Latest News

ബാംഗ്ലൂരിലെ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ടീച്ചര്‍; ബിസിസിഐ ക്രിക്കറ്റ് അമ്പയറും; അധ്യാപനവും സ്‌പോര്‍ട്‌സും ഒരേ പോലെ കൊണ്ടുപൊകുന്ന സമയത്ത് ജീവിതത്തിന്റെ താളം തെറ്റി; ചേട്ടന്റെ ഓര്‍മ്മയില്‍ ജിഷിന്‍ കുറിച്ചത്

Malayalilife
 ബാംഗ്ലൂരിലെ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ടീച്ചര്‍; ബിസിസിഐ ക്രിക്കറ്റ് അമ്പയറും; അധ്യാപനവും സ്‌പോര്‍ട്‌സും ഒരേ പോലെ കൊണ്ടുപൊകുന്ന സമയത്ത് ജീവിതത്തിന്റെ താളം തെറ്റി; ചേട്ടന്റെ ഓര്‍മ്മയില്‍ ജിഷിന്‍ കുറിച്ചത്

ണ്ണൂര്‍ സ്വദേശിയാണ് സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്‍. വീട്ടില്‍ അമ്മയും ചേട്ടനും ഒക്കെയാണ് പ്രിയപ്പെട്ടവരായി ഉള്ളതെന്ന് നടന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോഴിതാ, തന്റെ ഏട്ടന്റെ മരണം സംഭവിച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഇപ്പോള്‍. ആരും കൊതിക്കുന്ന ജീവിതം സ്വന്തമാക്കിയിട്ടും അനാവശ്യ കൂട്ടുകെട്ട് ചേട്ടന്റെ ജീവിതം തകര്‍ത്തെന്ന ജിഷിന്റെ തുറന്നുപറച്ചില്‍ ഇങ്ങനെയാണ്:

ഇന്ന് എന്റെ ഏട്ടന്റെ , ജിതേഷ് മോഹന്റെ ഓര്‍മ്മദിനം. ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഏട്ടാ എന്നതിനേക്കാള്‍ എടാ എന്ന് വിളിച്ചിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അവന്‍ ഒരു സഹോദരന്‍ മാത്രമല്ല, ഒരു സുഹൃത്ത് കൂടെയായിരുന്നു . ചെറുപ്പം മുതല്‍ക്ക് തന്നെ എല്ലാ കാര്യത്തിലും മിടുക്കന്‍ . പഠനകാര്യത്തില്‍ മാത്രമല്ല പഠനേതര കാര്യങ്ങളിലും മുന്‍പന്തിയില്‍. പാട്ടുപാടാനും ക്രിക്കറ്റ് കളിക്കാനും കൂടെയുള്ളവരെ രസിപ്പിക്കാനും ഒരു പ്രത്യേക കഴിവ് തന്നെ അവനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാരുടെ കാര്യത്തില്‍ ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല ജിതേഷിന്. കണക്കില്‍ നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങിയിരുന്ന അവന്‍ പില്‍ക്കാലത്ത് ഒരു മാത്സ് ടീച്ചര്‍ ആയത് കണക്കിനോടുള്ള ആ ഇഷ്ടം കൊണ്ട് തന്നെയാവാം. ക്രിക്കറ്റ് കളിയോടുള്ള അടങ്ങാത്ത അഭിനിവേശം അവനെ ബിസിസിഐ അമ്പയര്‍ എന്ന നിലയിലേക്കും എത്തിച്ചു. കലയോടുള്ള ഇഷ്ടം സ്‌കൂള്‍ കലോത്സവങ്ങളില്‍ ജിതേഷ് മാഷെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരാള്‍ ആക്കി മാറ്റി. അധ്യാപനവും സ്പോര്‍ട്സും ഒരേ പോലെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്ന സമയത്ത് എപ്പോഴോ ജീവിതത്തിന്റെ താളം തെറ്റി. 

