Latest News

പ്രണയത്തിന്റെ മന്ദാരം വിരഹത്തിന്റെ മഞ്ഞു തുള്ളികളില്‍ വിരിയുമ്പോള്‍; പതിവ് ഗെറ്റപ്പില്‍ നിന്നും വ്യത്യസ്തമായി ആസിഫ് അലിയുടെ കിടിലന്‍ മേയ്‌ക്കോവര്‍; തീവ്രാനുരാഗം നഷ്ടപ്രണയമായി മാറുന്ന സാധാരണക്കാരന്റെ ജീവിതം ലളിതമായി പറഞ്ഞ 'മന്ദാരം' കണ്ട് നിറ കണ്ണുകളോടെ യുവാക്കള്‍; പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് കുളിര്‍മ്മയുടെ മഞ്ഞു കണമാകും ഈ മന്ദാരം- REVIEW

തോമസ് ചെറിയാന്‍
 പ്രണയത്തിന്റെ മന്ദാരം വിരഹത്തിന്റെ മഞ്ഞു തുള്ളികളില്‍ വിരിയുമ്പോള്‍; പതിവ് ഗെറ്റപ്പില്‍ നിന്നും വ്യത്യസ്തമായി ആസിഫ് അലിയുടെ കിടിലന്‍ മേയ്‌ക്കോവര്‍; തീവ്രാനുരാഗം നഷ്ടപ്രണയമായി മാറുന്ന സാധാരണക്കാരന്റെ ജീവിതം ലളിതമായി പറഞ്ഞ 'മന്ദാരം' കണ്ട് നിറ കണ്ണുകളോടെ യുവാക്കള്‍; പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് കുളിര്‍മ്മയുടെ മഞ്ഞു കണമാകും ഈ മന്ദാരം- REVIEW

ജീവിതത്തില്‍ നഷ്ടപ്രണയമുണ്ടായവര്‍ക്കും അതിന്റെ നീറ്റല്‍ മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്കും മികച്ച ഒരു അനുഭവം നല്‍കുന്ന സിനിമയാണ് മന്ദാരം. പ്രണയമെന്നാല്‍ ജീവിതത്തിന്റെ പലഘട്ടങ്ങളിലും വന്നു പോകുന്ന ഒന്നാണ്. നിഷ്ടകളങ്കമായ പ്രണം തളിരിടുന്ന ചെറുപ്പകാലം മുതല്‍ യൗവ്വനത്തിന്റെ ആരംഭത്തിലേക്ക് ചുവട് വയ്ക്കുന്നത് വരെയുള്ള കാലയളവില്‍ ഒരു ചെറുപ്പക്കാരനുണ്ടാകുന്ന അനുഭവം ഒരോ പ്രേക്ഷകന്റെയും  ഉള്ളില്‍ അവനവന്റെ അനുഭവവും ഒന്ന് ഓര്‍മ്മിപ്പിക്കുമെന്നുറപ്പ്.

 സ്‌കൂള്‍ കാലയളവിലെ ഓര്‍മ്മകളില്‍ തുടങ്ങുന്ന ചിത്രം തീര്‍ച്ചയായും ഓരോ മലയാളിയുടേയും സ്വന്തം അനുഭവം തന്നെയാണ് പറയുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആസിഫ് അലി നായകനായെത്തുന്ന മന്ദാരത്തിന് ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നിഷ്‌കളങ്ക പ്രണയത്തിന്റെ ബാല്യത്തില്‍ വിരിയുന്ന മന്ദാരം

ചെറുപ്പം മുതല്‍ പ്രണയം മനസില്‍ കൊണ്ടു നടക്കുന്ന രാജേഷ് എന്ന ചെറുപ്പക്കാരനായി ആസിഫ് അലി എത്തുമ്പോള്‍ ഫാഷന്‍ ഡിസൈനര്‍ ചാരുവായി നടി വര്‍ഷ എത്തുന്നു. അതിതീവ്രമായ അനുരാഗം നഷ്ടപ്രണയമായി മാറുമ്പോള്‍ ഒരു ചെറുപ്പക്കാരനുണ്ടാകുന്ന മാനസികാവസ്ഥ കൃത്യമായി ചിത്രത്തില്‍ കാട്ടിയിട്ടുണ്ട്. എന്‍ജിനീയറിങ് കാലത്തെ ഓര്‍മ്മകള്‍ ഉള്‍പ്പടെയുള്ള മുന്‍ കാലഘട്ടവും മനസിന്റെ തൃപ്തിക്കായി രാജേഷ് നടത്തുന്ന യാത്രയിലും ആസിഫ് അലിയുടെ ഗെറ്റപ്പ് ഏറെ ആകര്‍ഷണമാണ്. 

സിനിമയില്‍ ആസിഫ് അലിയോടൊപ്പം സഹതാരങ്ങളായെത്തുന്ന അര്‍ജുന്‍ അശോക് ,ഗ്രിഗറി ജേക്കബ് , വിനീത് വിശ്വം എന്നിര്‍ എത്തുന്ന സീനുകളില്‍ കലര്‍പ്പില്ലത്ത ശുദ്ധമായ ഹാസ്യമാണ് പങ്കുവയ്ക്കുന്നത്. നല്ലൊരു സൂഹൃത്ത് എപ്രകാരമായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണിവര്‍. സിനിമയുടെ ആദ്യപകുതിയില്‍ കഥ പറഞ്ഞു പോകുന്നതില്‍ അല്‍പം ലാഗ് കടന്നു കൂടിയിട്ടുണ്ടെങ്കിലും മനസിനെ പിടിച്ചിരുത്തുന്ന ഗാനങ്ങള്‍ ഈ ചെറു ബോറടി മാറ്റുമെന്നുറപ്പ്. ഗണേഷ് കുമാറിന്റെ നന്ദിനിയുടേയും റോളുകള്‍ക്ക് ബിഗ് സല്യൂട്ട് തന്നെ നല്‍കണം. 

