മകന്‍ അമൃതിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് മനോജ് കെ.ജയന്‍. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഗ്രാമര്‍ സ്‌കൂളില്‍ അമൃതിന് പ്രവേശനം ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ചാണ് മനോജ് കെ.ജയന്റെ കുറിപ്പ്.
മനോജ് കെ ജയന്റെയും ആശയുടേയും മകനായ അമൃതിന് യുകെയിലെ ഗ്രാമര്‍ സ്‌കൂളില്‍ അഡ്മിഷന്‍ ലഭിച്ചെന്ന വിശേഷമാണ് സന്തോഷത്തോടെ അറിയിച്ചിരിക്കുന്നത്.
നടന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ഇത് ഞാന്‍ പങ്കിടാന്‍ ആഗ്രഹിക്കുന്ന ഒരു അഭിമാന നിമിഷമാണ്, എന്റെ മകന്റെ കഠിനാധ്വാനത്തില്‍ നിന്ന് അവന്‍ ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം നേടിയിരിക്കുകയാണ്. ഇത് എല്ലാ യുകെ കുടുംബങ്ങളുടെയും സ്വപ്നമാണ്. എന്റെ പ്രിയപ്പെട്ട മകന്‍ സെക്കണ്ടറി സ്‌കൂളിലേക്കുള്ള ആദ്യ ദിനത്തിലേക്ക് ചുവടുവെക്കുമ്പോള്‍ ഞാന്‍ എന്നെന്നും അഭിമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.. എന്റെ പ്രിയപ്പെട്ട അമിക്കുട്ടന്‍ (അമൃത്) എന്നു പറഞ്ഞുകൊണ്ട് മകനൊപ്പമുള്ള സന്തോഷ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
1598ല്‍ സ്ഥാപിതമായ ഐയ്ല്‍സ്ബെറി ഗ്രാമര്‍ സ്‌കൂളിലാണ് അമൃതിന് പ്രവേശനം ലഭിച്ചിരിക്കുന്നത്. യുകെയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ഗ്രാമര്‍ സ്‌കൂളുകള്‍. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമെ അവിടെ പ്രവേശനം ലഭിക്കുകയുള്ളൂ. വിദ്യാഭ്യാസം വളരെ ചെലവേറിയ യുകെ പോലുള്ള വിദേശ രാജ്യങ്ങളില്‍ കുട്ടികളില്‍ നിന്നും ചാര്‍ജ്ജുകളൊന്നും തന്നെ ഈടാക്കാതെയാണ് ഗ്രാമര്‍ സ്‌കൂളുകള്‍ മികച്ച വിദ്യാഭ്യാസം നല്‍കുന്നത്. ചില സ്‌കൂളുകളില്‍ ബോര്‍ഡിംഗ് സൗകര്യവും ലഭ്യമാണ്. അതിനു മാത്രം ഫീസ് നല്‍കേണ്ടി വരും. അല്ലാത്ത പക്ഷം പൂര്‍ണമായും സൗജന്യമായാണ് വിദ്യാഭ്യാസം നല്‍കുക.
ഉയര്‍ന്ന അക്കാദമിക് നിലവാരമുള്ള സ്‌കൂളാണ് ഇംഗ്ലണ്ടിലെ ഗ്രാമര്‍ സ്‌കൂള്‍. ഈ സ്‌കൂളിലേക്കുള്ള പ്രവേശന നടപടികള്‍ അത്യന്തം കഠിനമാണ്. 11ാം വയസിലാണ് ഈ സ്‌കൂളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാന്‍ സാധിക്കുക.
നാലു മാസം മുമ്പായിരുന്നു നടന്‍ മനോജ് കെ ജയന്റ് പിതാവും ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയന്‍ അന്തരിച്ചത്. അച്ഛന്റെ മരണത്തില്‍ മനോജ് കെ ജയനേക്കാള്‍ സങ്കടവും വേദനയും ഭാര്യ ആശയ്ക്കായിരുന്നു. നാട്ടില്‍ ഉണ്ടായിരുന്ന കാലം മുഴുവന്‍ അച്ഛന്റെ നിഴല്‍ പോലെ നടന്ന ആശ മരണ വിവരം അറിഞ്ഞ് എത്തിയത് നെഞ്ചുപൊട്ടുന്ന വേദനയോടെയായിരുന്നു. ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി ഒന്നര മാസം മുമ്പാണ് ആശയും മകനും യുകെയിലേക്ക് തിരിച്ചു പോയത്. മകന്റെ സ്‌കൂള്‍ അഡ്മിഷനും മറ്റും തുടങ്ങാന്‍ സമയമായതിനാല്‍ ആയിരുന്നു പെട്ടെന്നുള്ള ആ തിരിച്ചു പോക്ക്.