ബാംഗ്ലൂരിലേക്ക് കുടിയേറിയ സമയം, ഒറ്റപ്പെട്ട ജീവിതം, അനാവശ്യ കൂട്ടുകെട്ട്, എല്ലാത്തിനും സ്വന്തം ജീവന്‍ ബലിയായി നല്‍കേണ്ടി വന്നവന്‍. മഞ്ഞപ്പിത്തം ബാധിച്ച് ജിതേഷ് സീരിയസ് ആയി ഹോസ്പിറ്റലിലാണ് എന്ന സന്ദേശത്തെ തുടര്‍ന്ന് ബാംഗ്ലൂരിലെത്തിയ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്, കള്ളുകുടിക്കുമ്പോഴും കൂട്ടുകൂടുമ്പോഴും പാട്ടുപാടുമ്പോഴും പ്രോത്സാഹിപ്പിച്ച് കൂടെ നില്‍ക്കുന്ന ആരും, അയാള്‍ വീഴുമ്പോള്‍ കൂടെ ഉണ്ടാകില്ല എന്ന് തിരിച്ചറിവാണ്. ഞാന്‍ എത്താന്‍ കാത്തു നിന്ന പോലെ, മെഡിക്കല്‍ പേപ്പറുകള്‍ എല്ലാം എന്നെ ഏല്‍പ്പിച്ച് തലയൂരാന്‍ കാണിച്ച സ്‌കൂള്‍ മാനേജ്മെന്റിന്റെ (Bethesda International School Bangalore) ആത്മാര്‍ത്ഥതയും തിരിച്ചറിഞ്ഞ നിമിഷം. ഈ ICU ന്റെ വാതില്‍ ഓരോ വട്ടം തുറക്കുമ്പോഴും നീ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ഞാനിവിടെ കിടന്നത് എന്ന് നിറകണ്ണുകളോടെ അവന്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു.

ഒന്ന് രണ്ടാഴ്ച്ച അമ്മയെപ്പോലും അറിയിക്കാത്ത ബാംഗ്ലൂരിലെ ട്രീറ്റ്മെന്റിനു ശേഷം കണ്ണൂരിലെ വീട്ടിലേക്ക് തിരിച്ചെത്തിയ അവനെ അപ്പോഴേക്കും കരള്‍ രോഗം കാര്‍ന്നു തിന്നിരുന്നു. അധികം പ്രതീക്ഷക്ക് വകയില്ലാത്ത മൂന്നു മാസത്തോളം ഉള്ള ട്രീറ്റ്മെന്റിനു ശേഷം ഒരു ദിവസം അഡ്മിറ്റ് ആയ അവന്റെ കൂടെ ആശുപത്രി കിടക്കയ്ക്കരികില്‍, പ്രതികരണം ഒന്നുമില്ലാതിരുന്നിട്ടും ഒരു രാത്രി മുഴുവന്‍ ഞാന്‍ ഇരുന്ന് അവനോട് സംസാരിച്ചു. രാവിലെ അവന്റെ വരണ്ടുണങ്ങിയ ചുണ്ടിലേക്ക് ഒരു തുള്ളി വെള്ളം ഒഴിച്ച് കൊടുത്ത ഞാന്‍ വേദനയോടെ മനസ്സിലാക്കി, ആ ജീവന്‍ അവന്റെ ദേഹവും ഞങ്ങളെയും വിട്ട് പോകുകയാണെന്ന്.

ഞാന്‍ സീരിയല്‍ രംഗത്ത്, കലാരംഗത്ത് എത്തിയപ്പോള്‍ ഏറ്റവും സന്തോഷിച്ചത് അവനാണ്. ടെലിവിഷന്‍ താരങ്ങളുടെ ക്രിക്കറ്റ് ടീമിലേക്ക് സെലക്ട് ആയപ്പോള്‍ അവന്‍ പറഞ്ഞ വാക്കുകള്‍... ''ഞാന്‍ എത്തിപ്പെടണം എന്ന് വിചാരിച്ച സ്ഥലങ്ങളിലൊക്കെയാണ് നീ എത്തിപ്പെട്ടത്. നിന്നിലൂടെ ഞാനും ആ സന്തോഷം അനുഭവിക്കുന്നു''. പ്രിയപ്പെട്ട ഏട്ടാ .. ആ സന്തോഷം അനുഭവിക്കാന്‍ ഇപ്പോള്‍ നീ ഇല്ലല്ലോ എന്ന വേദനയില്‍ ഞാനും, ഇടയ്ക്കിടയ്ക്ക് അബദ്ധത്തില്‍ ജിതേഷേ എന്ന് എന്നെ വിളിച്ചു പോകുന്ന വേദനയില്‍ നമ്മുടെ അമ്മയും കഴിഞ്ഞു പോകുന്നു . നിന്റെ കൂട്ടുകാര്‍ അയച്ച് തരുന്ന നിന്റെ ശബ്ദത്തില്‍ ഉള്ള ഗാനങ്ങളിലൂടെ നീ ഇന്നും ജീവിക്കുന്നു .

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jishin Mohan (@jishinmohan_s_k)

jishin mohan pens an emotional note about brother

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES