 
  കമല്‍ഹാസന്‍- മണിരത്നം ടീമിന്റെ 'നായകന്‍' എന്ന ചിത്രം 38-വര്‍ഷത്തിനുശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. കമല്‍ഹാസന്‍ നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രം നവംബര്‍ 06ന് വേള്‍ഡ് വൈഡ് ആയിട്ടാണ് റീ റിലീസ് ചെയ്യുന്നത്. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. രഞ്ജിത്ത് മോഹന്‍ ഫിലിംസ് ആണ് നായകന്‍ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. തമിഴില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ മുംബൈയിലെ അധോലോക നായകന്റെ കഥയാണ് മുഖ്യപ്രമേയം.
1987-ല്‍ പുറത്തിറങ്ങിയ നായകന്‍ കമല്‍-മണിരത്‌നം കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്തശേഷം മുംബൈയിലെത്തി അധോലോക നായകനായി മാറിയ വേലുനായ്ക്കര്‍ എന്ന കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ അക്കൊലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ കമല്‍ മികച്ച നടനായി. പി സി ശ്രീരാം ഛായാഗ്രാഹണത്തിന് അവാര്‍ഡ് നേടി. കലാസംവിധാനത്തിന് തോട്ട ധരണിയും ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ കമല്‍ഹാസന്റെ നായകന്‍ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മണിരത്‌നം ബാലകുമാരനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സാമ്പത്തികമായ വിജയം നേടുക മാത്രമല്ല ചിത്രത്തിന് നീരൂപ പ്രശംസയും ലഭിച്ചു എന്നിടത്താണ് കമല്‍ഹാസന്റെ നായകന്റെ വിജയത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായി വേലുനായ്ക്കര്‍ മാറി. ശരണ്യയും കാര്‍ത്തികയും ഡല്‍ഹി ഗണേശും നാസറും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ നായകനായ കമല്‍ഹാസനൊപ്പം എത്തി. സുജാത ഫിലിംസ് മുക്ത ഫിലിംസ് എന്നീ ബാനറുകളില്‍ മുക്ത വി രാമസ്വാമി, മുക്ത ശ്രീനിവാസന്‍, ജി. വെങ്കിടേശ്വരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ കാസ്റ്റിംഗും ഡയലോഗുകളും ക്യാമറയും സംഗീതവുമെല്ലാം മികവുറ്റതായിരുന്നു. അതിനെല്ലാം പരസ്പരം ഒരു ബാലന്‍സ് ഉണ്ടായിരുന്നു. ഒന്നും മുഴച്ചു നില്‍ക്കാതെ മണിരത്നം അതിനെയെല്ലാം സമന്വയിപ്പിക്കുകയായിരുന്നു. ഇളയരാജയുടെ സംഗീതവും ആ ക്ലാസിക്കിനെ പൂര്‍ണതയില്‍ എത്തിക്കാന്‍ സഹായിച്ചു. എഡിറ്റര്‍: ബി.ലെനിന്‍, വി.ടി വിജയന്‍, ഡയലോഗ്: ബാലകുമാരന്‍, അര്‍ത്ഥിത്തരണി, സൗണ്ട് മിക്‌സ്: എ. എസ് ലക്ഷ്മി നാരായണ്‍, ത്രില്‍സ്: സൂപ്പര്‍ സുബ്ബരായന്‍, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: സിനാന്‍, വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.