മികച്ച പ്രതികരണം നേടി 'ഒ. പി 160/18 കക്ഷി:അമ്മിണിപിള്ള' യുഎഇ യിലും ജിസിസി രാജ്യങ്ങളിലും പ്രദര്‍ശനം തുടരുകയാണ്. ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് ആണ് ചിത്രം ഇവിടെ വിതരണത്തിനെത്തിച്ചത്. ഇപ്പോള്‍ ഇന്‍ഡിവുഡിലൂടെ ചിത്രം യുഎസ്എ യിലും കാനഡയിലും റിലീസ് ചെയ്തു. തലശ്ശേരി ശൈലിയും സിനിമയുടെ മറ്റു ചേരുവകളുമെല്ലാം പ്രവാസികള്‍ക്ക് നന്നേ ബോധിച്ചിട്ടുണ്ട്.
കേരളത്തിലെ തലശ്ശേരി ടൗണില്‍ ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതില്‍ ഉള്‍പ്പെടുന്ന ദമ്പതികളുമാണ് ചിത്രത്തിന്റെ പ്രതിപാദ്യം. അമ്മിണിപ്പിള്ള എന്ന് വിളിപ്പേരുള്ള സജിത് കുമാറിനെ വീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് കല്ല്യാണം കഴിപ്പിക്കുന്നു. തന്റെ ഭാര്യയായ കാന്തി ശിവദാസിനോടൊപ്പമുള്ള ആദ്യരാത്രി മുതല്‍ അമ്മിണിപ്പിള്ളയ്ക്ക് മടുപ്പ് അനുഭവപ്പെട്ട് തുടങ്ങുന്നു.
അമ്മിണിപ്പിള്ള ഡിവോഴ്‌സ് ചെയ്യാന്‍ തീരുമാനമെടുക്കുന്നതും, ആ കേസ് വാദിക്കാനായ് പ്രദീപന്‍ വക്കീല്‍ കടന്ന് വരുകുകയും ചെയ്യുന്നു. തുടര്‍ന്ന് വികസിക്കുന്ന രസകരമായ മൂഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിക്കുകയാണ് കക്ഷി
അമ്മിണിപ്പിള്ളയിലൂടെ.അഹമ്മദ് സിദ്ദിഖ് ആണ് അമ്മിണിപ്പിള്ളയായ് വേഷമിടുന്നത്, ആസിഫ് അലിയും നായികയായ് എത്തുന്ന ഷിബ്‌ലയും മറ്റൊരു നായിക അശ്വതിയും അവരുടെ വേഷങ്ങള്‍ നന്നായി ചെയ്തിരിക്കുന്നു.
പൂര്‍ണമായും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നര്‍മ്മത്തിനും വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ തലശ്ശേരി ഭാഷയുടെ സാന്നിധ്യം ചിത്രത്തിന് കൂടുതല്‍ നര്‍മ്മ സാധ്യതകള്‍ നല്‍കും. പ്രശ്നബാധിത ദമ്പതികളില്‍ ഭാര്യാ വേഷം ചെയ്യുന്ന ഷിബ്ല തന്റെ കന്നി ചിത്രത്തിനായി വന്‍ മേക്കോവറാണ് നടത്തിയിരിക്കുന്നത്. ബോളിവുഡിലെ ഭൂമി പെഡ്‌നേക്കര്‍, തെന്നിന്ത്യന്‍ സിനിമയിലെ അനുഷ്‌ക ഷെട്ടി എന്നിവരെ പോലെ പ്ലസ് സൈസ് ഹീറോയിന്‍ എന്ന നായികാ സങ്കല്‍പ്പം മലയാള സിനിമയില്‍ കൊണ്ടുവരികയാണ് ഇതിലൂടെ.
നവാഗതനായ ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് റിജു രാജന്‍ നിര്‍മ്മിച്ച മലയാളം കോമഡി ചിത്രമാണ് ഒ.പി 160/18 കക്ഷി:അമ്മിണിപിള്ള. അരുണ്‍ മുരളീധരനും സാമുവല്‍ അബിയുമാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അശ്വതി മോഹനന്‍, അഹമ്മദ് സിദ്ദീഖ്, ബേസില്‍ ജോസഫ്, വിജയ രാഘവന്‍, മാമൂക്കോയ, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.