കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി മലയാളികള്‍ അടക്കമുള്ളവര്‍ നെഞ്ചേറ്റിയ ടാന്‍സാനിയന്‍ സോഷ്യല്‍ മീഡിയ താരമാണ് കിലി പോള്‍. റീലുകളിലൂടെ മലയാളം ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമെല്ലാം താരമായി മാറിയ കിലി പോളിനെ ഉണ്ണിയേട്ടനെന്നാണ് മലയാളികള്‍ സ്നേഹപൂര്‍വം വിളിക്കുന്നത്. കിലി പോള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലുണ്ടായിരുന്നു. ഇവിടെ ഉള്ള വിശേഷങ്ങളെല്ലാം കിലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് കിലി പോള്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.
കിലി ആദ്യമായി അഭിനയിക്കുന്ന മലയാളം സിനിമയാണ് ഇന്നസെന്റ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ ലുലു മാളില്‍ കിലി എത്തിയിരുന്നു. നല്ലൊരു മലയാളി പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം കഴിച്ച് കേരളത്തില്‍ കൂടാണമെന്ന് പറയുകയാണ് കിലി.വിവാഹിതനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, താന്‍ വിവാഹിതനല്ലെന്നും ഇപ്പോഴും സിംഗിളാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കുമെന്നും കിലി പറഞ്ഞു.
ശോഭനയാണ് മലയാളത്തിലെ ഇഷ്ടനടിയെന്നും നടന്മാരില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെയാണ് കൂടുതല്‍ ഇഷ്ടമെന്നും കിലി പറഞ്ഞു. പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ 'ആരുപറഞ്ഞു ആരുപറഞ്ഞു' എന്ന ഗാനം പ്രേക്ഷകര്‍ക്കായി അദ്ദേഹം ആലപിച്ചു.
അതേസമയം, എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് എ കെ ഡി നിര്‍മ്മിക്കുന്ന സിനിമയാണ് ഇന്നസെന്റ്. സിനിമയുടെ സംവിധാനം സതീഷ് തന്‍വിയാണ്. അല്‍ത്താഫും അനാര്‍ക്കലി മരക്കാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജി. മാര്‍ത്താണ്ഡന്‍, അജയ് വാസുദേവ്, ഡിക്‌സണ്‍ പൊടുത്താസ്, നജുമുദ്ദീന്‍ എന്നിവരാണ് എക്‌സി.പ്രൊഡ്യൂസര്‍മാര്‍. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സര്‍ജി വിജയനും സതീഷ് തന്‍വിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും കോമഡി ജോണറില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് നടക്കുന്നത്.