സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി നടി ലക്ഷ്മി പ്രിയ. രാഷ്ട്രീയ നിലപാടിന്റെ പേരില്‍ തനിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയാണ് അതിരൂക്ഷമായി നടി മറുപടിയുമായി എത്തിയത്.ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ഈ രാജ്യത്ത് മുസ്ലിം മതം മാറിയ ആദ്യത്തെ വ്യക്തി അല്ല ഞാന്‍. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തേ സ്ത്രീയും ഞാനല്ല. എന്നാല്‍ ഇത് രണ്ടും എനിക്ക് ഭരണഘടന തരുന്ന സ്വാതന്ത്ര്യം ആണ്. അതിന് ഒരു പ്രത്യേക മത വിഭാഗത്തില്‍ ഉള്ളവരും ഇടത് പക്ഷവും കുറച്ചൊക്കെ വലത് പക്ഷവും കേട്ടാല്‍ അറയ്ക്കുന്ന തെറിയുമായി എന്റെ കമന്റ് ബോക്‌സില്‍ വന്നിട്ട് കാര്യമില്ല.
അളമുട്ടിയാല്‍ ചേരയും കടിക്കും എന്നു പറയുന്ന പോലെ താനിനി അതിശക്തമായി തന്നെ പ്രതികരിക്കുമെന്ന് ലക്ഷ്മി പ്രിയ കുറിപ്പില്‍ പറയുന്നു. കേരള പൊലീസ്, അഭിഭാഷകര്‍ എന്നിവരെയെല്ലാം ടാഗ് ചെയ്തുകൊണ്ടാണ് ലക്ഷ്മി പ്രിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ലക്ഷ്മി പ്രിയ പങ്കുവച്ച കുറിപ്പ് വായിക്കാം
കരച്ചില്‍ ഒക്കെ കഴിഞ്ഞെങ്കില്‍ ഇനി കരച്ചിലുകാരുടെ ശ്രദ്ധയിലേക്ക് കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തരാം. അളമുട്ടിയാല്‍ ചേരയും കടിക്കും. ഇത് നമ്മുടെ നാട്ടിലെ ഒരു ചൊല്ലാണ്. സാമം, ദാനം, ഭേദം, ദണ്ഡം, എന്നു വച്ചാല്‍ ക്ഷമയുടെ നെല്ലിപ്പലകയും തകര്‍ന്ന് കഴിയുമ്പോ വായില്‍ പന്നിപ്പടക്കം വച്ച് പൊട്ടിച്ചു തരുന്നത് പോലെ പ്രതികരിക്കും എന്ന്. അതിന് ഞാന്‍ സിനിമാ നടി എന്നോ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയായ നിങ്ങള്‍ എന്തിന് പ്രതികരിക്കുന്നു എന്നോ ചോദിച്ചിട്ട് കാര്യമില്ല. ഈ രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചു ജീവിക്കാന്‍ അര്‍ഹതയുള്ളവള്‍ ആണ് ഞാനും'.
ഈ രാജ്യത്ത് മുസ്ലിം മതം മാറിയ ആദ്യത്തെ വ്യക്തി അല്ല ഞാന്‍. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തേ സ്ത്രീയും ഞാനല്ല. എന്നാല്‍ ഇത് രണ്ടും എനിക്ക് ഭരണഘടന തരുന്ന സ്വാതന്ത്ര്യം ആണ്. അതിന് ഒരു പ്രത്യേക മത വിഭാഗത്തില്‍ ഉള്ളവരും ഇടത് പക്ഷവും കുറച്ചൊക്കെ വലത് പക്ഷവും കേട്ടാല്‍ അറയ്ക്കുന്ന തെറിയുമായി എന്റെ കമെന്റ് ബോക്‌സില്‍ വന്നിട്ട് കാര്യമില്ല. സിനിമാ നടി, രാഷ്ട്രീയക്കാരി എന്ന് പറഞ്ഞാല്‍ നിങ്ങളൊക്കെ വിളിക്കുന്ന തെറി മുഴുവന്‍ കേട്ടിരിക്കേണ്ടവള്‍ ആണ് എന്ന ഒരു ചിന്തയും നിങ്ങള്‍ക്ക് വേണ്ട. അത്തരം ചിന്ത ഉള്ളവര്‍ തിരിച്ചു കേള്‍ക്കുമ്പോ ഇരവാദം പറഞ്ഞു വരരുത്.
രണ്ട് പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ കരഞ്ഞു കൂവി മെഴുകുകയാണല്ലോ? അതെന്താ 1000 തരുമ്പോ 10 തിരിച്ചു കിട്ടുന്നത് താങ്ങുന്നില്ലേ?? ഇവിടെ യൂ പ്രതിഭ എം.എല്‍.എയെ വേദിയില്‍ ഇരുത്തി അപഹസിച്ചു ഒരു മുസ്ലിം ലീഗ് പ്രതിനിധി. അവര്‍ പൊട്ടിക്കരഞ്ഞു കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരികയും അയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. സ്ത്രീ ആയത് കൊണ്ടു മാത്രം അവരുടെ രാഷ്ട്രീയത്തെയും ജാതിയെയും മതത്തെയും ആക്ഷേപിക്കുവാന്‍ ഈ പറഞ്ഞ കൂട്ടര്‍ക്ക് ആരാണ് അധികാരം നല്‍കുന്നത്.?'
