മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സിനിമയുടെ ഷൂട്ടിനായി ഇരുതാരങ്ങളും ഡേറ്റ് നല്‍കി കഴിഞ്ഞുവെന്നാണ് പുതിയ വിശേഷം.മമ്മൂട്ടി 100 ദിവസത്തെയും മോഹന്‍ലാല്‍ 30 ദിവസത്തെയും ഡേറ്റാണ് നല്‍കിയിരിക്കുന്നത്.
താരങ്ങളുടെ ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനായി ഡീഏജിങ് ടെക്നോളജിയും ചിത്രത്തില്‍ ഉപയോഗിക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സിനിമയെ കുറിച്ചുള്ള മറ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. ചിത്രത്തില്‍ ഫഹദും കുഞ്ചാബോ ബോബനും എത്തുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
80 കോടി ചെലവില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകുമെന്നും വിവരമുണ്ട്.
ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ 16ന് ശ്രീലങ്കയില്‍ ആരംഭിക്കും.ഏഴു ദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയില്‍ ഉണ്ടാകും.മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകളുടെ ചിത്രീകരണം ശ്രീലങ്കയില്‍ ആയിരിക്കും.
16 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമ കൂടിയാണിത്. 2008-ല്‍ ജോഷി സംവിധാനം ചെയ്ത 'ട്വന്റി:20'-യിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. 1982-ലാണ് ഇരുവരും ആദ്യമായി പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. നവോദയയുടെ 'പടയോട്ടം' എന്ന സിനിമയിലായിരുന്നു അത്.
തുടര്‍ന്ന് അഹിംസ, സിന്ധൂരസന്ധ്യയ്ക്ക് മൗനം, ഇതാ ഇന്നുമുതല്‍, അതിരാത്രം, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, കരിമ്പിന്‍ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, കരിയിലകാറ്റു പോലെ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, അടിമകള്‍ ഉടമകള്‍ തുടങ്ങി 51 സിനിമകളില്‍ ഇരുവരും ഒരുമിച്ചെത്തിയിട്ടുണ്ട്.