മോഹൻ ലാൽ എന്ന നടന്റെ അഭിനയ ജീവിതത്തിൽ വേഷപ്പകർച്ചകൾ കൊണ്ട് അനശ്വരമാക്കി തീർത്ത കഥാപാത്രങ്ങളിൽ ഒന്നാണ് വാനപ്രസ്ഥത്തിലെ കുഞ്ഞുകുട്ടൻ. കഥകളി അവതരിപ്പിക്കുന്ന കുഞ്ഞുക്കുട്ടന്റെ കഥയായിരുന്നു സിനിമയുടെ ഇതിവൃത്തം. തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പാലേരിയാണ് ചിത്രത്തിന് സംഭാഷണമൊരുക്കിയിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറവും കുഞ്ഞുക്കുട്ടനെയും ആ കഥ എഴുതിയ സമയത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് രഘുനാഥ് പാലേരി. വീണ്ടും മനോഹരമായ നിമിഷങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തുറന്ന് പറയുന്നത്.
ഷാജി എന്‍ കരുണിനു വേണ്ടി വാനപ്രസ്ഥം എഴുതും നേരം തൊട്ടരുകില്‍ മനസ്സിന്റെ ഉള്‍വട്ടത്തോട് ചേര്‍ന്ന് ഓരോ ജാലകങ്ങള്‍ക്കു ള്ളിലായി കുഞ്ഞുക്കുട്ടനും ഭാര്യയും മകളും അമ്മയും അവരുടെ പഴയ വീടും എല്ലാം വന്നു നില്‍ക്കും. ഒപ്പം കുഞ്ഞുക്കുട്ടന്റെ ശബ്ദവും താളവുമായ രണ്ടു പ്രിയ ചങ്ങാതിമാരും. ഇടക്കിടെ ഞാനാ ജാലകപ്പാളികള്‍ തുറന്ന് അവരോടെല്ലാം സംസാരിക്കും. ഉള്‍സങ്കടങ്ങളും കുഞ്ഞു കുഞ്ഞാനന്ദങ്ങളും പരസ്പരം ഘോഷിച്ചുകൊണ്ട് അവരെന്നിലേക്ക് നിയന്ത്രണമില്ലാതെ ചൊരിയും.
അവരെല്ലാം എത്ര പാവങ്ങളാണെന്ന് ഞാന്‍ സങ്കടപ്പെടും. അവര്‍ക്കിടയില്‍ പെട്ട് മനഃശ്ശക്തി ഉടയാതെ കളിയരങ്ങിലെ ആട്ടവിളക്കായി പിടിച്ചു നില്‍ക്കുന്ന മകളോട് അതിരറ്റ വാത്സല്ല്യം തോന്നും. അവരെയെല്ലാം ആശ്വസിപ്പിക്കാന്‍ അക്ഷരങ്ങളാല്‍ മാത്രമേ കഴിയുന്നുള്ളുവല്ലോ എന്ന് ഞാനും നീറും. ഒരു തിരക്കഥ കടന്നു പോകുന്നത് ഒരഗ്നി ചാലിലൂടെയുള്ള സഞ്ചാരം പോലെയാണ്. അതിന്റെ ആദ്യത്തെ കാഴ്ച്ചക്കാരന്‍ അത് രചിക്കുന്നവനാണ്. അതിനകത്ത് ജീവിക്കുന്നവര്‍ക്കു മുന്നില്‍ അമ്പരന്നു നില്‍ക്കുന്നതും ആ കാഴ്ച്ചക്കാരന്‍ തന്നെയാണ്.
എന്നാല്‍, അക്ഷരങ്ങളാല്‍ രൂപപ്പെട്ട് കഥാപാത്രങ്ങളായി ജീവിക്കുന്നതിനും അപ്പുറമുള്ളൊരു പിടച്ചിലാണ്, അവരെ വെളിച്ചമായി പ്രകാശിപ്പിക്കുന്നവരില്‍ സംഭവിക്കുന്നതെന്ന്, ചിലരെ കാണുമ്പോള്‍ എനിക്ക് കൃത്യമായി തോന്നാറുണ്ട്. അവരിതെങ്ങനെ സാധിച്ചെടുക്കുന്നുവെന്നും അത്ഭുതപ്പെടാറുണ്ട്. ചിത്രത്തില്‍ വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടന്റെ പൂതനയും, കുഞ്ഞായ കൃഷ്ണനെ മുലപ്പാല്‍ നല്‍കാനായി അരികിലേക്ക് ക്ഷണിക്കേ, മറച്ചു പിടിച്ചിട്ടും അറിയാതെ തെളിഞ്ഞു വരുന്ന പൂതനയിലെ അമ്മക്കുള്ളിലെ മാതൃഭീതി കാണുന്ന പ്രേക്ഷകയായ ഒരു കുട്ടിയും. കുറച്ചു നേരം രണ്ടുപേരെയും നോക്കി ഇരിക്കുക. നിങ്ങളും മനസ്സിന്റെ ജാലകങ്ങളില്‍ ഏതെങ്കിലും ഒന്ന് തുറന്നു പോകും.