ഇതുവരെ കാണാത്തൊരു ആസിഫ് അലിയെ കൂടി രണ്ടാം പകുതിയില്‍ കാണാം. സിനിമ ഏറെ ആകര്‍ഷകമാവുന്നതും ആവുന്നതും രണ്ടാം പകുതിയോടെയാണ്. രണ്ടാം പകുതിയില്‍ ദേവികയായെത്തുന്ന അനാര്‍ക്കലി മരിയ്ക്കാര്‍ സിനിമയുടെ റിഥം നിലനിര്‍ത്തുന്നുണ്ട്. ബുള്ളറ്റോടിക്കുന്ന, അല്‍പ്പം കുറുമ്പും കുസൃതിയുമുള്ള ദേഷ്യം വന്നാല്‍ 'ചൂടാ'വുന്ന സ്വഭാവവുമൊക്കെയുള്ള ഊര്‍ജ്ജസ്വലയായ ദേവികയാണ് അനാര്‍ക്കലി മന്ദാരത്തില്‍. 

രാജിന്റെ ജീവിതത്തില്‍ വൈകി വിരിയുന്ന മന്ദാരപ്പൂ പോലെ ദേവികയെത്തുന്നതും അതിനു കാരണമാകുന്ന ചില സംഭവ വികാസങ്ങളുമൊക്കെയാണ് ക്ലൈമാക്സിലേക്ക് നയിക്കുന്നത്.കഥയില്‍ വലിയ പുതുമകള്‍ ഒന്നും തന്നെ അവകാശപ്പെടാനില്ല. മനസ്സില്‍ തങ്ങി നില്‍ക്കുന്ന വിഷ്വലുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഹരിദ്വാര്‍, മണാലി, ഡല്‍ഹി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം അതിന്റെ വിഷ്വല്‍ ബ്യൂട്ടിയില്‍ സമ്പന്നമാണ്. ചിത്രത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് സിനിമയുടെ കഥയോട് ഏറെ അടുത്ത് നില്‍ക്കുന്ന ഒന്നാണ്. 

എന്‍ജിനീയറിങ് വേഷം ഇനി ആസിഫിന് വേണോ

മുന്‍പ് ധാരാളം സിനിമകളില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായി വേഷമിട്ട ആസിഫ് അലി ഇതേ വേഷത്തില്‍ എത്തിയ ആദ്യ പകുതിയില്‍ ആസിഫിന്റെ പതിവ് ലുക്ക് തന്നെയാണ് കാണുന്നത്. ഇനി ഇതേ വേഷത്തില്‍ ആസിഫിനെ കണ്ടാല്‍ പ്രേക്ഷകര്‍ക്ക് ആവര്‍ത്തന വിരസത അനുഭവപ്പെട്ടേക്കാം. കണ്ടു പരിചയച്ച ആസിഫിന്റെ മുഖത്തെ കാട്ടി സിനിമ തുടങ്ങിയപ്പോള്‍ രണ്ടാം പകുതിയില്‍ കാട്ടിയ താടി വളര്‍ത്തിയ ആസിഫിനെ നിറകൈയ്യടുയോടെയാണ് പ്രേക്ഷകര്‍ സ്വകരിച്ചത്. കൈലാസത്തിലേക്ക് യാത്രയാകുന്ന സീനുകള്‍ നീലാകാശം പച്ചക്കടല്‍ ചുവ്വ ഭൂമി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെ ഷോട്ടുകള്‍ കടമെടുത്തോ എന്നും തോന്നിപ്പോകും. എന്നിരുന്നാലും ഛായാഗ്രഹണം കൈകാര്യം ചെയ്ത ബാഹുല്‍ രമേശിന് ഒരു ബിഗ് സല്യുട്ട് തന്നെ നല്‍കണം. സിനിമയുടെ ആരംഭം മുതല്‍ തന്നെ മികച്ച ഷോട്ടുകളാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. 


പ്രണയവിരഹമുള്ളവര്‍ക്ക് ഉള്ളു പിടയും, പ്രണയിക്കുന്നവര്‍ പ്രതീക്ഷയോടെയിരിക്കുക

പ്രണയ വിരഹം ഉള്ളവര്‍ ചിത്രം കാണുമ്പോള്‍ തങ്ങളെ തന്നെയാകും ഓര്‍ക്കുക എന്ന് ഉറപ്പ്. നിറകണ്ണുകളോടെ അല്ലാതെ ആര്‍ക്കും, പ്രത്യേകിച്ച് യുവാക്കള്‍ക്ക് ചിത്രത്തെ കാണാന്‍ സാധിക്കില്ല. മാത്രമല്ല പ്രണയിക്കുന്നവര്‍ ചിത്രം കണ്ടാല്‍ വിരഹം എന്ന വിധിയാണോ തങ്ങള്‍ക്കും എന്ന് തോന്നിപ്പോകാമെങ്കിലും ചിത്രത്തന്റെ അവസാനം കഥ നല്‍കുന്ന പുത്തന്‍ പ്രതീക്ഷ ഏറെ ഹൃദയഹാരിയായ ഒന്നാണ്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രണയം ചിത്രം തന്നെയാണ് മന്ദാരം...... പ്രണയത്തിന്റെ മന്ദാരം ഇനിയും തളിര്‍ക്കട്ടെ...

asif ali mandaram movie review thomas cheriyan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES