കണക്കില്‍പ്പെടാത്ത പണം പിടിച്ചെന്ന കേസില്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ.മണികണ്ഠനു സസ്പെന്‍ഷന്‍ എന്ന വാര്‍ത്തയ്ക്കൊപ്പം നല്‍കിയ പടം മാറിയപ്പോള്‍ കഷ്ടത്തിലായത് മലയാള സിനിമയിലെ യഥാര്‍ത്ഥ മണികണ്ഠന്‍. ഒറ്റപ്പാലത്തെ വാടക വീട്ടില്‍നിന്ന് 1.90 ലക്ഷം രൂപ പിടിച്ചതിനു പിന്നാലെയാണു നടപടി.
വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോഴിക്കോട്ടെ വിജിലന്‍സ് സ്പെഷല്‍ സെല്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയായിരുന്നു മണികണ്ഠന്റെ വീട്ടില്‍ ഒക്ടോബര്‍ 29നു റെയ്ഡ് നടന്നത്. ഈ വാര്‍ത്തയ്ക്കൊപ്പമാണ് തെറ്റായ ചിത്രമെത്തിയത്. മലയാളികളെ അഭിനയ മികവിലൂടെ ഞെട്ടിച്ച മണികണ്ഠന്റെ പടമാണ് മനോരമയില്‍ വന്നത്. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമാണ് വിവാദത്തിലായ മണികണ്ഠന്‍.
വാടക വീട്ടില്‍നിന്നു പണത്തിനു പുറമെ മൊബൈല്‍ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണു മണികണ്ഠനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആട്2, ജാനകീജാനെ, അഞ്ചാംപാതിര ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഈ മണികണ്ഠന്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മനോരമ വാര്‍ത്തയില്‍ തെറ്റായി നല്‍കിയത് മണികണ്ഠന്‍ ആചാരിയുടെ പടമായി. ഇതോടെ വെട്ടിലായത് മണികണ്ഠന്‍ ആചാരിയാണ്. ഫോട്ടോ തെറ്റായി നല്‍കിയത് തനിക്ക് പണിയായെന്നും മനോരമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആചാരി അറിയിച്ചു.
പരീക്ഷണം തമിഴ് സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഫോണില്‍ വിളിച്ചു. കട്ടായപ്പോള്‍ തിരികെ വിളിച്ചു. അപ്പോള്‍ അവിടെ നിന്നും ജയിലില്‍ അല്ലേ എന്ന ചോദ്യമെത്തി. അല്ല എന്ന് മറുപടി പറഞ്ഞു. അപ്പോഴാണ് ഫോട്ടോ തെറ്റായി വന്നത് മനസ്സിലായത്. ആ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചതു കൊണ്ട് ആ അവസരം നഷ്ടമായില്ല. പക്ഷേ ഇത് കണ്ട് തെറ്റിധരിച്ചവര്‍ സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യതയുണ്ട്-മണികണ്ഠന്‍ ആചാരി പറഞ്ഞു.
സിനിമയില്‍ ഒരു പേരുദോഷവും ഉണ്ടാക്കിയിട്ടില്ല. മനപ്പൂര്‍വ്വം അങ്ങനെ പേരുദോഷം ഉണ്ടാകാതിരിക്കാന്‍ പ്രയത്നിക്കുകയും ചെയ്തു. എന്നിട്ടും വെറുതെ ഒരു പേരുദോഷം മനോരമയുണ്ടാക്കി തന്നു. ഈ സാഹചര്യത്തില്‍ നിയമപരമായി പോകുമെന്നും വീഡിയോയിലൂടെ മണികണ്ഠന്‍ അറിയിച്ചു. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് നാടകവേദികളില്‍ സജീവമായിരുന്ന മണികണ്ഠന്‍ ആചാരി സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു. വിജയ് സേതുപതി, രജനികാന്ത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു. അങ്ങനെ ഏറെ തിരക്കുള്ള നടനാണ് ആചാരി.എന്നിട്ടും ഫോട്ടോ തെറ്റിയെന്നതാണ് സിനിമാ ലോകത്തേയും ഞെട്ടിപ്പിക്കുന്നത്.