മമ്മൂട്ടിയുടെ ബിഗ്ബഡ്ജറ്റ് ചിത്രമായ മാമാങ്കം സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഡിസംബര്‍ പന്ത്രണ്ടിനാണ് ചിത്രം തീയറ്ററുകളിലെത്തുക. തെലുങ്ക് പതിപ്പും അന്നേദിവസം തന്നെ റിലീസ് ചെയ്യും. അല്ലു അര്‍ജുന്റെ അച്ഛനായ അല്ലു അരവിന്ദിന്റെ ഗീത ആര്‍ട്‌സ് എന്ന ബാനര്‍ ആണ് മാമാങ്കം തെലുങ്കു ഡബ്ബിങ് പതിപ്പ് വിതരണം ചെയ്യുന്നത്. ഇപ്പോള്‍ പണ്ട് മമ്മൂട്ടിയെ വില്ലനാകാന്‍ ക്ഷണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അരവിന്ദ് പങ്കുവച്ചതാണ് വൈറലായി മാറുന്നത്.
മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണ് മാമാങ്കമെന്നാണ് സൂചനകള്‍ പറയുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ പന്ത്രണ്ടിന് നാല് ഭാഷകളില്‍ ആയിട്ടാണ് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്നത്. റിലീസിന് മുന്നോടിയായുള്ള പ്രമോഷനുകള്‍ നടന്നുവരികയാണ്. സിനിമയുടെ തെലുങ്കു പതിപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം മമ്മൂട്ടി ഹൈദരാബാദില്‍ ആയിരുന്നു. ഇതിനിടെ നടന്ന പ്രസ്മീറ്റിലാണ് അല്ലു അരവിന്ദ് പണ്ട് മമ്മൂട്ടിയെ തന്റെ ചിത്രത്തില്‍ വില്ലനാകാന്‍ ക്ഷണിച്ച കഥ പറഞ്ഞത്. പക്ഷേ മമ്മൂട്ടിയുടെ മറുപടിയില്‍ അരവിന്ദിന്റെ ഉത്തരംമുട്ടുകയായിരുന്നു.
അല്ലു അരവിന്ദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. 'പവന്‍ കല്യാണ്‍ നായകനായ ഒരു സിനിമയിലെ വില്ലന്‍ വേഷം ചെയ്യാന്‍ ഞാന്‍ ഒരിക്കല്‍ മമ്മൂട്ടിയെ ക്ഷണിക്കുകയുണ്ടായി. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് അദ്ദേഹം എന്നോട് ചോദിച്ചത് ഇത്രമാത്രം, ഈ റോള്‍ ചെയ്യാന്‍ നിങ്ങള്‍ ചിരഞ്ജീവിയെ ക്ഷണിക്കാന്‍ ധൈര്യം കാണിക്കുമോ എന്നാണ്. ഇല്ലെന്നായിരുന്നു എന്റെ മറുപടി'. ഈ വേദിയില്‍ വച്ച് മമ്മൂട്ടിയോട് ക്ഷമ ചോദിക്കാനും അദ്ദേഹം മറന്നില്ല.
മമ്മൂട്ടി അന്യ ഭാഷ സിനിമകളില്‍ നായക വേഷം അല്ലാതെ മറ്റു വേഷങ്ങള്‍ പൊതുവെ സ്വീകരിക്കാറില്ല. അതിന്റെ ഒരുദാഹരണം കൂടിയാണ് ഇപ്പോള്‍ അല്ലു അരവിന്ദിന്റെ വാക്കുകള്‍. എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം രചിച്ചത് ശങ്കര്‍ രാമകൃഷ്ണനാണ്. ചിത്രം തീയറ്ററുകളില്‍ എത്താന്‍ അക്ഷമയോടെ കാത്തിരിക്കയാണ് മമ്മൂട്ടി ആരാധകര്‍. ചിത്രത്തിന്റെ ട്രെയ്‌ലറും പോസ്റ്ററുകളും പാട്ടും ആരാധകര് ഏറ്റെടുത്തിരുന്നു.ചിത്രത്തില് മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന് മാസ്റ്റര് അച്യുത്, സിദ്ധിഖ്, തരുണ് അറോറ, സുദേവ് നായര് മണികണ്ഠന് സുരേഷ് കൃഷ്ണ, എന്നിവരും അഭിനയിക്കുന്നുണ്ട്, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്.