Latest News

ആകെയുള്ള 15 അവാര്‍ഡുകളില്‍ 11 എണ്ണവും ജയിച്ചവന്‍; അഭിനേതാവ് എന്ന നിലയില്‍ ജോജു നേടിയെടുത്ത ഉയരം അയാളിലെ പ്രതിഭയെയാണ് അടയാളപ്പെടുത്തുന്നത്; ഇരട്ടയിലും ജോജുവിന്റെതേ വ്യത്യസ്തരായ രണ്ടുപേരായുള്ള പകര്‍ന്നാട്ടം

Malayalilife
topbanner
 ആകെയുള്ള 15 അവാര്‍ഡുകളില്‍ 11 എണ്ണവും ജയിച്ചവന്‍; അഭിനേതാവ് എന്ന നിലയില്‍ ജോജു നേടിയെടുത്ത ഉയരം അയാളിലെ പ്രതിഭയെയാണ് അടയാളപ്പെടുത്തുന്നത്; ഇരട്ടയിലും ജോജുവിന്റെതേ വ്യത്യസ്തരായ രണ്ടുപേരായുള്ള പകര്‍ന്നാട്ടം

ജോജു ജോര്‍ജ്ജിന്റെ വിക്കിപീഡിയ പേജ് എടുത്തുനോക്കിയാല്‍ അവാര്‍ഡ്സ് ആന്റ് നോമിനേഷന്‍സ് എന്ന വിഭാഗത്തില്‍ ഏറ്റവും വലത്തേയറ്റത്തെ കോളം നിറയെ പച്ചനിറമാണ്. അതില്‍ എല്ലാം Won എന്ന വാക്കാണ്. ആകെയുള്ള 15 അവാര്‍ഡുകളില്‍ 11 എണ്ണവും ജയിച്ചവനാണ് ജോജു. ഇതില്‍ ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡുമെല്ലാം ഉണ്ട്. നാലെണ്ണത്തില്‍ നോമിനേഷനും കിട്ടി. 

1995-ല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങുകയും വര്‍ഷങ്ങളോളം ചെറിയവേഷങ്ങള്‍ ചെയ്യുകയും ഒടുവില്‍ കഷ്ടിച്ച് ഒരു ദശകം മുമ്പ് മാത്രം മുന്‍നിര നായകനായി മാറുകയും ചെയ്ത ഒരാളുടെ അംഗീകാരപ്പട്ടികയാണെന്ന് ഇതെന്ന് ഓര്‍ക്കുക. അഭിനേതാവ് എന്ന നിലയില്‍ ജോജു നേടിയെടുത്ത ഈ ഉയരം അയാളിലെ പ്രതിഭയെയാണ് അടയാളപ്പെടുത്തുന്നത്. ഒരുപക്ഷേ ജോജുവിന്റെ സമകാലികരില്‍ ആര്‍ക്കും അവകാശപ്പെടാനാകാത്ത ഒന്ന്. വാണിജ്യവിജയങ്ങളേക്കാള്‍ ജോജുവിലെ അഭിനേതാവ് അംഗീകരിക്കപ്പെടുന്നത് ഇത്തരം പുരസ്‌കാരങ്ങളിലൂടെയാണ്. 

തന്റെ സിനിമകള്‍ തീയറ്ററുകളില്‍ മികച്ച വിജയം കൊയ്യണം തീര്‍ച്ചയായും അയാളും ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ അതിനുമപ്പുറം തന്നിലെ അഭിനേതാവ് സ്വന്തം കൈയൊപ്പിടണം എന്നതാണ് ജോജുവിന്റെ ആത്യന്തികലക്ഷ്യം. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്യുന്നു. അതിനുവേണ്ടി നടത്തുന്ന ആത്മാര്‍പ്പണം ആണ് ജോജുവിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. കഥാപാത്രത്തിനുവേണ്ടി പ്രാണനും ആത്മാവും പകുത്തുകൊടുക്കുമ്പോള്‍ ജോജു മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കുന്നില്ല. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഇരട്ട അതിന്റെ പരകോടിയാണ്. 