'വാനപ്രസ്ഥത്തില്‍' ആട്ടം കഴിഞ്ഞ് മനസ്സു തളര്‍ന്ന് വിശ്രമിക്കുകയാണ് സുഭദ്രയുടെ മനോസൗന്ദര്യമായ അര്‍ജുന സങ്കല്‍പ്പ ചൈതന്യം. ഇത്തിരി മുന്‍പെ പൈങ്കുനി ഉത്സവത്തില്‍ ആടിയ 'പൂതന'യെ കണ്ട് മനം നിറഞ്ഞിട്ടും കളരി ആശാന്‍ അരികിലേക്ക് വിളിച്ച് ആനന്ദത്തോടെ ശാസിച്ചത് ഇങ്ങിനെ ആയിരുന്നു. 'നന്നായീന്ന് ആരെങ്കിലും പുകഴ്ത്തിയാല്‍ നന്നായിട്ടില്ല്യാന്നങ്ങട്ട് പറഞ്ഞേക്കണം.
ആ മുട്ടി എന്റെ കയ്യിലിണ്ടാര്‍ന്നെങ്കില്‍ ഒരേറ് കിട്ടിയേനെ' എറിഞ്ഞ താളമുട്ടി പറന്നു വന്ന് തന്നെ പുല്‍കുന്നതറിഞ്ഞ ശിഷ്യന്റെ ശിരസ്സില്‍ ആശാന്‍ ആദരവോടെ അനുഗ്രഹം ചൊരിഞ്ഞു. അവിടേക്കാണ് ദിവാന്റെ ദൂതന്‍ ആരുടെയോ മനസ്സിലെങ്ങോ ആഴത്തില്‍ കിടക്കുന്നൊരു അര്‍ജുന പ്രണയദൂതുമായി വരുന്നത്. വന്നതും അദ്ദേഹം കാര്യം പറഞ്ഞു. 'ദിവാനദ്ദേഹത്തിന്റെ മരുമകള്‍ക്ക് സുഭദ്രാഹരണം അങ്ങൊന്ന് ആടിക്കാണണമെന്ന് മോഹംണ്ടത്രെ. വിസ്മയിക്കാതെ കുഞ്ഞുക്കുട്ടന്‍ ചോദിച്ചു. 'എന്നെ ഇത്ര ഉന്നതസ്ഥാനത്ത് എത്തിക്കുന്ന ആ മരുമകള്‍ ആരാണാവോ. തല്‍ക്കാലം അവര്‍ക്ക് നന്ദി പറയാം. ആടാന്‍ വയ്യ.
ആ പറഞ്ഞതിനപ്പുറം ഒരു സത്യവും ശാന്തതയും കുഞ്ഞുക്കുട്ടനില്‍ ഇല്ലായിരുന്നു. എന്നാല്‍ ആദരവ് കാണിച്ചു മുന്നിലേക്ക് വന്ന ദൂതന്‍ തിരിച്ചു പോകുന്നത് ഉള്ളില്‍ ഈര്‍ഷ്യയോടെയാണ്. ആട്ടക്കാരന്റെ അകവിളക്ക് ആളുന്നതും പിടയുന്നതും ആനന്ദം തേടുന്നവളുടെ ദൂതനുപോലും മനസ്സിലാകുന്നില്ല. അയാള്‍ പോയ ശേഷം ആട്ടമനസ്സും താങ്ങിയുള്ള കുഞ്ഞുക്കുട്ടന്റെ പാതി ഉയര്‍ന്നൊരു കിടപ്പുണ്ട്. എരിയുന്ന ഉള്‍നെരിപ്പോടിലെ ഉണര്‍ന്നുയര്‍ന്ന അദൃശ്യ തീനാളങ്ങള്‍ ആ കണ്ണുകളെ ആശ്വസിപ്പിക്കും വിധം തലോടുന്നുണ്ട്.