മലയാളം സിനിമയിലെ നിത്യഹരിത നായിക എന്ന വിശേഷണം സ്വന്തമാക്കിയ നടിയാണ് ഷീല. 1962 മുതല്‍ അഭിനയിച്ചു തുടങ്ങിയ നടി ഇന്നും സിനിമയില്‍ സജീവമാണ്. പ്രേം നസീറിന്റെ നായികയായി നൂറു കണക്കിന് സിനിമകളില്‍ അഭിനയിച്ചതിലൂടെ ഷീല റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു. ഇടയ്ക്ക് വിവാഹം കഴിഞ്ഞതോടെയാണ് ഷീല അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. ഒത്തിരി വര്‍ഷങ്ങളോളം സിനിമയെ ഉപേക്ഷിച്ചെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തി. ഇപ്പോള്‍ പൊതുപരിപാടികളിലൊക്കെ സജീവമാണ് നടി.
ഷീലയുടെ മികച്ച കഥാപാത്രങ്ങളിലൊന്നായി ഇപ്പോഴും മുമ്പിലുള്ളത് ചെമ്മീനിലെ കറുത്തമ്മയാണ്. ഇപ്പോളിതാ കറുത്തമ്മ പരീക്കുട്ടിയെ കാണാനെത്തിയ
ദൃശ്യങ്ങളാണ് സോഷ്യലിടത്തില്‍ വൈറലാകുന്നത്. വാര്‍ധക്യസഹജമായ അവശതകളാല്‍ വിശ്രമ ജീവിതം നയിക്കുകയാണ് മധു. പൊതുപരിപാടികളില്‍ പോലും പലപ്പോഴും വെര്‍ച്വലായി മാത്രമെ പങ്കെടുക്കാറുള്ളു. അതുകൊണ്ട് തന്നെ പരീക്കുട്ടിയേയും കറുത്തമ്മയേയും ഒരുമിച്ച് ഒരു ഫ്രെയിമില്‍ കണ്ടതോടെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
തിക്കുറിശ്ശി ഫൗണ്ടേഷന്‍ തമ്പാനൂര്‍ റെയില്‍വേ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തിക്കുറിശ്ശി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനായി കഴിഞ്ഞ ദിവസം ഷീല തിരുവനന്തപുരത്ത് എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുത്ത ഉടന്‍ ഷീല പോയത് പ്രിയപ്പെട്ട മധു സാറിനെ കാണാന്‍ അദ്ദേഹത്തിന്റെ കണ്ണന്മൂലയിലെ വീട്ടിലേക്കാണ്.
പഴയ നായികയെ കണ്ടെതും പരീക്കുട്ടിയെപ്പോലെ ഊര്‍ജസ്വലനായി മധു. പൂക്കള്‍ നിറച്ച ബൊക്കയുമായി വന്ന ഷീല മധുവും ബന്ധുക്കളും മധുരം നല്‍കി സ്വീകരിച്ചു. പിന്നീട് കുറച്ച് നേരത്തേക്ക് പരസ്പരം കുശലാന്വേഷണവും ഫോട്ടോയ്ക്ക് പോസ് ചെയ്യലുമെല്ലാമായി.
ഫോട്ടോ എടുക്കാന്‍ ഷീല അടുത്ത് ഇരുന്നപ്പോള്‍ പതിവ് സ്‌റ്റൈലില്‍ മധുവിന്റെ കമന്റ് വന്നു. കുറച്ച് റൊമാന്റിക്കായിട്ട് ഇരിക്ക് ഷീലേ... പിന്നെ ഹാളിലാകെ ചിരി പടര്‍ന്നു. എത്രതന്നെ ആരെയൊക്കെ കണ്ടാലും നമ്മുടെ കൂടെ അഭിനയിച്ച ആള്‍ക്കാരെ കണുമ്പോഴുള്ള സന്തോഷം അതൊന്ന് വേറെ തന്നെയായാണ് എന്നാണ് മധുവിനെ കണ്ട് മടങ്ങാന്‍ നേരം ഷീല പറഞ്ഞത്. പ്രിയപ്പെട്ട നായിക പോകാനിറങ്ങിയപ്പോള്‍ വീണ്ടും വരണമെന്ന് മധു ഓര്‍മ്മിപ്പിച്ചു. ശേഷം കെട്ടിപിടിച്ച് ചുംബനവും നല്‍കിയാണ് മധു ഷീലയെ യാത്രയാക്കിയത്.
കഴിഞ്ഞ വര്‍ഷമാണ് മധു തൊണ്ണൂറാം പിറന്നാള്‍ ആഘോഷിച്ചത്. കൈവെച്ച എല്ലാ മേഖലകളിലും തന്റേതായ വ്യക്തിത്വം ഉണ്ടാക്കിയ മധു ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചത്. അഞ്ച് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരുന്നു അദ്ദേഹം. തൊണ്ണൂറ്റിയൊന്നുകാരനായ താരം അവസാനമായി അഭിനയിച്ചത് മമ്മൂട്ടി ചിത്രം വണ്ണിലാണ്. ഷീലയും വളരെ സെലക്ടീവായി മാത്രമാണ് ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്.