മക്കയുടെ പുണ്യനിലാവില്‍ ഒരു സ്വപ്നം നിറവേറ്റിയ ചെറുപ്പക്കാരന്‍, അതിന്റെ പിന്നാലെ അതേ പുണ്യഭൂമിയില്‍ തന്നെ ജീവിതം അവസാനിക്കുന്നു. കാലിന് ബലം ഇല്ലെങ്കിലും മനസ്സിന് ഭയങ്കര ശക്തിയായിരുന്നു 16-കാരന്‍ മുഹമ്മദ് അന്‍സിലിന്. അതിരില്ലാത്ത വിശ്വാസവും ആഗ്രഹവും ഉണ്ടായിരുന്നു. ജീവിതത്തില്‍ രോഗത്തിന്റെ വേദനയോടൊപ്പം കഴിഞ്ഞ അന്‍സിലിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മക്കയും മദീനയും കാണുക, ഉംറ നിര്‍വഹിക്കുക എന്നത്. ആ ആഗ്രഹം സാധിച്ചു. എന്നാല്‍ അവന്റെ ആ വലിയ വിശ്വാസത്തിന് ശേഷം അവന്‍ ഈ ലോകത്തോട് തന്നെ വിടപറയുമെന്ന് ആരും കരുതിയില്ല. അന്‍സലിന്റെ മരണത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഞെട്ടലും സങ്കടവുമാണ്.
ഏറെ നാളായി മനസ്സില്‍ കൊണ്ട് നടന്ന ഏറ്റവും വലിയ ആഗ്രഹം പൂര്‍ത്തിയാക്കിയ ശേഷമാണ് അന്‍സില്‍ ഈ ലോകത്തോട് വിട പറഞ്ഞത്. അസ്ഥികള്‍ക്ക് ബലക്കുറവ് മൂലം ഒടിഞ്ഞുപോകുന്ന 'ഓസ്റ്റിയോജെനിസിസ് ഇംപെര്‍ഫെക്റ്റാ' അഥവാ 'ബ്രിട്ടില്‍ ഡിസീസ്' എന്ന ജനിതക വൈകല്യരോഗം ബാധിച്ചായിരുന്നു അന്‍സില്‍ ജനിച്ചത്. എത്രയൊക്കെ വൈകല്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കുഞ്ഞായിരുന്നപ്പോള്‍ തന്നെ അവന്റെ ഉള്ളില്‍ ഒരു ആഗ്രഹം വന്നു. മക്കയും മദീനയും കാണുക ഉംറ ചെയ്യുക എന്നത്. പക്ഷേ അവന്റെ ആരോഗ്യ സ്ഥിതി ആ സാക്ഷാത്ക്കാരത്തിന് സാധിക്കുമായിരുന്നില്ല. എങ്കിലും അവന്‍ വിശ്വാസവും ആഗ്രഹവും എപ്പോഴും മനസ്സില്‍ കൊണ്ട് നടന്നു. ഒടുവില്‍ തന്റെ 16-ാം വയസ്സില്‍ അവന് ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അവസരം ലഭിച്ചു.
ഈ ആഗ്രഹം സഫലമാക്കാന്‍ അന്‍സില്‍ വളരെ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. നാട്ടില്‍ നിന്നുള്ള ഒരു സ്വകാര്യ ഉംറ ഗ്രൂപ്പിനൊപ്പം വല്യുപ്പയുടെയും വല്യുമ്മയുടെയും കരുതലില്‍ അവന്‍ യാത്ര തിരിച്ചു. യാത്രയുടെ എല്ലാ ഘട്ടത്തിലും അന്‍സിലിന്റെ മുഖത്ത് സന്തോഷം മാത്രമായിരുന്നു. ആദ്യമായുള്ള വിമാന യാത്ര എല്ലാം അവന്‍ സന്തോഷം നല്‍കുന്നുണ്ടായിരുന്നു. വിമാനയാത്രയിലേക്കുള്ള ആവേശം, മക്കയിലെത്തിയപ്പോഴുണ്ടായ ആ അത്ഭുതഭാവം എല്ലാം തന്നെ അവന്‍ ആവേശത്തോടെ അനുഭവിച്ചു. വീല്‍ചെയറിലിരുന്നെങ്കിലും, ആത്മാര്‍ത്ഥമായ ഭക്തിയോടെ അവന്‍ ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. ശരീരസൗകര്യം കുറവായിരുന്നിട്ടും മനസിന്റെ ശക്തിയാല്‍ അവന്‍ എല്ലാ കര്‍മങ്ങളും പൂര്‍ത്തിയാക്കി.
