തമിഴ് സൂപ്പര്‍താരം വിജയ്യുടെ മകനും സംവിധായകനുമായ ജേസണ്‍ സഞ്ജയ് തന്റെ മുന്‍കാല പ്രണയത്തെക്കുറിച്ചും ബ്രേക്ക് അപ്പിനെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പ്രണയബന്ധം തകര്‍ന്ന സമയത്ത് താന്‍ അനുഭവിച്ച വൈകാരികാവസ്ഥകളെക്കുറിച്ചും അതില്‍ നിന്ന് എങ്ങനെ പുറത്തുവന്നുവെന്നുമാണ് ജേസണ്‍ വ്യക്തമാക്കിയത്. 'വി.ജെ സിദ്ധു വ്‌ലോഗ്‌സിന്' നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
'ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ. കുറേ നാള്‍ മുന്‍പായിരുന്നു അത്, കോളജില്‍ പഠിക്കുമ്പോള്‍. ഒന്നര വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. മൂച്വല്‍ ബ്രേക്ക് അപ്പായിരുന്നു. ഞങ്ങള്‍ രണ്ട് പേരും പരസ്പരം സംസാരിച്ചാണ് പിരിഞ്ഞത്' ജേസണ്‍ പറഞ്ഞു. വേര്‍പിരിയലിനു ശേഷമുള്ള മാനസികാവസ്ഥയെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചും ജേസണ്‍ വെളിപ്പെടുത്തി. ആ സമയത്ത് താന്‍ വേറൊരു അവസ്ഥയിലായിരുന്നുവെന്നും ബ്രേക്ക് അപ്പിലായിരുന്ന സമയത്ത് യുവന്‍ ശങ്കര്‍ രാജയുടെ പ്രണയഗാനങ്ങളെല്ലാം ഞാനിരുന്ന് കേള്‍ക്കുമായിരുന്നുവെന്നും ജേസണ്‍ പറഞ്ഞു.
''ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇടുന്ന പരിപാടിയൊന്നും എനിക്കില്ലായിരുന്നു. ബ്രേക്ക് അപ്പ് ആയതിനു ശേഷം സ്റ്റോറിയൊക്കെ ഇട്ട് പിന്നെയും നമ്മള്‍ കണക്ഷനിലുണ്ടെങ്കില്‍, നമുക്കതില്‍ നിന്ന് പുറത്തേക്ക് വരാന്‍ പറ്റില്ല. അതുകൊണ്ട് നമ്മള്‍ തമ്മില്‍ ഒരു അകലം പാലിച്ചിരുന്നു. വേണ്ട എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ഞാനെപ്പോഴും എന്നെ തന്നെ കണ്‍ട്രോള്‍ ചെയ്യും. ഇപ്പോള്‍ ഞാന്‍ ഓക്കെയാണ്. അത് ആ സമയത്ത് നടന്നത് നന്നായി. നമ്മള്‍ നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു. അതിന് ശേഷം ഞാന്‍ പിന്നെ സിഗ്മയുടെ കാര്യങ്ങളിലേക്ക് ഇറങ്ങി' ജേസണ്‍ പറഞ്ഞു.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലൊരുങ്ങിയ 'സിഗ്മ' എന്ന ചിത്രത്തിലൂടെയാണ് ജേസണ്‍ സഞ്ജയ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സന്ദീപ് കിഷന്‍, ഫാരിയ അബ്ദുള്ള എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.