ബോളിവുഡിലെ പ്രശസ്ത സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയായ 'ക്രിഷ്' പുതിയ ഭാഗവുമായി തിരിച്ചു വരാനൊരുങ്ങുന്നു. ഹൃത്വിക് റോഷനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന 'ക്രിഷ് 4' എന്ന ചിത്രത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യമായി സംവിധായകനാവാന്‍ ഹൃത്വിക് തയ്യാറെടുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 2026ല്‍ ആരംഭിക്കുമെന്ന് പിതാവും സംവിധായകനുമായ രാകേഷ് റോഷന്‍ സ്ഥിരീകരിച്ചു. ഇതിനിടയില്‍, ചിത്രത്തെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരിക്കുകയാണ്. പ്രധാന കഥാപാത്രമായി ഹൃത്വിക് തന്നെയാണ് തുടര്‍ന്നും എത്തുന്നത്.
എന്നാല്‍, ഈ ഭാഗത്തില്‍ നായികയായി നോറ ഫത്തേഹിയെ കാണാനാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുമ്പത്തെ ഭാഗങ്ങളില്‍ അഭിനയിച്ച പ്രിയങ്ക ചോപ്ര ഒഴിവാകുന്നു. അതേസമയം, ആദ്യ ചിത്രമായ കോയി മില്‍ ഗയയില്‍ നായികയായി എത്തിയ പ്രീതി സിന്റ വീണ്ടും ഈ ചിത്രത്തിലൂടെ പ്രത്യക്ഷപ്പെടും. ചിത്രത്തിന്റെ കഥയും ഏറെ ആവേശം ഉയര്‍ത്തുന്ന തരത്തിലാണ്. ''കാല്‍'' എന്ന വില്ലനെ തോല്‍പ്പിച്ച ശേഷം ക്രിഷിന് ടൈം ട്രാവല്‍ ചെയ്യാനുള്ള കഴിവ് ലഭിക്കുന്നു. ഇതിലൂടെ ഒരു വലിയ ദുരന്തത്തില്‍ നിന്നു മനുഷ്യരാശിയെ രക്ഷിക്കുന്നതും, ചരിത്രവും ഭാവിയും മാറ്റിമറിക്കുന്നതും ചിത്രത്തിന്റെ ഇതിവൃത്തമായി മുന്നോട്ടുപോകും. ക്രിഷ് പലകാലഘട്ടങ്ങളിലൂടെയും സഞ്ചരിക്കുന്നു എന്നതാണ് സിനിമയുടെ പ്രധാന ആകര്‍ഷണം.
കൂടാതെ, വിവേക് ഓബ്റോയ് ചിത്രത്തില്‍ കാമിയോ വേഷത്തിലായിരിക്കും എത്തുക. നസിറുദ്ദീന്‍ ഷാ, രേഖ തുടങ്ങിയ പ്രമുഖരും വേഷമിടുമെന്ന് ഐഎംഡിബി വെബ്സൈറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ കോയി മില്‍ ഗയ എന്ന സിനിമയിലാണ് ഈ സയന്‍സ് ഫിക്ഷന്‍ കഥയ്ക്ക് തുടക്കമാകുന്നത്.
പിന്നീട് 2006ലെ ക്രിഷ് സിനിമയിലൂടെ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയായി മാറി. 2013ലെ ക്രിഷ് 3ല്‍ ഹൃത്വിക് ഇരട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തു. പുതിയ ചിത്രത്തില്‍ കൂടുതല്‍ ആവേശകരമായ ട്രാക്കുകളും, സാങ്കേതികവിദ്യയും കാഴ്ചകളായി പ്രതീക്ഷിക്കാം. 'ക്രിഷ് 4'യെ കുറിച്ചുള്ള വിവരം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുമ്പോള്‍, ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.