പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കപൂര്‍ കുടുംബം. ഡിസംബര്‍ 14ന് നടക്കുന്ന ആര്‍കെ ഫിലിം ഫെസ്റ്റിവലിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനായാണ് സന്ദര്‍ശനം നടത്തിയത്. നടനും സംവിധായകനും നിര്‍മാതാവുമായ രാജ് കപൂറിന്റെ 100ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.
കപൂര്‍ ഫാമിലിയിലെ അംഗങ്ങളായ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രിയെ കാണാനെത്തി. രണ്‍ബീര്‍ കപൂര്‍, കരീന കപൂര്‍, കരീഷ്മ കപൂര്‍, ആലിയ ഭട്ട്, സെയ്ഫി ഖാന്‍, റിദ്ദിമ കപൂര്‍, നീതു സിങ് തുടങ്ങിയവരാണ് എത്തിയത്. മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സൗഹാര്‍ദ്ദപരമായി സംസാരിക്കാന്‍ കഴിഞ്ഞുവെന്നും ഇത് ഞങ്ങളുടെ കുടുംബത്തിന്റെ സവിശേഷമായ ദിവസമാണെന്നും രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. വ്യക്തിപരമായി ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. അതിനെല്ലാം സൗഹൃദപരമായാണ് അദ്ദേഹം ഞങ്ങള്‍ക്ക് മറുപടി നല്‍കിയത്. സംസാരിക്കാന്‍ അവസരം നല്‍കിയതിനും ഞങ്ങളൊടൊപ്പമിരുന്ന് സംസാരിച്ചതിനും പ്രധാനമന്ത്രിയോട് നന്ദി പറയുന്നുവെന്നും രണ്‍ബീര്‍ പറഞ്ഞു...
പ്രധാനമന്ത്രിയോടൊപ്പം അടുത്തിരുന്ന് സംസാരിക്കുക എന്നത് വളരെ നാളത്തെ സ്വപ്നമായിരുന്നുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കരീന കപൂര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പോസിറ്റീവ് എനര്‍ജി തങ്ങള്‍ക്ക് ലഭിച്ചുവെന്നും ഒരുപാട് സന്തോഷമുണ്ടെന്നും കരീന കപൂര്‍ പ്രതികരിച്ചു.
ഇത് ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാന നിമിഷമായിരുന്നുവെന്ന് രണ്‍ബീര്‍ കപൂറിന്റെ ഭാര്യയും നടിയുമായ ആലിയ ഭട്ട് പറഞ്ഞു. പ്രധാനമന്ത്രിയുടെ പോസിറ്റീവ് എനര്‍ജിയും പെരുമാറ്റവും ഒരുപാട് സ്വാധീനിച്ചുവെന്നും ആലിയ കൂട്ടിച്ചേര്‍ത്തു..
നടി കരീന കപൂര്‍ മക്കളായ തൈമൂറിനും ജേയ്ക്കും വേണ്ടി മോദിയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി. മുത്തച്ഛന്റെ പാരമ്പര്യവും മനോഹരമായ ജീവിതവും ആഘോഷിക്കുന്നതിനായുള്ള ഫിലിം ഫെസ്റ്റിവലിലേക്ക് മോദിയെ ക്ഷണിക്കാനായതില്‍ അഭിമാനമുണ്ട് എന്നാണ് കരീന കുറിക്കുന്നത്. മനോഹരമായ വൈകുന്നേരം സമ്മാനിച്ചതിന് നന്ദി പറയാനും താരം മറന്നില്ല. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് ഫിലിം ഫെസ്റ്റിലല്‍ നടക്കുക. 40 നഗരങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 135 സിനിമകള്‍ പ്രദര്‍ശിപ്പിക്കും