ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യില്‍ അതിഥിയായെത്തിയ സംവിധായകന്‍ അറ്റ്ലിയെ അവതാരകനായ കപില്‍ ശര്‍മ നിറത്തിന്റെ പേരില്‍ അപമാനിച്ചതായി സോഷ്യല്‍മീഡിയ. 'ബേബി ജോണ്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കപിലിന്റെ ഷോയില്‍ അതിഥിയായി എത്തിയ അറ്റ്ലിയോട് കപില്‍ ശര്‍മ ചോദിച്ച ഒരു ചോദ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ വഴിവച്ചിരിക്കുന്നത്.
നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, അറ്റ്ലീ എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ ?' എന്നായിരുന്നു കപില്‍ ശര്‍മയുടെ ചോദ്യം. പരിഹാസം കലര്‍ന്ന ചോദ്യത്തിന് അറ്റ്‌ലി നല്‍കിയ പക്വമായ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.
നിങ്ങളുടെ ചോദ്യം എനിക്ക് മനസ്സിലായി. ഞാന്‍ ഉത്തരം നല്‍കാന്‍ ശ്രമിക്കും. എ ആര്‍ മുരുകദോസ് സാറിനോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്, കാരണം അദ്ദേഹം ആണ് എന്റെ ആദ്യ ചിത്രം നിര്‍മിച്ചത്. അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു, പക്ഷേ ഞാന്‍ എങ്ങനെ ഇരിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്‌നമല്ലായിരുന്നു. എനിക്ക് അതിന് കഴിവുണ്ടോ ഇല്ലേ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്' എന്നായിരുന്നു അറ്റ്‌ലിയുടെ മറുപടി.
കപില്‍ ശര്‍മയുടെ ചോദ്യം നിറത്തിന്റെ പേരില്‍ അപമാനിക്കുന്ന രീ തിയിലുള്ളതാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ വിമര്‍ശനം.എന്നാല്‍ ഇതിനെതിരെ ആ വീഡിയോയില്‍ എവിടെയാണ് താന്‍ രൂപത്തെക്കുറിച്ച് സംസാരിച്ചതെന്നും ഇത്തരത്തില്‍ വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കപില്‍ ശര്‍മ പറഞ്ഞു. കപിലിനെ വിമര്‍ശിച്ചുകൊണ്ടുള്ള എക്സിലെ ഒരു ട്വീറ്റ് റീപോസ്റ്റ് ചെയ്താണ് താരം മറുപടി നല്‍കിയത്.
'സര്‍, ഇതില്‍ എവിടെയാണ് ഞാന്‍ രൂപത്തെക്കുറിച്ച് പറയുന്നത് എന്ന് ദയവായി വിശദീകരിക്കാമോ? സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുത്. നന്ദി,' എന്നാണ് കപില്‍ ശര്‍മ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.