മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയും മോഡലും, സ്റ്റാര്‍മാജിക് ഗെയിം ഷോയിലെ മല്‍സരാര്‍ത്ഥിയുമാണ് ജസീല. വില്ലത്തി വേഷങ്ങളിലൂടെ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന നടി സോഷ്യല്‍മീഡിയയ വഴി പങ്ക് വച്ച വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
തന്റെ മുന്‍ പങ്കാളിയായ ഡോണ്‍ തോമസ് വിതയത്തില്‍ നിന്നുണ്ടായ അതിക്രൂരമായ ശാരീരികവും മാനസികവുമായ പീഡനത്തെക്കുറിച്ച് ആണ് നടി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പുതുവത്സരാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഡോണ്‍ തോമസ് തന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രമം നടത്തിയെന്നും, ഇത് ഗുരുതരമായ പരിക്കുകളിലേക്ക് നയിച്ചെന്നും ജസീല സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കുറിപ്പ് ഇങ്ങനെ:
സഹതാപം കൊണ്ടല്ല, പിന്തുണയും മാര്‍ഗനിര്‍ദേശവും ആവശ്യമുള്ളതുകൊണ്ടാണ് ഞാന്‍ കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്.
പുതുവത്സരാഘോഷ വേളയില്‍, എന്റെ അന്നത്തെ പങ്കാളിയായ ഡോണ്‍ തോമസ് വിതയത്തിലുമായി തര്‍ക്കമുണ്ടായി. അയാളുടെ അമിതമായ മദ്യപാനം, പുകവലി, പെരുമാറ്റം എന്നിവയെക്കുറിച്ച് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയത്. ആ തര്‍ക്കത്തിനിടയില്‍ അയാള്‍ അക്രമാസക്തനായി. എന്റെ വയറ്റില്‍ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയില്‍ ഇടിച്ചു വീണ എന്നെ വലിച്ചിഴച്ചു, കക്ഷത്തിലും തുടയിലും കടിച്ചു. ലോഹ വള കൊണ്ട് എന്റെ മുഖത്ത് ശക്തമായി ഇടിച്ചു, എന്റെ മേല്‍ചുണ്ടിന് മുറിവുണ്ടായി.
ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഞാന്‍ അയാളോട് കരഞ്ഞ് അപേക്ഷിച്ചു, പക്ഷേ അയാ കേട്ടില്ല. ഞാന്‍ പോലീസിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട്, അയാള്‍ തന്നെ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോള്‍. ഞാന്‍ പടിക്കെട്ടില്‍ നിന്ന് വീണുവെന്ന് ഡോക്ടര്‍മാരോട് കള്ളം പറഞ്ഞു. പിന്നീട് എന്നെ സണ്‍റൈസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ വച്ച് എന്നെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി.
അതിനു ശേഷവും അയാള്‍ എന്നെ ശ്രദ്ധിച്ചതേയില്ല. ഉപദ്രവം വീണ്ടും തുടര്‍ന്നു. ഞാന്‍ ഒറ്റയ്ക്കായിരുന്നു, വേദനയിലായിരുന്നു, മാനസികമായും ശാരീരികമായും തകര്‍ന്നു. അങ്ങനെ ഞാന്‍ ഓണ്‍ലൈനിലൂടെ പോലീസിന് പരാതി നല്‍കി. മറുപടിയൊന്നും ലഭിച്ചില്ല. ജനുവരി 14 ന് ഞാന്‍ നേരിട്ട് പരാതി നല്‍കി. എന്നിട്ടും ഉടനടി നടപടിയൊന്നും സ്വീകരിച്ചില്ല. അയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചതിനുശേഷം മാത്രമാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.'
അന്നുമുതല്‍ കേസ് നടന്നുവരികയാണ്. ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്റെ പരുക്ക് ഗുരുതരമാണ്. തെളിവുകളും മെഡിക്കല്‍ രേഖകളും വ്യക്തമാണ്. എന്നാല്‍ എതിര്‍ കക്ഷി ഞാന്‍ ഒരിക്കലും സമ്മതിക്കാത്ത ഒരു ഒത്തുതീര്‍പ്പ് അവകാശപ്പെട്ടുകൊണ്ട് കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. മാസങ്ങളായി അവര്‍ വീണ്ടും സമയം ചോദിച്ചുകൊണ്ട്, വൈകിപ്പിക്കുകയാണ്. ഈ ഘട്ടത്തില്‍ എനിക്ക് അഭിഭാഷകനെ നിയമിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ ഒറ്റയ്ക്കാണ് ഹാജരാകുന്നത്. ഇന്നലെ വാദം കേള്‍ക്കുമ്പോള്‍, എനിക്ക് സംസാരിക്കാന്‍ പോലും അവസരം ലഭിച്ചില്ല. കോടതിമുറിക്കുള്ളില്‍ ഞാന്‍ അദൃശ്യയായി തോന്നി.
എനിക്കുണ്ടായത് ചെറിയൊരു മുറിവല്ല. ക്രൂരമായ അക്രമമായിരുന്നു. ഒരു കലാകാരി എന്ന നിലയില്‍ എന്റെ മുഖമാണ് എന്റെ ഐഡന്റിറ്റി. മാസങ്ങളോളം എനിക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ ആഘാതം, ചികിത്സ, സാമ്പത്തിക നഷ്ടം, വിഷാദം എന്നിവയിലൂടെ ഞാന്‍ കടന്നുപോയി. അതേസമയം, ഇത് ചെയ്ത വ്യക്തി തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും മുതിര്‍ന്ന അഭിഭാഷകരെ നിയമിച്ച് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയും ചെയ്യുന്നു.
ഞാന്‍ ചോദിക്കുന്നത് ഇതാണ്, കേസ് വിചാരണയ്ക്ക് വിടൂ. തെളിവുകള്‍ പറയട്ടെ. സത്യം കേള്‍ക്കട്ടെ. വേണ്ടിവന്നാല്‍ എന്റെ കേസ് സ്വയം വാദിക്കാനും ഞാന്‍ തയ്യാറാണ്. എനിക്ക് നീതി വേണം. കേസ് റദ്ദാക്കുന്നതിനുള്ള ഹര്‍ജി തള്ളിക്കളയുന്നതും, കേസ് വിചാരണയിലേക്ക് നീങ്ങുന്നതും എങ്ങനെയെന്ന് ഏതെങ്കിലും അഭിഭാഷകന് എന്നെ വഴികാട്ടാന്‍ കഴിയുമെങ്കില്‍ ഞാന്‍ നന്ദിയുള്ളവളായിരിക്കും. ദയവായി എന്റെ കൂടെ നില്‍ക്കൂ.
ഇത് ഓരോ ഇരയ്ക്കും വേണ്ടിയാണ്. എന്റെ പോരാട്ടം വ്യവസ്ഥിതിയില്‍ നിശബ്ദരാക്കപ്പെട്ട എനിക്ക് വേണ്ടി മാത്രമല്ല, നന്ദി,' എന്നാണ് ജസീല തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ്.
ടെലിവിഷന്‍ മേഖലയില്‍ സജീവമായതിനു ശേഷമാണ് ജസീല കേരളത്തില്‍ താമസമാക്കിയതും മലയാളം സംസാരിക്കന്‍ തുടങ്ങിയതും. ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയായ ജസീല സോഷ്യല്‍ മീഡിയയിലും സജീവമാണ്.