ലൂസിഫർ എന്ന ചിത്രത്തിന്റെ അലയൊലികൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ നിറയുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാൻ പ്രഖ്യാപിച്ചെങ്കിലും ആദ്യ ഭാഗത്തിന്റെ മാസ് ഡയലോഗുകൾ ഇപ്പോഴും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് ത്‌നനെ ലൂസിഫറിന്റെ പ്രധാന സീനുകളുടെ ചിത്രീകരണം ബിഹൈൻഡ് ദ സീൻ എന്ന പേരിൽ അണിയറക്കാർ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനോടകം പതിനൊന്നോളം വീഡിയോകൾ ഗുഡ് വിൽ എന്റർടെയിന്മെന്റ് പുറത്തു വിട്ടു കഴിഞ്ഞു. ഇപ്പോഴിതാ ഒടുവിലായി വന്നിരിക്കുന്നത് മോഹൻലാൽ- വിവേക് ഒബ്റോയി- സായി കുമാർ കോമ്പിനേഷനിലുള്ള രംഗമാണ്. എന്നെ അറിയാവുന്നരോട് പണ്ടേ ഞാൻ പറഞ്ഞിട്ടുണ്ട്, നാർകോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്. എന്ന മാസ് ഡയലോഗ് ലൂസിഫറിൽ മോഹൻലാൽ ആവർത്തിച്ചപ്പോൾ ആരാധകർ അത് ആഘോഷമാക്കി മാറ്റുകയായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിനു പിന്നിലെ പിന്നണി കാഴ്ചകളാണ് ഇപ്പോൾ വൈറലാകുന്നത്.
റിലീസ് ചെയ്ത് 50 ദിവസങ്ങൾക്കുള്ളിൽ 200 കോടി ക്ലബ്ബിലെത്തി, ഈ നേട്ടം കൈവരിച്ച ആദ്യ മലയാളസിനിമയായി ലൂസിഫർ മാറിയിരുന്നു.മോഹൻലാൽ, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായികുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, നൈല ഉഷ, ബൈജു സന്തോഷ്, ഫാസിൽ, സച്ചിൻ ഖേദേകർ, ശിവജി ഗുരുവായൂർ, ബാല, ശിവദ തുടങ്ങിയ വൻ താരനിരയെക്കൂടാതെ പൃഥ്വിരാജും സിനിമയിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.