വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് നടന്‍ രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു. രജനികാന്ത് നായകനായെത്തിയ 'കൊച്ചടൈയാന്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട് പണംവാങ്ങി വഞ്ചിച്ചെന്ന കേസിലാണ് ലത ഹാജരായത്. 2015ല്‍ ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് പരസ്യ സ്ഥാപനം നല്‍കിയ വഞ്ചന കേസിന്റെ അടിസ്ഥാനത്തിലാണ് ലത ഹാജരായത്.
ലതയുടെ പേരിലുള്ള കേസില്‍ വഞ്ചനയ്ക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും ചുമത്തിയ വകുപ്പുകള്‍ കര്‍ണാടക ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍ എതിര്‍കക്ഷി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ലത രജനികാന്തിനെതിരായ കുറ്റങ്ങള്‍ സുപ്രീം കോടതി പുനഃസ്ഥാപിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും 25,000 രൂപ പണമടച്ചുമാണ് കോടതി ഇപ്പോള്‍ ലതയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിചാരണ ദിവസങ്ങളില്‍ കോടതിയില്‍ ഹാജറരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് ജനുവരി ആറിലേയ്ക്ക് മാറ്റി.
ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വര്‍ടൈസിംഗ് ്രൈപവറ്റ് ലിമിറ്റഡ് കമ്പനി 6.2 കോടി രൂപ മോഷന്‍ ക്യാപ്ച്വര്‍ ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച രജനികാന്ത് നായകനായ 'കൊച്ചടിയാന്‍' നിര്‍മ്മിച്ച മീഡിയ വണ്‍ എന്റര്‍ടെയ്ന്‍മെന്റിലെ മുരളി എന്ന വ്യക്തിക്ക് വായ്പ നല്‍കിയിരുന്നു. മുരളിക്ക് നല്‍കിയ വായ്പയ്ക്ക് ഗ്യാരണ്ടിയായി ഒപ്പുവച്ചത് ലത രജനികാന്ത് ആയിരുന്നു.
2016ല്‍ ആഡ് ബ്യൂറോ കമ്പനി മുരളിക്കും ലത രജനീകാന്തിനുമെതിരെ വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് നല്‍കിയിരുന്നു. വായ്പ എടുത്ത പണം തിരിച്ചു തരാത്തതിനാലായിരുന്നു കേസ്. പിന്നീട് ഈ കേസില്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായെങ്കിലും സുപ്രീംകോടതി വിധിയോടെ വിചാരണ ആരംഭിക്കുകയായിരുന്നു.
അതിനെ തുടര്‍ന്നാണ് ലത ഇന്ന് കോടതിയില്‍ ഹാജറായി ജാമ്യം നേടിയത്. വിചാരണ ദിവസങ്ങളില്‍ കോടതിയില്‍ ഹാജറാകണം എന്നാണ് ജാമ്യവ്യവസ്ഥ. 'സെലിബ്രിറ്റികളാകുന്നതിന് ഞങ്ങള്‍ നല്‍കുന്ന വില' എന്നാണ് ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ലത രജനീകാന്ത് വിഷയത്തില്‍ പ്രതികരിച്ചത്.
രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്ത് 2014-ല്‍ പുറത്തിറങ്ങിയ മോഷന്‍ ക്യാപ്ചര്‍ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ആക്ഷന്‍ ചലച്ചിത്രമായിരുന്നു കൊച്ചടൈയാന്‍. രജനികാന്ത്, ദീപിക പദുക്കോണ്‍, ശോഭന, ആദി, ജാക്കി ഷ്രോഫ്, ശരത്കുമാര്‍, രുക്മിണി വിജയകുമാര്‍, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.