മുംബൈയിലെ ഐതിഹാസികമായ 'ആർ.കെ. ഫിലിംസ് ആൻഡ് സ്റ്റുഡിയോ' വിൽക്കാൻ ഉടമസ്ഥരായ കപൂർ കുടുംബം തയ്യാറെടുക്കുന്നുവെന്ന വാർത്ത ബോളിവുഡ് ലോകമടക്കം എല്ലാവരും ഏറെ വേദനയോടെയാണ് കേട്ടത്.സ്റ്റുഡിയോ സ്ഥാപിച്ച് 70 വർഷങ്ങൾക്കു ശേഷം അത് നിലനിർത്തുന്നത് ലാഭകരമല്ലാതായി മാറിയതോടെ വില്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് റിഷി കപൂറാണ് അറിയച്ചത്.
മുംബൈ മിററിന് നൽകിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം അക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. വൈകാരികമായ അടുപ്പമുണ്ടെങ്കിലും ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ഇത്തരമൊരു തീരുമാനമെടുക്കുകയേ നിർവാഹമുള്ളൂവെന്ന് താരം പറയുന്നു' ഏറെ വൈകാരിക ബന്ധമുള്ള ഞങ്ങൾ ഹൃദയം കല്ലാക്കിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ വളരെ നല്ല രീതിയിലുള്ള ബന്ധമാണ് ഉള്ളത്. എന്നാൽ ഞങ്ങളുടെ മക്കളും വരും തലമുറകളിലുള്ളവരും തമ്മിൽ ചിലപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. മറ്റേതൊരു സ്ഥാപനത്തെയും പോലെ കോടതി നടപടികളി ലേക്കാകും ഒടുവിൽ കര്യങ്ങൾ ചെന്നെത്തുന്നത്. തന്റെ സ്വപ്നം കോടതിയിൽ കെട്ടിക്കിടക്കുന്നത് കാണാൻ അച്ഛൻ ആഗ്രഹിക്കുന്നില്ല '' -ഋഷി കപൂർ അഭിമുഖത്തിൽ പറഞ്ഞു.
1948ൽ മുംബൈ ചെമ്പൂരിലെ രണ്ടേക്കർ ഭൂമിയിൽ രാജ് കപൂർ നിർമ്മിച്ചതാണ് നിരവധി സിനിമകൾക്കും പരസ്യ, ചാനൽ പരമ്പരകൾക്കും വേദിയായ ആർ.കെ സ്റ്റുഡിയോ. കഴിഞ്ഞവർഷം ഡാൻസ് റിയാലിറ്റി ഷോക്കിടെ ഉണ്ടായ തീപിടിത്തത്തിൽ അക്കാലത്തെ സൂപ്പർ താരങ്ങളായ നർഗിസ്, വൈജയന്തിമാല എന്നിവർ മുതൽ ഐശ്വര്യ റായി വരെ വിവിധ സിനിമകൾക്കായി ധരിച്ച കോസ്റ്റ്യൂംസ് അഗ്‌നിക്കിരയായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇനി സ്റ്റുഡിയോ പുതുക്കി പണിയേണ്ടതില്ലെന്നും കപൂർ കുടുംബം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തീപിടിത്തത്തിൽ സ്റ്റുഡിയോയിലെ പ്രധാനവേദിയും പഴയകാല സിനിമകളുടെ ഓർമ്മകൾക്കായി കരുതിവെച്ച വസ്തുവകകളും കത്തി നശിച്ചിരുന്നു. ബോളിവുഡിലെ ഇതിഹാസങ്ങളായ ആവാര, ശ്രീ 420, മേരാ നാം ജോക്കർ, ബോബി തുടങ്ങിയ സിനിമകളെല്ലാം ചിത്രീകരിച്ചത് ഈ സ്റ്റുഡിയോയിലായിരുന്നു.
പ്രശസ്ത ചലച്ചിത്ര താരമായ രാജ് കപൂർ 1948-ലാണ് ആർ.കെ. സ്റ്റുഡിയോ ആരംഭിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം 1988 മുതൽ മകൻ രൺധീർ കപൂർ സ്റ്റുഡിയോ ഏറ്റെടുത്ത് നടത്തുകയായിരുന്നു