തിരുച്ചിറപ്പള്ളിയിലെ ലാല്‍ഗുഡി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ മന്‍സൂര്‍ അലിഖാനെതിരെ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയില്‍വേ പാളത്തില്‍ തലവെച്ച് കിടന്നതിനാണ് നടപടി. റെയില്‍വേ പാളത്തില്‍ അതിക്രമിച്ച് കയറിയതിനും ട്രെയിന്‍ ഗതാഗതത്തിന് തടസ്സമുണ്ടാക്കിയതിനുമാണ് റെയില്‍വേ പോലീസ് കേസെടുത്തത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയില്‍വേ പാളത്തില്‍ തലവെച്ച് കിടന്ന് പ്രതിഷേധം പുനരവതരിപ്പിച്ച നടന്‍ മന്‍സൂര്‍ അലിഖാന്‍ നിയമക്കുരുക്കില്‍. ചൊവ്വാഴ്ച കല്ലക്കുടി പഴങ്കനാഥം സ്റ്റേഷന് സമീപമുള്ള റെയില്‍വേ പാളത്തിലാണ് താരം കിടന്നത്. വിവരം അറിഞ്ഞെത്തിയ പോലീസ് ഉടന്‍ തന്നെ ഇദ്ദേഹത്തെ പാളത്തില്‍ നിന്നും മാറ്റി.
1953-ല്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി കല്ലക്കുടി റെയില്‍വേ പാളത്തില്‍ തലവെച്ച് കിടന്ന് പ്രതിഷേധിച്ചിരുന്നു. കല്ലക്കുടിയില്‍ എത്തിയപ്പോള്‍ ആ ചരിത്ര സംഭവം ഓര്‍മ്മ വന്നെന്നും അത് പുനരാവിഷ്‌കരിക്കാനാണ് താന്‍ ശ്രമിച്ചതെന്നുമാണ് മന്‍സൂര്‍ അലിഖാന്റെ വിശദീകരണം. എന്നാല്‍, ഇത്തരം പ്രവൃത്തികള്‍ സ്വന്തം ജീവനും ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.