മോഹന്‍ലാല്‍, പ്രഭാസ്, ശിവ രാജ്കുമാര്‍, മോഹന്‍ ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന 'കണ്ണപ്പ'യില്‍ യോദ്ധാവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങി വിഷ്ണു മഞ്ചു. ചിത്രത്തിന്റെ അതിശയിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു നിഗൂഢ വനത്തില്‍, ശിവലിംഗത്തിന് മുന്നില്‍ കയ്യില്‍ വില്ലുമായി നില്‍ക്കുന്ന വിഷ്ണു മഞ്ചുവിനെയാണ് പോസ്റ്ററില്‍ കാണുന്നത്.
ചിത്രത്തെ കുറിച്ച് വിഷ്ണു മഞ്ചു പറഞ്ഞതിങ്ങനെ,'രക്തത്തിലും വിയര്‍പ്പിലും കണ്ണീരിലും പതിഞ്ഞ ഒരു യാത്രയാണ് 'കണ്ണപ്പ'യെ സൃഷ്ടിച്ചത്. പരമശിവന്റെ ഏറ്റവും വലിയ ഭക്തനാകാനുള്ള നിരീശ്വരവാദിയായ ഒരു പോരാളിയുടെ യാത്ര. ഞങ്ങള്‍ ഉണ്ടാക്കാന്‍ പോവുന്ന പ്രതിഫലനമാണ് നിഗൂഢ വനത്തിലെ യോദ്ധാവ് - ഹൃദയത്തിലുണ്ടാവുന്ന ഒരു ആന്തരിക അനുഭവം.'
ഹോളിവുഡ് ഛായാഗ്രാഹകനായ ഷെല്‍ഡന്‍ ചൗ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന 'കണ്ണപ്പ'യുടെ 80 ശതമാനവും ന്യൂസിലന്‍ഡിന്റെ അതിമനോഹരമായ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. വിഷ്വല്‍ എക്സലന്‍സ്, ബ്ലെന്‍ഡിംഗ് ടെക്നോളജി, വിസ്മയിപ്പിക്കുന്ന സ്റ്റണ്ടുകള്‍, അത്യാധുനിക ആക്ഷന്‍ സീക്വന്‍സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് ഒരുക്കുന്ന ചിത്രം ഇപ്പോള്‍ ന്യൂസിലന്‍ഡില്‍ ഷൂട്ടിങ്ങിലാണ്.
വിഷ്ണുവിന്റെ 'കണ്ണപ്പ' എന്ന കഥാപാത്രം ഉയര്‍ന്ന സിനിമാറ്റിക് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ അദ്ദേഹത്തിന്റെ അഭിനയ മികവും അര്‍പ്പണബോധവും പ്രകടമാവുന്നു. പിആര്‍ഒ: ശബരി.