ഒന്നല്ല,ഒരേപോലെയുള്ള,എന്നാല്‍ ഒന്നിനൊന്ന് വ്യത്യസ്തരായ രണ്ടുപേരായിട്ടാണ് ജോജുവിന്റെ പകര്‍ന്നാട്ടം. ജോജുവിന്റെ ഫിലിമോഗ്രഫി നോക്കിയാല്‍ കൗതുകമുണര്‍ത്തുന്ന മറ്റൊന്നുകൂടിയുണ്ട്. പോലീസ് വേഷങ്ങള്‍ ആണ് കരിയറില്‍ ജോജുവിനെ തേടിയെത്തിയവയിലധികം. കമ്മീഷണറും ഡി.ജി.പിയുമൊന്നുമല്ല. നമുക്ക് പരിചിതരായ സാധാരണ പോലീസുകാര്‍. നാട്ടിലെ സ്റ്റേഷനുകളില്‍ നമുക്ക് പരിചിതരായവര്‍. പക്ഷേ ജോജുവിന്റെ ഓരോ പോലീസ് വേഷവും വ്യത്യസ്തമാണ്. 

മിനിമോനെപ്പോലെയല്ല,ജോസഫ്. ജോസഫിനെപ്പോലെയല്ല, മണിയനും സോളമനും. ഇവര്‍ ആരെയും പോലെയല്ല ഇരട്ടയിലെ പ്രമോദ്. എന്തിന്,പ്രമോദിന്റെ ഇരട്ട സഹോദരനായ വിനോദ് പോലും അയാളെപ്പോലെയല്ല. ഓരോന്നും തീര്‍ത്തും വേറിട്ടത്. ഓരോ പോലീസ് കഥാപാത്രത്തിനും ജോജു നല്‍കുന്ന ശരീരഭാഷ ഓരോന്നാണ്. ജോസഫിന്റെ കണ്ണുതാഴ്ത്തിയുള്ള നോട്ടമല്ല മിനിമോന്റെ ലോക്കപ്പിലേക്കുള്ള നോട്ടം. 

പ്രാണനും വാരിപ്പിടിച്ചോടുന്ന മണിയന്റെ മുഖത്തുള്ള വികാരങ്ങളല്ല 'അരഗന്റ്' എന്ന് തോന്നിപ്പിക്കുന്ന സോളമനുള്ളത്. പോലീസുകാര്‍ എല്ലാവരും ഒരുപോലെയാണ് എന്നാണ് നമുക്കിടയില്‍ പൊതുവേയുള്ള ചൊല്ല്. പക്ഷേ ജോജുവിന്റെ പോലീസുകാര്‍ക്കെല്ലാം ഓരോ ഐഡന്റിറ്റിയാണ്. സാധാരണക്കാരില്‍ നിന്ന് വളര്‍ന്നുവന്നയാളായതുകൊണ്ടാകാം ജോജുവിന് ഇത്തരം പോലീസുകാരുടെ സാധാരണത്വം എളുപ്പം കൈവരിക്കാനാകുന്നത്. ഇരട്ടയിലെ പ്രമോദും വിനോദും തമ്മിലുള്ള വ്യത്യാസം പ്രകടമായുള്ളത് പല്ലില്‍ മാത്രമാണ്. പക്ഷേ സൂക്ഷ്മാംശങ്ങളില്‍ അവര്‍ എങ്ങനെ വ്യത്യസ്തരാകുന്നു എന്നറിയാന്‍ സിനിമ കാണുക തന്നെ വേണം. 

