സൂപ്പര്‍സ്റ്റാറായി സ്റ്റൈലിഷ് ലുക്കില്‍ എത്തിയ പൃഥ്വിരാജ് പൊളിച്ചു; കട്ട ഫാനായി സുരാജും കസറി; ഇത് പ്രേക്ഷകര്‍ക്കുള്ള പൃഥ്വിയുടെയും സുരാജിന്റെയും ക്രിസ്തുമസ് സമ്മാനം; ചിരിപ്പിച്ചും കണ്ണു നനയിപ്പിച്ചും, കൈയ്യടിപ്പിച്ചും ആവേശം കൊള്ളിച്ചും എത്തിയ ഡ്രൈവിങ്ങ് ലൈസന്‍സ് ഏറ്റെടുത്ത് പ്രേക്ഷകര്‍..

പി.എസ്.സുവര്‍ണ്ണ
topbanner
സൂപ്പര്‍സ്റ്റാറായി സ്റ്റൈലിഷ് ലുക്കില്‍ എത്തിയ പൃഥ്വിരാജ് പൊളിച്ചു; കട്ട ഫാനായി സുരാജും കസറി; ഇത് പ്രേക്ഷകര്‍ക്കുള്ള പൃഥ്വിയുടെയും സുരാജിന്റെയും ക്രിസ്തുമസ് സമ്മാനം; ചിരിപ്പിച്ചും കണ്ണു നനയിപ്പിച്ചും, കൈയ്യടിപ്പിച്ചും ആവേശം കൊള്ളിച്ചും എത്തിയ ഡ്രൈവിങ്ങ് ലൈസന്‍സ് ഏറ്റെടുത്ത് പ്രേക്ഷകര്‍..

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മത്സരിച്ച് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഡ്രൈവിങ്ങ് ലൈസന്‍സ്. ചിത്രം ഇന്ന് വലിയ പ്രതീക്ഷകളോടെയാണ് തീയേറ്ററുകളില്‍ എത്തിയത്. എന്തായാലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഒട്ടും തെറ്റിച്ചിട്ടില്ല ചിത്രം എന്ന് ആദ്യമേ പറയാം.  ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു അടാറ് സിനിമ. സ്റ്റൈലിഷ് ലുക്കിലും പ്രേക്ഷകരെ കൈയ്യടിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഡയലോഗുകളാലും പൃഥ്വിരാജ് സിനിമയില്‍ തകര്‍ത്ത് കേറിയപ്പോള്‍ സ്വാഭാവിക അഭിനയ മികവിലൂടെ സുരാജും കസറി. ഇരുവരുടെയും മത്സരിച്ചുള്ള അഭിനയം കൂടി ആയപ്പോള്‍ സിനിമ സൂപ്പര്‍... ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ  കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സച്ചിയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനും അദ്ദേഹത്തിന്റെ കട്ട ഫാനായ കുരുവിള എന്ന വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ഇടയില്‍ അവിചാരിതമായി ഉടലെടുക്കുന്ന ചില പ്രശ്‌നങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത്. താരത്തിനും ഫാനിനും ഇടയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ വളരെ രസകരമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. നല്ല തിരക്കഥയെ നന്നായി ഡയറക്ട് ചെയ്തിരിക്കുന്നു. സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ഒരു സ്ഥലത്ത് പോലും പ്രേക്ഷകന് ലാഗ് അനുഭവപ്പെടുന്നില്ല. അത്രയും എന്‍ഗേജിങ്ങാണ് ചിത്രം. ചിത്രത്തിന്റെ ടെക്‌നിക്കല്‍ വശങ്ങളെല്ലാം തന്നെ പെര്‍ഫെക്ടാണ്. 

സിനിമയില്‍ എടുത്ത് പറയേണ്ട ഒരുപാട് വിഭാഗങ്ങളുണ്ട്. ആദ്യം നമുക്ക് അഭിനേതാക്കളില്‍ നിന്ന് തന്നെ തുടങ്ങാം. സൂപ്പര്‍സ്റ്റാറായി എത്തിയ പൃഥ്വിരാജിന്റെ അഭിനയം അടിപൊളി എന്ന് വേണം പറയാന്‍. വളരെ സ്റ്റൈലിഷ് ലുക്കിലെത്തിയ താരത്തിന്റെ ഡയലോഗുകള്‍ തിയേറ്ററിനുള്ളില്‍ കൈയ്യടി നിറച്ചു.ആദ്യ ഷോട്ട് മുതല്‍ സിനിമ കഴിയുന്നത് വരെ താരത്തില്‍ നിന്ന് കണ്ണെടുക്കാനെ തോന്നില്ല. സുരാജ് വെഞ്ഞാറമൂടിലേക്ക് വരുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അഭിനയചാരുതയെക്കുറിച്ച് പറയേണ്ടതില്ലല്ലോ, മുമ്പും പല കഥാപാത്രങ്ങളിലൂടെയും നമ്മളെയെല്ലാം വിസ്മയിപ്പിച്ച പകര്‍ന്നാട്ടമായിരുന്നു സുരാജിന്റേത് . ആ വിശ്വാസം ഈ ചിത്രത്തിലും കാത്തുസൂക്ഷിക്കാന്‍ താരത്തെ കൊണ്ട് സാധിച്ചിട്ടുണ്ട്. അസാമാന്യ അഭിനയമാണ് സിനിമയില്‍ സുരാജ് കാഴ്ച്ചവെച്ചത്. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കുരുവിളയായി ജീവിക്കുകയായിരുന്നു സുരാജ്. ഇമോഷണല്‍ ആയ രംഗങ്ങളെ അതിന്റെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ താരത്തെ കൊണ്ട് സാധിച്ചു. ഇവര്‍ക്ക് പുറമേ മിയ ജോര്‍ജ്, സുരേഷ് കൃഷ്ണ, ദീപ്തി സതി, മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, സലീം കുമാര്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, മേജര്‍ രവി, ഇടവേള ബാബു, നന്ദു, ലാലു അലക്‌സ്, അരുണ്‍, തുടങ്ങിയവര്‍ ചിത്രത്തില്‍  പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. 

