ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷക പ്രിയം നേടിയ പരമ്പരയാണ് 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം'. മാസങ്ങള്‍ക്കു മുമ്പ് പരമ്പരയില്‍ നിന്നും പുറത്തു വന്നത് അത്ര ശുഭകരമായ വാര്‍ത്തകളായിരുന്നില്ല. താരങ്ങള്‍ തമ്മിലുള്ള വഴക്കുകളും ലൊക്കേഷനിലുണ്ടായ പ്രശ്നങ്ങളും എല്ലാം ആരാധകരെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ, ഒരു സന്തോഷകരമായ വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. പരമ്പരയില്‍ നായികയായ അളകനന്ദ എന്ന നന്ദയായി അഭിനയിക്കുന്ന നടി മാനസി ജോഷി വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് എന്ന വിശേഷമാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ കവര്‍ന്നിരിക്കുന്നത്.
കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചു കാട്ടുന്ന പരമ്പരയാണ് 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം'. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഗൗതമിന്റെയും എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ അളകനന്ദയുടേയും ജീവിതമാണ് പറയുന്നത്. ലക്ഷ്മിപ്രിയ എന്ന നടി ആയിരുന്നു ആദ്യം അളക നന്ദയായി അഭിനയിച്ചത്. എന്നാല്‍ പരമ്പര ആരംഭിച്ച് നാലാം മാസം നടി പിന്മാറിയതോടെയാണ് മാനസി ജോഷി അളക നന്ദയായി എത്തിയത്. ആദ്യം പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ട് ആരാധക മനസുകള്‍ കീഴടക്കുകയായിരുന്നു മാനസി. ഇപ്പോഴിതാ, സീരിയല്‍ ആരംഭിച്ച് ഒരു വര്‍ഷത്തോളം ആകവേ വിവാഹത്തിലേക്ക് കടക്കുകയാണ് മാനസി. രാഘവ് ഭാവ എന്ന പയ്യനാണ് മാനസിയെ വിവാഹം കഴിക്കുവാന്‍ പോകുന്നത്.
പ്രിയപ്പെട്ടവരും കുടുംബാംഗങ്ങളും ചേര്‍ന്ന് ആഘോഷമാക്കിയ വിവാഹനിശ്ചയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അളകനന്ദയുടെയും ഗൗതമിന്റേയും ഫാന്‍സ് പേജുകളും വിവാഹ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞു. വിവാഹം പോലെ തന്നെ ആഘോഷവും സദ്യയും ഒക്കെയായിട്ടാണ് വിവാഹനിശ്ചയവും കുടുംബം ആഘോഷമാക്കിയിരിക്കുന്നത്. ഡാന്‍സും മോഡലിംഗും ഒക്കെ ഏറെ ഇഷ്ടമുള്ള മാനസി അപ്രതീക്ഷിതമായിട്ടാണ് അളക നന്ദയായി മലയാളത്തിലേക്ക് എത്തിയത്. ശേഷം വലിയ ആരാധക പിന്തുണയാണ് നടിയ്ക്കുണ്ടായത്. സെലിബ്രിറ്റി ഡാന്‍സ് ഷോയിലും പങ്കെടുത്തിട്ടുള്ള മാനസി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. സീരിയലിലെ സഹതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പോസ്റ്റു ചെയ്യാറുമുണ്ട്.
ഏഷ്യാനെറ്റ് പരമ്പരകളില്‍ സ്ഥിരമായി കാണുന്ന നായികമാരില്‍ നിന്നും മാറ്റമുള്ളൊരു മുഖമായിരുന്നു മാനസിയുടേത്. ആദ്യമത് ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് ബുദ്ധിമുട്ടായിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറി. മാനസിയുടെ ആദ്യ മലയാള പരമ്പര കൂടിയാണിത്. അതേസമയം, പൊലീസ് ഓഫീസറായ ഗൗതമിന്റെ ഭാര്യാവേഷത്തിലാണ് മാനസി സീരിയലില്‍ എത്തുന്നത്. എംബിബിഎസ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങളിലാണ് നന്ദ. വീട്ടില്‍ നിന്നും ഏഷണിയും പാരകളുമൊക്കെ ഉണ്ടെങ്കിലും ധൈര്യത്തോടെ എല്ലാം നേരിടുന്ന നന്ദയുടെ അമ്മായിയമ്മയായി നടി സജിത ബേട്ടിയാണ് അഭിനയിക്കുന്നത്.