മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രമാണ് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ദേവാസുരം. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഓരോ മലയാള പ്രേക്ഷകരുടേയും ഹൃദയത്തില്‍ ജീവിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിലേക്കുള്ള തന്റെ സഞ്ചാരത്തേക്കുറിച്ചും കഥ പിറന്ന നാളുകളേക്കുറിച്ചും സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മനോരമ ചാനലില്‍ അവതരിപ്പിച്ച ദേവാസുരകാലം എന്ന പരിപാടിയിലാണ് സംവിധായകന്‍ മനസ് തുറന്നത്.
'മുണ്ടക്കല്‍ ശേഖരന്‍ എന്ന വില്ലന്‍ കഥാപാത്രമായി നെപ്പോളിയനെ നിര്‍ദേശിച്ചത് മോഹന്‍ലാല്‍ ആണ്. ലാല്‍ ഈ തിരക്കഥ പൂര്‍ണമായും വായിച്ചു കഴിഞ്ഞ ശേഷം എന്നോട് ചോദിച്ചു, 'ആരായിരിക്കും ഈ ശേഖരന്‍.' കണ്ടുശീലിച്ചിട്ടുള്ള മുഖങ്ങളില്‍ നിന്നും മാറി ചിന്തിക്കാമെന്ന് ഞാന്‍ ശശിയേട്ടനോട് പറഞ്ഞിട്ടുണ്ടെന്ന് ലാലിനോട് പറഞ്ഞു. അങ്ങനെയെങ്കില്‍ ഞാനൊരാളെ നിര്‍ദേശിക്കാമെന്ന് ലാല്‍ പറഞ്ഞു. അങ്ങനെ ലാല്‍ ആണ് ആ കാസ്റ്റിങ് നടത്തിയത്.'ദേവാസുരത്തിന്റെ പൂജ മദ്രാസില്‍വച്ചായിരുന്നു. അവിടെ വെച്ചാണ് നെപ്പോളിയനെ കാണുന്നത്. അപ്പോള്‍ എന്റെ മനസ്സിലും അത് പൂര്‍ണമായി...' രഞ്ജിത്ത് പറയുന്നു.
മംഗലശേരി നീലകണ്ഠന്‍ എന്ന മാടമ്പി കഥാപാത്രം ചെയ്യാന്‍ പുതുതലമുറയിലെ ആര്‍ക്കാണ് കഴിയുക എന്ന ചോദ്യത്തിന് രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ.
' ഈ ചോദ്യത്തിന് ഒരു ഉത്തരം എന്റെ കയ്യിലില്ല. ഈ ചോദ്യത്തിന് ഒരു ഉത്തരത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല. അതൊരിക്കലും ഈ തലമുറയിലെ താരങ്ങള്‍ക്ക് കഴിവ് കുറവുണ്ടായത് കൊണ്ടല്ല. പക്ഷേ മംഗലശേരി നീലകണ്ഠന്‍ എന്ന പേരിന് ഒരു മുഖമേ യോജിക്കൂ. അത് മോഹന്‍ലാലിന്റെയാണ്. അതുമാത്രമല്ല ദേവാസുരം ഈ കാലഘട്ടത്തിന്റെ ചിത്രമല്ല. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍- രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.