ചോദ്യം ചോദിക്കാം, ഉത്തരം കിട്ടണമെന്ന് വാശി പിടിക്കരുത്. പാപ്പരാസി സ്വഭാവം വല്ലാതെ പിടികൂടിയതോടെ മാധ്യമങ്ങള്‍ സെലിബ്രിറ്റികള്‍ക്ക് പിന്നാലെ കൂടി അവരെ ശല്യപ്പെടുത്തുന്ന രീതി ഏറി വരികയാണ്. സിനിമാ താരങ്ങളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എവിടെ പോയാലും ആളുകൂടുന്ന സൂപ്പര്‍ താരം ആയാലോ! നടന്‍ മോഹന്‍ലാല്‍ ഒരുപരിപാടിക്ക് വന്ന ശേഷം മടങ്ങുന്നതിനിടെ വെട്ടുകിളികളെ പോലെ താരത്തെ കടന്നാക്രമിക്കുകയാണ് മൈക്കുകളുമായി വിവിധതരം മാധ്യമങ്ങള്‍.
സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ജിഎസ്ടി ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥി മോഹന്‍ലാലായിരുന്നു. ചടങ്ങിന് ശേഷം അദ്ദേഹം മടങ്ങുമ്പോഴാണ് സംഭവം. ചോദിച്ച ചോദ്യത്തിന് തനിക്കൊന്നും പറയാനില്ല താന്‍ അറിഞ്ഞില്ല, അറിഞ്ഞിട്ട് പറയാം എന്ന് അദ്ദേഹം പറഞ്ഞിട്ടും വിടാതെ പിന്തുടരുകയാണ്.
ഒടുവില്‍ 24 ന്യൂസ് ചാനലിന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ കുത്തുകയും ചെയ്തു. നന്നായി വേദനിച്ചതോടെ അദ്ദേഹം കണ്ണുതിരുമ്മി കൊണ്ട് ചോദിച്ച ചോദ്യവും പ്രതികരണരീതിയും സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയാണ്. എന്താ... മോനെ കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറില്‍ കയറുകയാണ് ചെയ്തത്. വാഹനത്തിന്റെ ഡോര്‍ അടയ്ക്കും മുമ്പ് മോനെ നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ടെന്ന് മൈക്ക് കൊണ്ട് കണ്ണില്‍ കുത്തിയ മാധ്യമപ്രവര്‍ത്തകനെ നോക്കി തമാശമട്ടില്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ലാലേട്ടനായത് കൊണ്ട് സൗമ്യമായി പെരുമാറി, മറ്റു വല്ല താരങ്ങളുമായിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന മട്ടിലുള്ള പോസ്റ്റുകളും കമന്റുകളും വരുന്നുണ്ട്. മോഹന്‍ലാലിന്റെ ക്ഷമയെ ആണ് പലരും വാഴ്ത്തുന്നത്.