കഅബയെ നേരില്‍ കാണാനായ ആ നിമിഷം അന്‍സിലിന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞിരുന്നു. ഉംറ പൂര്‍ത്തിയാക്കിയതിനു ശേഷം സംഘം മദീനയിലേക്കും യാത്രയായി. പ്രവാചകനായ മുഹമ്മദ് നബിയുടെ നഗരത്തിലെത്തിയപ്പോള്‍ അന്‍സിലിന്റെ സന്തോഷം അതിരില്ലാത്തതായിരുന്നു. കാരണം ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം അവന്‍ നേടിയെടുത്തിരുന്നു. എ്ന്നാല്‍ ആ സന്തോഷം പെട്ടെന്ന് നില്‍ക്കുമെന്ന് ആരും കരുതിയിരുന്നില്ല. മദീനയിലെ താമസത്തിനിടയിലാണ് അത് സംഭവിക്കുന്നത്. പതിവുപോ െഅതി രാവിലെ അന്‍സില്‍ ഉണര്‍ന്നു. എല്ലാം കഴിഞ്ഞ് പ്രാര്‍ഥനയില്‍ ഇരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വല്യുപ്പയോടും വല്യുമ്മയോടും നാട്ടിലുള്ള ഉമ്മയെ വിഡിയോ കോളില്‍ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. നാട്ടില്‍ നേരം പുലര്‍ന്ന ശേഷം വിളിക്കാമെന്ന സ്വാന്തനത്തിന് മറുപടിയായി, 'എന്റെ ഉമ്മയോട് ഞാന്‍ പോയി എന്ന് പറഞ്ഞേക്കണേ' എന്ന് പറഞ്ഞ് ശാന്തമായി കലിമ ചൊല്ലി കിടക്കുകയായിരുന്നു. പക്ഷേ പിന്നീട് അവന്‍ ആ ഉറക്കത്തില്‍ നിന്നും എണിറ്റില്ല.
മക്കയിലും മദീനയിലും എത്തിയപ്പോള്‍ തനിക്ക് ഇവിടെ നിന്ന് തിരികെ വരാന്‍ തോന്നുന്നില്ല എന്ന് വീട്ടില്‍ വിളിച്ച് പറഞ്ഞിരുന്നു. അതും അവന്റെ ആഗ്രഹം ആയിരുന്നിരിക്കാം. അതുകൊണ്ടാകാം മദീനയില്‍ വച്ച് തന്നെ അവന്‍ മരിക്കുന്നത്. ഇതേ രോഗാവസ്ഥയുണ്ടായിരുന്ന അന്‍സിലിന്റെ ജ്യേഷ്ഠസഹോദരനും 15-ാം വയസ്സിലാണ് മരിച്ചത്. അപ്രതീക്ഷിത വിയോഗത്തില്‍ ആദ്യമായി ആ സ്്ഥലത്ത് എത്തിയ വല്യുപ്പയും വല്യുമ്മയും തകര്‍ന്നുപോയി. നിയമനടപടികളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ വിഷമിച്ച അവര്‍ക്ക് സഹായഹസ്തവുമായി എത്തിയത് അവിടുത്തെ അസോസിയേഷനുകള്‍ ആണ്. അവര്‍ ഹോട്ടലില്‍ എത്തി സാന്ത്വനവും താങ്ങുമായി അവര്‍ക്ക് ഒപ്പം നിന്നു. ഇന്നലെ രാവിലെ ഫജര്‍ നമസ്‌കാരാനന്തരം മസ്ജിദുന്നബവിയില്‍ ജനാസ നമസ്‌കാരം നടത്തിയ ശേഷം മൃതദേഹം ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കം ചെയ്തു. മസ്ജിദുന്നബവിയില്‍ നമസ്‌കാരത്തിനെത്തിയവരും, കെഎംസിസി പ്രവര്‍ത്തകരും, ഉംറയ്ക്ക് ഒപ്പമെത്തിയവരും, പ്രവാസി നാട്ടുകാരുമടക്കം ഒട്ടറെ പേര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തിരുന്നു.