ഡബിള്‍ റോളുകള്‍ അഭിനയിക്കുമ്പോള്‍ പലപ്പോഴും അഭിനേതാവിന് സാങ്കേതികതയുടെയും മേക്കപ്പിന്റെയും സഹായത്തോടെ കിട്ടുന്ന ചില ഇളവുകളുണ്ട്. മലയാളസിനിമയില്‍ അധികം ഇരട്ടവേഷങ്ങളുമില്ല. ഇവിടെയാണ് ജോജു ഇരട്ടയിലെ വേഷങ്ങള്‍ അദ്ഭുതപ്പെടുത്തും വിധം അനശ്വരമാക്കിയിരിക്കുന്നത്. രണ്ടുപേരുടെയും മാനറിസങ്ങളും ശരീരഭാഷയും അങ്ങേയറ്റം വ്യത്യസ്തം. പല്ലില്‍മാത്രമാണ് മേക്കപ്പിന്റെ സഹായമുള്ളത്. അധികാരശ്രേണിയുടെ അങ്ങേയറ്റത്തൊന്നുമല്ലാത്ത സാധാരണക്കാരായ പോലീസുകാരുടെ വേഷം തന്നോളം ഭംഗിയായി ചെയ്യാന്‍ ആരുമില്ലെന്ന് വീണ്ടും ജോജു തെളിയിക്കുന്നു. മടുപ്പിക്കാത്തതുകൊണ്ടാകാം,അല്ലെങ്കില്‍ ആവര്‍ത്തനവിരസതസൃഷ്ടിക്കാത്തതുകൊണ്ടാകാം ജോജുവിനെ തേടി തുടരെ പോലീസ് വേഷങ്ങള്‍ എത്തുന്നത് എന്ന ലളിതമായി പറയാം. 

പക്ഷേ ആ കഥാപാത്രത്തിന് അയാള്‍ പകരുന്ന മിഴിവും വ്യത്യസ്തതയും നല്‍കാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നതാണ് യഥാര്‍ഥ വസ്തുത. നോട്ടം,നടപ്പിന്റെ രീതി,സംഭാഷണശൈലി, ഇവയിലെല്ലാം വ്യത്യസ്തതകൊണ്ടുവരാന്‍ ആത്മാര്‍ഥമായ പരിശ്രമം ആണ് ജോജു നടത്തുന്നത്. പോലീസുകാരുടെ സ്വഭാവം ഏറ്റവും പെട്ടെന്ന് തിരിച്ചറിയാനാകുന്നത് അവരുട കണ്ണുകളിലാണ്. ജോജുവിന്റെ പോലീസ് വേഷങ്ങളുടെ കണ്ണുകളോരോന്നും ഓരോ തരത്തിലാണ് ചലിക്കുന്നത്. അവയില്‍ തിരയടിക്കുന്നത് ആ കഥാപാത്രത്തിന്റെ ഉള്‍ക്കടലുകളാണ്. 

ജോജുവിന്റെ അടുത്ത റിലീസ് പുലിമടയാണ്. അതിലും വിന്‍സെന്റ് എന്ന പോലീസ് വേഷമാണ് ജോജുവിന്. പക്ഷേ ഇരട്ടയിലെ ഇരട്ടകളായിരിക്കില്ല പുലിമടയിലെ വിന്‍സെന്റ്. അത് അങ്ങേയറ്റം വേറിട്ട മറ്റൊരാളാണ്. ജോജുവിലെ അഭിനേതാവ് അവാര്‍ഡുകളാല്‍ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും തീയറ്റര്‍ വിജയമാണല്ലോ പ്രേക്ഷകപ്രീതിയുടെ അളവുകോലായി പറയുന്നത്. അതുകൊണ്ട് ഇരട്ടയിലെ ജോജുവിനെ തീയറ്ററില്‍ തന്നെ കണ്ടറിയുക. അയാള്‍ എങ്ങനെയാണ് വീണ്ടും ഒരു പോലീസുകാരനിലൂടെ നമ്മെ അമ്പരപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നതെന്ന് തിരിച്ചറിയുക...

Read more topics: # ജോജു,# ഇരട്ട
joju george iratta

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES