പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ബോട്ടില്‍ നിന്ന് ചാടിയപ്പോള്‍ അപകടം സംഭവിച്ച സംവിധായകനും നടനുമായ ജൂഡ് ആന്റണി പരിക്കുകളുമായി വീണ്ടും സെറ്റിലെത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്ന വരയന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ജൂഡിന് അപകടം സംഭവിച്ചത്.സിനിമയില്‍ ബിഷപ്പിന്റെ സെക്രട്ടറിയായി അഭിനയിക്കുന്നജൂഡിന് കാലിന് പരിക്കേറ്റിരുന്നു.
കാലിന് ചെറിയ പൊട്ടലുള്ള ജൂഡിന് ഒരാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സിനിമയുടെ എല്ലാ പ്രയാസങ്ങളും മനസിലാകുന്ന സംവിധായകനായ ജൂഡ് ചിത്രീകരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കാല് നിലത്ത് കുത്തരുതെന്നു ഡോക്ടര്‍ പറഞ്ഞിട്ടും ചിത്രത്തിന് യാതൊരു വിധ ബുദ്ധിമുട്ടുകളും സംഭവിക്കാതിരിക്കാന്‍ വേണ്ടി ലൊക്കേഷനിലേക്കു വാക്കറുമായി തിരിച്ചു വരികയായിരുന്നു . ഈ അവസ്ഥയിലും സിനിമയുടെ ചിത്രീകരണത്തിനു സഹകരിക്കുന്ന ജൂഡിനായി സംവിധായകന് സീനുകളില്‍ മാറ്റങ്ങള്‍ വരുത്തി.താരം സജീവമായി തന്നെ സിനിമയുടെ ലൊക്കേഷനിലുണ്ട്. തന്റെ പരിക്ക് മൂലം ഷൂട്ടിംഗിന് മുടക്കം സംഭവിക്കരുതെന്നാണ് ജൂഡിന്റെ നിലപാട്.
'ആലപ്പുഴയിലെ ഒരു പള്ളിയില്‍വെച്ചാണ് ഷൂട്ടിങ്ങ്. മറ്റ് ആര്‍ട്ടിസ്റ്റുകളുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളുണ്ട്. പള്ളിയില്‍ ചിത്രീകരിക്കാനുള്ള അനുവാദം 12-ാം തീയതി വരെ മാത്രമാണ്. ഞാന്‍ വരാതിരുന്നാല്‍ മറ്റുള്ള ആര്‍ട്ടിസ്റ്റുകളുടെ ഡെയ്റ്റും പ്രശ്നമാകും. ഒരു സിനിമയെടുക്കാനുള്ള പ്രയാസം എനിക്കും അറിയാവുന്നതല്ലേ. ഒരു സംവിധായകന്റെ പ്രയാസം നന്നായി മനസിലാകും. അതുകൊണ്ടാണ് പരുക്കേറ്റിട്ടും ഷൂട്ടിങ്ങിന് എത്തിയത്. നടക്കാന്‍ വാക്കര്‍ വേണം, കാലില്‍ ബാന്‍ഡേജുണ്ട്. എന്നാലും സാരമില്ല ഞാന്‍ കാരണം സിനിമ മുടങ്ങാന്‍ പാടില്ല.' മനോരമയോട് ജൂഡ് പറഞ്ഞു.
സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രന് നിര്‍മിക്കുന്ന ചിത്രമാണ് വരയന്‍. ഡാനി കപൂച്ചിന്‍ കഥ, തിരക്കഥ നിര്‍വ്വഹിച്ച് നവാഗത സംവിധായകന് ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ നായകനും ലിയോണ നായികയുമാകുന്നു.
ജോയ് മാത്യു , വിജയരാഘവന് , മണിയന് പിള്ള രാജു , ജൂഡ് ആന്റണി, ജയശങ്കര്‍, അരിസ്റ്റോ സുരേഷ് , ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.