചിത്രമാണ്. ചിത്രത്തില്‍ എടുത്ത് പറയേണ്ട മറ്റൊരു സംഭവം സിനിമയിലെ പാട്ടുകളാണ്. ചിത്രത്തിലെ പാട്ടുകളെല്ലാം നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് പറയാം. പിന്നെ സിനിമയുടെ എഡിറ്റിങ്ങിനെയും സൗണ്ട് മിക്‌സിങ്ങിനെയും കുറിച്ച് ചോദിച്ചാല്‍ അതും നല്ല രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പറയാം. വലിയ കഥയും മാസ് സീനുകളും പ്രതീക്ഷിക്കാതെ പോയി കാണുന്നവര്‍ക്ക് കണ്ടിരിക്കാന്‍ കഴിയുന്ന ഒരു കൊച്ചു സിനിമയാണ് മാര്‍ഗ്ഗംകളി.



 

margam kali movie review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES