2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന രജനീകാന്തിന്റെ പരാമര്‍ശത്തെ രൂക്ഷമായി പരിഹസിച്ച് കമല്‍ഹാസന്‍. മീശപിരിച്ച് ഗോദയില്‍ ഇറങ്ങിയതിനുശേഷം പോരാട്ടം പിന്നെയാകാമെന്നു പറയുന്നത് ശരിയായ രീതിയല്ലെന്നു താരം അഭിപ്രായപ്പെട്ടു. ചെന്നൈയിലെ കോളജില്‍ നടന്ന സംവാദത്തിനിടെയായിരുന്നു കമലിന്റെ പരാമര്‍ശം.
''ശരീരം മുഴുവന്‍ എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന ശേഷം ഇന്ന് മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും ഗുസ്തിക്കാര്‍ പറയരുത്. അങ്ങനെ സംഭവിച്ചാല്‍ അവര്‍ കോമാളികളാകും''-ഇങ്ങനെയായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം. ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാണ് പന്തിയിലിരുന്നതെന്ന ചോദ്യമുണ്ടാകുമെന്നും കമല്‍ പ്രതികരിച്ചു.
ഡിഎംകെയും എംകെ സ്റ്റാലിനേയും കമല്‍ഹാസന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട് കമല്‍ഹാസന്‍. എംകെ സ്റ്റാലിന്‍ നടത്തുന്ന ഗ്രാമസഭ തന്റെ പാര്‍ട്ടി പരിപാടിയുടെ കോപ്പിയടിയാണെന്നും ഇന്നലെ വന്ന പയ്യനില്‍ നിന്നും കോപ്പിയടിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്നും കമല്‍ഹാസന്‍ വിമര്‍ശിച്ചു.
താന്‍ കീറിയ ഷര്‍ട്ട് ധരിക്കില്ലെന്നും, ഇനി നിയമസഭയില്‍ വെച്ച് തന്റെ ഷര്‍ട്ട് കീറിയാല്‍ പകരം മറ്റൊന്ന് ധരിച്ച് പുറത്ത് വരുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. ജയലളിതയുടെ മരണ ശേഷം മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി വിശ്വാവോട്ടെടുപ്പ് തേടിയതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ കയ്യാങ്കളി നടന്നതും ഇതിനിടെ കീറിയ ഷര്‍ട്ടുമായി പുറത്ത് വന്ന് സ്റ്റാലിന്‍ വാര്‍ത്താ സമ്മേളനം നടത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇത്തരത്തിലുള്ള നാടകങ്ങള്‍ തമിഴ്ജനത ഇനി കാണേണ്ടി വരില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരുണാനിധിയുടേയും ജയലളിതയുടെയും വിയോഗത്തിന് ശേഷം ആദ്യ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് തമിഴ്നാട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ ഡിഎംകെയ്ക്കും ജയലളിതയുടെ എഐഡിഎംകെയ്ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ഉലകനായകന്‍ കമല്‍ഹാസനും മത്സരരംഗത്തുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും രജനികാന്ത് പാര്‍ട്ടി പ്രഖ്യാപനം പോലും നടത്തിയിട്ടില്ല.കമല്‍ഹാസന്‍ ആകട്ടെ സജീവ പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ട് പോവുകയും ചെയ്തു.
പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും ആരും തന്റെ ഫോട്ടോയോ കൊടിയോ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും രജനീകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രജനി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ദീപാവലി റിലീസായി ചിത്രം എത്തുമെന്നാണ് ലഭിക്കുന്ന വിവരം. മാര്‍ച്ച് ആദ്യ വാരം ചിത്രീകരണം ആരംഭിക്കും. അതായത് തമിഴകവും ഇന്ത്യയാകെയും തിരഞ്ഞെടുപ്പ് ചൂടിലമരുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ രജനി സിനിമാ തിരക്കുകളിലായിരിക്കും.