എന്റെ അച്ഛനെ, എന്റെ അമ്മയെ, എന്റെ ഭര്‍ത്താവിനെ, എന്റെ പത്ത് വയസ്സുള്ള മകളെ, എന്റെ മാനത്തെ, എന്റെ തൊഴിലിനെ ഒക്കെ അധിക്ഷേപിക്കുന്നവര്‍ ഇപ്പൊ ഇരവാദം നടത്തിയിട്ടു കാര്യമില്ല. സര്‍വ്വരുടെയും സ്‌ക്രീന്‍ ഷോട്ട് ഞാന്‍ എടുത്ത് വച്ചിട്ടുണ്ട്. ആ പച്ചത്തെറികള്‍ ഇവിടെ പോസ്റ്റ് ചെയ്യാന്‍ എന്റെ അഭിമാനം സമ്മതിക്കുന്നില്ല. മൂട്ടയെ കൊല്ലും പോലെ പരമാവധി കമന്റ്‌സ് ഞാന്‍ ഡിലീറ്റ് ചെയ്യുകയും അവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനി അടുത്ത പടിയായി അത് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യും. അറിയട്ടെ നിങ്ങളുടെ ഒക്കെ സ്വഭാവം വീട്ടിലുള്ളവര്‍. നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും അറിയട്ടെ. കുറച്ചു പേരുടെ സ്‌ക്രീന്‍ ഷോട്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തപ്പോള്‍ തന്നെ എന്റെ ഭര്‍ത്താവിന്റെ നമ്പര്‍ തപ്പി പിടിച്ച് വിളിച്ചു മാപ്പ് പറഞ്ഞു പോസ്റ്റ് പിന്‍വലിക്കണം എന്ന് അപേക്ഷിച്ചവരുണ്ട്.
അറിയുക, സ്ത്രീയെ റേപ്പ് ചെയ്യുന്നത് മാത്രമല്ല കുറ്റകരം. അവള്‍ക്കെതിരെ ബഹുമാനമില്ലാതെ വരുന്ന ഓരോ വാക്കും പ്രവര്‍ത്തിയും കുറ്റകരം തന്നെയാണ്. ഇതാണോ നിങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ത്രീത്വ സംരക്ഷണം? ഇതാണോ മാനവികത? ഇതാണോ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം? മതം പറഞ്ഞും സ്ത്രീകളെ അപമാനിച്ചും വോട്ട് പിടിക്കാതെ വികസനം പറഞ്ഞു വോട്ട് പിടിക്കൂ. അതല്ലേ അന്തസ്സ്?ഈ നാട്ടില്‍ കോടതിയും നിയമ വ്യവസ്ഥയുമൊക്കെയുണ്ട്. പോട്ടെ എന്ന് വിചാരിക്കുന്നത് കൊണ്ട് മാത്രമാണ് നിങ്ങള്‍ രക്ഷപ്പെട്ടു പോകുന്നത്. അത് എന്റെ ഔദാര്യമാണ്. എന്നാല്‍ ഇനി അതൊന്നും പ്രതീക്ഷിക്കരുത്.
കേസും കൂട്ടവും ഒക്കെയായി നടക്കേണ്ടി വരുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. ഇര വാദം നടത്തുന്നവര്‍ എന്റെ പോസ്റ്റ്കളുടെ ചുവടെ നോക്കുക. അഭിപ്രായ വ്യത്യാസമൊക്കെ പ്രകടിപ്പിക്കാം. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവഹേളിക്കുവാനോ തെറി പറയുവാനോ ഒരാള്‍ക്കും റൈറ്റ് ഇല്ല. ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്. അതിന്റെ അഹങ്കാരം നല്ലോണമുണ്ട്.
ചുമ്മാതിരുന്ന് തിന്ന് എല്ലിന്റെ ഇടയില്‍ കുത്തുമ്പോ ഉള്ളതല്ല കേട്ടോ, 16 വയസ്സ് മുതല്‍ ആത്മാഭിമാനം പണയം വയ്ക്കാതെ തനിയെ ജോലി ചെയ്ത് വീടുകളും, കാറുകളും അത്യാവശ്യം ജീവിച്ചു പോകാനുള്ളതും ഒക്കെ ഉണ്ടാക്കിയവള്‍ എന്ന അഹങ്കാരം. ഈശ്വരനല്ലാതെ മറ്റാരെയും ഭയക്കേണ്ടതില്ല എന്ന അഹങ്കാരം.സമ്പത്തിന്റെ അടയാളം സംതൃപ്തിയാണ് ഹേ. കോടികളുടെ കിലുക്കമല്ല. ആ സംതൃപ്തിയും വേണ്ടുവോളമുണ്ട്. അതും എന്റെ അഹങ്കാരമാണ് എന്നു കൂട്ടിക്കോളൂ. അതുകൊണ്ട് ഇരവാദം അവസാനിപ്പിച്ചു പിരിഞ്ഞു പോകുക. ഇനി എഴുതിയുള്ള പ്രതികരണം ആയിരിക്കുകയില്ല.