മംമ്ത മോഹന്‍ദാസ് എന്ന് പറഞ്ഞാല്‍ ഒരു സിനിമ നടി മാത്രമല്ല ഇന്ന്. ആത്മധൈര്യത്തിന്റേയും തിരിച്ചുവരവിന്റേയും പ്രതീകം കൂടിയായി മാറിയിരിയ്ക്കുന്നു മംമ്ത.ഒരു തവണയല്ല, രണ്ട് തവണയാണ് മംമ്തയെ അര്‍ബുദം എന്ന മഹാരോഗം കീഴടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അവര്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. ജീവിതത്തിലെ വിധിയോടും വെല്ലുവിളികളോടും തോല്‍വി സമ്മതിക്കാന്‍ തയാറാവാതെ പോരാടി തോല്പ്പിച്ച നടിയുടെ വാക്കുകള്‍ ഇപ്പോള്‍ നിരവധി രോഗികള്‍ക്കാണ് പ്രചോദനമാകുന്നത്.
കഴിഞ്ഞദിവസം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി സംഘടിപ്പിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസേര്‍ച്ചിന്റെ വാര്‍ഷിക സമ്മേളനത്തില്‍ മംമ്ത പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ സംസാരിച്ച മംമ്തയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്.തനിക്ക് അര്‍ബുദം ബാധിക്കുന്നത് 24-ാം വയസ്സിലാണെന്ന് നടി മംമ്ത മോഹന്‍ദാസ്. പല തവണ നഷ്ടപ്പെടുമെന്നു കരുതിയ സാഹചര്യത്തില്‍ നിന്നു തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങു പ്രണയമാണെന്നും നടി വേദിയില്‍ പറഞ്ഞു.
സമ്മേളനത്തില്‍ അര്‍ബുദത്തെ അതിജീവിച്ച റീജനല്‍ കാന്‍സര്‍ സെന്റര്‍ മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ഡോ.എന്‍ ശ്രീദേവി അമ്മയ്ക്കും മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.പി കുസുമ കുമാരിക്കുമൊപ്പം വേദി പങ്കിടുകയായിരുന്നു മംമ്ത.ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചതെന്നു മംമ്ത പറഞ്ഞു. 11 വര്‍ഷം മുമ്പ്, അപ്പോള്‍ തനിക്ക് 24 വയസ്സായിരുന്നു. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാനാകുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിനു മുമ്പ് ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ചു പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അര്‍ബുദത്തോടു മല്ലിട്ടു ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുന്നു. ഏതു തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണ്- മംമ്ത പറഞ്ഞു.
യാത്രകളും സിനിമാ തിരക്കുകളുമൊക്കെയായി ജീവിതം ആഘോഷിക്കുകയാണ് മംമ്ത ഇപ്പോള്‍. ടൊവിനോ തോമസ് നായകനായി എത്തുന്ന ഫോറന്‍സിക് ആണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.