Related image

 

ദീപ്തി സതിയും, മിയയുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തില്‍ കുറച്ച് ഭാഗങ്ങളില്‍ മാത്രമേ ദീപ്തിയുള്ളു. എന്നാല്‍ സിനിമയില്‍ ഉടനീളം മിയയുടെ കഥാപാത്രം നിറഞ്ഞ് നില്‍ക്കുന്നു. ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് മിയയുടേത്. വളരെ റിയലിസ്റ്റിക്കായിട്ടുള്ള അഭിനയമാണ് മിയ ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. ഒരു സാധാരണ കുടുംബിനിയുടെ സ്വഭാവത്തില്‍ ഉണ്ടായേക്കാവുന്ന എല്ലാ എലമെന്റുകളും സിനിമയില്‍ ത്രൂ ഔട്ടായി മിയയിലൂടെ പ്രേക്ഷകന് കാണാം. ഏറെക്കുറെ ഹ്യൂമറസായിട്ടുള്ള കഥാപാത്രം പ്രേക്ഷകനില്‍ ചിരിപടര്‍ത്തുന്നുണ്ട്. ഇനി എടുത്ത് പറയേണ്ടത് സൈജു കുറുപ്പ് അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ചാണ്. മറ്റാരെക്കാളും പ്രേക്ഷകനെ കൂടുതല്‍ ചിരിപ്പിച്ചത് സൈജുന്റെ കഥാപാത്രമാണ്. താരത്തിന്റെ ചില ഡയലോഗുകള്‍ തിയേറ്ററില്‍ കൈയ്യടിയും നേടി. കോമഡി പറഞ്ഞ് ഫലിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവാണല്ലോ താരത്തിന്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളുടെയും അവിഭാജ്യ ഘടകമാണ് സൈജു കുറുപ്പ്. ചിത്രത്തില്‍ ചുരുക്കം ചില സീനുകളില്‍ മാത്രം വന്നുപോയ സലീം കുമാറും പ്രേക്ഷകനെ നന്നായി ചിരിപ്പിച്ചു. 

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയ സുരേഷ് കൃഷ്ണയുടെ അഭിനയത്തെ കുറിച്ച് ഒന്നും പറയാനില്ല. സൂപ്പര്‍.. താരം ചിത്രത്തില്‍ തകര്‍ത്ത് അഭിനയിച്ചു. ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രമായിരുന്നു താരത്തിന്റേത്. ആ കഥാപാത്രത്തെ ഒട്ടും മോശമാക്കതെ പ്രേക്ഷകനിലേക്ക് എത്തിച്ചു. അതിനപ്പുറം വളരെ നന്നായി പ്രേക്ഷകനെ ചിരിപ്പിച്ചു. ഇവര്‍ക്കെല്ലാം പുറമേ മാസ്റ്റര്‍ ആദിഷും വളരെ നന്നായി തന്നെ തന്റെ കഥാപാത്രത്തെ പ്രേക്ഷകനിലേക്ക് എത്തിച്ചു. സിനിമയില്‍ ഒരു ത്രൂ ഔട്ട് റോളില്‍ എത്തിയ നന്ദുവിന്റെ അഭിനയവും എടുത്ത് പറയേണ്ട ഒന്നാണ്. ലാലു അലക്‌സ്, അരുണ്‍, വിജയരാഘവന്‍, മേജര്‍ രവി, തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ നന്നായി കൈകാര്യം ചെയ്തു.

ചിത്രത്തിന്റെ ടെക്‌നിക്കല്‍ വശങ്ങളിലേക്ക് നോക്കുകയാണെങ്കില്‍ എടുത്ത് പറയാവുന്ന പോരായ്മകളൊന്നും തന്നെ ഇല്ല. ചിത്രത്തിന്റെ കഥയും സംവിധാനവും മികച്ച് നില്‍ക്കുന്നു. ലാല്‍ ജൂനിയറിന്റെ കരിയറിലെ ഒരു മികച്ച ചിത്രമാകും ഡ്രൈവിങ്ങ് ലൈസന്‍സ്. ക്യാമറയും എഡിറ്റിങ്ങും പെര്‍ഫെക്ട്. വിഎഫ്എക്‌സും നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ ഗാനങ്ങള്‍ കഥാസന്ദര്‍ഭങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നു. യക്‌സന്‍ ഗാരി പെരേരിയയും നേഹ എസ് നായരും ചേര്‍ന്നാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. രംഗങ്ങള്‍ക്ക് മികച്ച ഫീല്‍ നല്‍കാന്‍ പശ്ചാത്തല സംഗീതത്തിന് സാധിച്ചിട്ടുണ്ട്.

എന്തായാലും ക്രിസമസ് റിലീസായി എത്തിയ ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്തില്ല. ചിരിപ്പിച്ചും, കണ്ണു നനയിപ്പിച്ചും, കൈയ്യടിപ്പിച്ചും ആവേശം കൊള്ളിച്ചും പ്രേക്ഷകനെ കൈയ്യിലെടുക്കുന്ന ചിത്രം ഒരു പക്കാ എന്റെര്‍ടെയിനറാണ്. ഈ പൃഥ്വിരാജ് സുരാജ് ചിത്രം കൈയ്യിലെ കാശ് മുടക്കി ധൈര്യമായി തന്നെ തിയേറ്ററില്‍ പോയി കാണാം. 

driving license movie review

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES