നടനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കവുയെക്കാറുള്ള ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രത്തെ കുറിച്ചാണ് ചര്‍ച്ചകള്‍.
കമല്‍ഹാസന്‍, എസ്.എസ് രാജമൗലി, ലോകേഷ് കനകരാജ്, ഗൗതം മേനോന്‍, നിര്‍മ്മാതാവ് സ്വപ്ന ദത്ത്, അവതാരക അനുപമ ചോപ്ര എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയുള്ള കൂടിക്കാഴ്ചയാണോ ഇതെന്നാണ് ആരാധകരുടെ സംശയം.എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്, പുതിയ സിനിമയ്ക്ക് തുടക്കമായോ, എന്താ സംഭവം എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്.
ആടുജീവിതം, എമ്പുരാന്‍, ടൈസണ്‍, കാളിയന്‍ തുടങ്ങിയ പാന്‍ ഇന്ത്യന്‍ സിനിമകളാണ് പൃഥ്വിരാജിനായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ഫിലിം ന്യൂസ് ചാനലായ ഫിലിം കംപാനിയന്റെ അവതാരക അനുപമ ചോപ്രയുടെ ഫോട്ടോയിലെ സാന്നിദ്ധ്യത്തില്‍ നിന്ന് ഇവരെല്ലാം പങ്കെടുക്കുന്ന ഒരു ഇന്റര്‍വ്യൂ ഉടന്‍ പ്രതീക്ഷിക്കാമെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് - നയന്‍താര ചിത്രം ഗോള്‍ഡ് കഴിഞ്ഞ ദിവസം തിയേറ്റുകളിലെത്തിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ച കാപ്പയാണ് അടുത്തതായി റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രം. ഗുണ്ടാനേതാവായ കൊട്ട മധു എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.