നടന് മമ്മൂട്ടിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഇപ്പോള്‍ മമ്മൂട്ടിയുടെ സഹായം സ്വീകരിച്ച് പഠിച്ചിരുന്ന അട്ടപ്പാടിയിലെ കുട്ടികള്‍ താരത്തെ കാണാനായി ഷൂട്ടിങ്ങ് നടക്കുന്ന വരിക്കാശേരി മനയിലെത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മംഗലം ഡാമിലെയും അട്ടപ്പാടിയിലെയും കുട്ടികളാണ് മെഗാസ്റ്റാറിനെ കാണാന്‍ എത്തിയത്. എന്നാല്‍ അത് സൂപ്പര്‍ താരത്തെ കാണാന്‍ വേണ്ടിയായിരുന്നില്ല. കഴിഞ്ഞ 5 വര്‍ഷങ്ങളിലായി തങ്ങള്‍ എന്ത് ആവശ്യപ്പെട്ടാലും താമസംകൂടാതെ അത് നടത്തി തരുന്ന പ്രിയപ്പെട്ട വല്യേട്ടനെ കണ്ടു നന്ദി പറയാനായിട്ടാണ് അവര്‍ എത്തിയത്.
തങ്ങളുടെ അടുത്ത് ഷൂട്ടിങ് വരുന്നതറിഞ്ഞ് ട്രൈബല്‍ പ്രൊമോട്ടര്‍മാരെയും കൂട്ടി വരിക്കാശ്ശേരി മനയില്‍ എത്തുകയായിരുന്നു കുട്ടികള്‍.പഠനോപകരണങ്ങള്‍, വൈദ്യ സഹായങ്ങള്‍, പി എസ് സി കോച്ചിങ്, ലൈബ്രറി സപ്പോര്‍ട്ട്, വിദഗ്ദ്ധ ചികിത്സ സഹായങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി സഹായങ്ങള്‍ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ വഴി അട്ടപ്പാടിയിലെയും നെന്മാറ നെല്ലിയാമ്പതി വനമേഖലയില്‍ ഉള്ള ആദിവാസി കോളനി കളിലൂടെ നടപ്പാക്കി വരികയായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ആദിവാസി സമൂഹവുമായി മമ്മൂട്ടി നിരവധി കൂടിക്കാഴ്ചകള്‍ മുന്‍പ് നടത്തിയിട്ടുണ്ടങ്കിലും ഈ ഭാഗങ്ങളില്‍ ഉള്ളവരുമായി മുഖാമുഖം അടുത്തെങ്ങും നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ മമ്മൂട്ടിയും ഇവരെ അത്യധികം വരവിനെ വലിയ സന്തോഷത്തോടെയായിരുന്നു വരവേറ്റത്.
കുട്ടികളെ ഒരു വല്യേട്ടന്റെ സ്നേഹ വായ്പോടെ സ്വീകരിച്ച മമ്മൂട്ടി അവരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. കുരുന്നുകളുടെ ആവലാതികള്‍ കേട്ട അദ്ദേഹമമാകട്ടെ പ്രശ്നപരിഹാരങ്ങളും അപ്പോളപ്പോള്‍ ആരാഞ്ഞു. കുട്ടികള്‍ക്ക് ഷൂട്ടിങ് കാണാന്‍ ഉള്ള ആഗ്രഹം അറിഞ്ഞപ്പോള്‍ അതിനുള്ള ക്രമീകരണവും മമ്മൂട്ടി തന്നെ നേരിട്ട് നടത്തി. ഇവരുടെ കൂടി ആവശ്യങ്ങള്‍ പരിഗണിച്ചു ആദിവാസി സമൂഹത്തിനായി കൂടുതല്‍ പദ്ധതികള്‍ അടുത്ത ആഴ്ച തന്നെ ആരംഭിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.
കൈകളില്‍ റോസാപ്പൂവുമായിട്ടാണ് കുട്ടികളെത്തിയത്. മമ്മൂട്ടിയാകട്ടെ ചായക്കൊപ്പം കൈ നിറയെ മധുര പലഹാരങ്ങളും സമ്മാനങ്ങളും ഓണകിറ്റുകളും നല്‍കിയാണ് കുട്ടികളെ യാത്രയാക്കിയത്. ഷൈലോക് എന്ന സിനിമയുടെ ചിത്രീകരണം വരിക്കാശേരി മനയില്‍ നടക്കുന്നതിനിടെയായിരുന്നു ഈ അപൂര്‍വ്വ കൂടിക്കാഴ്ച നടന്നത്.