പ്രശസ്ത നിര്‍മാതാവ് ജോണി സാഗരികയുടെ മകളെ വീട്ടില്‍ കയറി ഭീ ഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് കൊച്ചി പൊലീസ്. ജോണി സാഗരികയെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒത്തുതീര്‍പ്പിനെന്നു പറഞ്ഞ് എത്തിയ പൊലീസ് സംഘം വീട്ടിലെത്തി ഭീ ഷണിപ്പെടുത്തിയെന്നാണ് പരാതി.
ഇക്കഴിഞ്ഞ ജൂണ്‍ 2 ന് കൊച്ചി വൈറ്റിലയിലുളള ജോണി സാഗരികയുടെ ഫ്‌ളാറ്റിലേയ്ക്ക് കോയമ്പത്തൂര്‍ ക്രൈം ബ്രാഞ്ച് എസിപി പി.എന്‍.രാജനും സംഘവും എത്തിയത്. യൂണിഫോമിലുളള എസിപി ഉള്‍പ്പെടെയുളള പൊലീസുകാര്‍ക്കൊപ്പം ജോണി സാഗരികക്കെതിരെ പരാതി നല്‍കിയ ജിന്‍സ് തോമസും ഉണ്ടായിരുന്നു.
ഫ്‌ളാറ്റിനുളളില്‍ കയറിയ സംഘം തന്നെ ഭീ ഷണിപ്പെടുത്തിയയെന്നും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ജോണി സാഗരികയുടെ മകള്‍ ഡിക്കിള്‍ ജോണി പറഞ്ഞു. വീട് പരിശോധനയ്ക്കായാണ് പൊലീസ് സംഘം വന്നതെങ്കിലും പരാതിക്കാരനായ ജിന്‍സ് തോമസിന്റെയും സംഘത്തിന്റെയും ഇടനിലക്കാരെപ്പോലെയാണ് പൊലീസ് പെരുമാറിയതെന്നും പരാതിയില്‍ പറയുന്നു.
ബിസിനസ് പങ്കാളികളായ ദ്വാരക് ഉദയ്ശങ്കര്‍, ജിന്‍സ് തോമസ്, കോയമ്പത്തൂര്‍ സിറ്റി പോലീസ് ക്രൈംബ്രാഞ്ച് എ.സി.പി. പി.എന്‍. രാജന്‍ എന്നിവര്‍ക്കെതിരേയാണ് ഡിക്കിള്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. 2018-ല്‍ ജോണി സാഗരിക നിര്‍മിച്ച 'നോണ്‍സെന്‍സ്' സിനിമയുടെ വിതരണക്കാരാണ് പോലീസിനൊപ്പമെത്തിയവര്‍.
ഈ കേസിന്റെ തുടര്‍ച്ചയായാണ് ജൂണ്‍ രണ്ടിന് കോയമ്പത്തൂര്‍ എ.സി.പി.യുടെ നേതൃത്വത്തില്‍ എതിര്‍കക്ഷികള്‍ വീട്ടിലെത്തിയത്. 2.25 കോടി രൂപയുടെ ധാരണാപത്രത്തില്‍ ഒപ്പിടണമെന്ന് ഡിക്കിളിനോട് ആവശ്യപ്പെട്ടു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കൈവശമുണ്ട്. ധാരണാപത്രം ഒപ്പിട്ടില്ലെങ്കില്‍ തനിക്കെതിരേയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഡിക്കിള്‍ പറയുന്നത്.
സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് ജോണി സാഗകിരയെ പോലീസ് പിടികൂടിയത്. തൃശൂര്‍ സ്വദേശി ജിന്‍സ് തോമസില്‍ നിന്നും 2 കോടി രൂപ വാങ്ങി സിനിമയുടെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞു വണ്ടിച്ചെക്ക് നല്‍കിയ മറ്റൊരു കേസ് കൂടി ഇദ്ദേഹത്തിനെതിരെയുണ്ട്. ചെക്ക് മടങ്ങിയപ്പോള്‍ നേരില്‍ കാണാന്‍ ശ്രമിച്ചെന്നും ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോഴാണ് കേസ് നല്‍കിയതെന്നും ജിന്‍സ് പറഞ്ഞിരുന്നു.
ഈ കേസില്‍ തുകയുടെ 20 ശതമാനമായ 40 ലക്ഷം കോടതിയില്‍ കെട്ടിവയ്ക്കണമെന്ന് തൃശൂരിലെ സിജെഎം കോടതി ഉത്തരവിട്ടെങ്കിലും ചെയ്തിട്ടില്ല. ഹരിഹരന്‍പിള്ള ഹാപ്പിയാണ്, മുപ്പത് വെള്ളിക്കാശ്, ബോഡിഗാര്‍ഡ്, താണ്ഡവം എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് ജോണി സാഗരിഗ.