വിട പറഞ്ഞ നടന്‍ ശ്രീനിവാസന്റെ ഭൗതികദേഹം കൊച്ചി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്. ഇവിടെ ശ്രീനിയെ കാണാന്‍ സിനിമാ ലോകം ഒഴുകി എത്തുകയാണ്. സാമൂഹിക -സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയും എത്തിയിരുന്നു. ആദ്യം വീട്ടിലാണ് ആദ്ദേഹം എത്തിയത്.ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി ശ്രീനിവാസന് അന്തിമോപരചാരമര്‍പ്പിക്കാന്‍ കണ്ടനാട്ടെ വീട്ടിലെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം രമേശ് പിഷാരടിയുമുണ്ടായിരുന്നു. ശ്രീനിവാസന്റെ ഭാര്യ വിമലയെ ആശ്വസിപ്പിക്കുന്ന സുല്‍ഫത്തിന്റെ ദൃശ്യങ്ങള്‍ നോവായി മാറി.
വളരെയധികം ആത്മബന്ധമുണ്ടായിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഒരുകാലത്ത് ഒരുമുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അങ്ങനെയാണ് അവര്‍ സുഹൃത്തുക്കളാകുന്നത്. അതേസമയം മലയാള സിനിമയില്‍ ആദ്യമായി മമ്മൂട്ടിയുടെ ശബ്ദമായതും ശ്രീനിവാസനായിരുന്നു. മേള, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, വിധിച്ചതും കൊതിച്ചതും എന്നീ സിനിമകളില്‍ മമ്മൂട്ടിയ്ക്ക് ശബ്ദമായത് ശ്രീനിവാസനായിരുന്നു.
ജീവിതത്തിലുടനീളം തങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. തന്റെ വിവാഹത്തിന് മമ്മൂട്ടി സാമ്പത്തികമായി സഹായിച്ചതിനെക്കുറിച്ച് ശ്രീനിവാസന്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം, തനിക്ക് ആദ്യമായി പ്രതിഫലം തന്നത് ശ്രീനിവാസനാണെന്ന് മമ്മൂട്ടിയും പറഞ്ഞിട്ടുണ്ട്. മേളയില്‍ അഭിനയിച്ചതിന് പ്രതിഫലമായി 500 രൂപയുടെ ചെക്ക് മമ്മൂട്ടിയ്ക്ക് കൈമാറിയത് ശ്രീനിവാസനായിരുന്നു.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ശ്രീനിവാസന്റെ മരണം. 69 വയസായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇന്ന് വിരാമമായത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭ. 1976 ല്‍ പുറത്തിറങ്ങിയ മണിമുഴക്കത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദനയിലാണ് മലയാള സിനിമാലോകം.