തിരുവനന്തപുരം : ലക്ഷക്കണക്കിന് സംഗീതപ്രേമികളെ ഫ്യൂഷന്‍ ലഹരിയിലും കര്‍ണ്ണാടക സംഗീതത്തിലും ഒരു പോലെ ആറാടിച്ച അതുല്യപ്രതിഭയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌ക്കര്‍. ആ അവിസ്മരണീയ സംഗീതയാത്രയില്‍ സുഹൃത്തുക്കളായിരുന്നു ബാലുവിന് എല്ലാമെല്ലാം. സംഗീത ലോകത്തിന് തീരാനഷ്ടം സമ്മാനിച്ചാണ് വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലു യാത്രയാകുമ്പോള്‍ ചില ചോദ്യങ്ങളും അവശേഷിക്കുകയാണ്. അതിരാവിലെ ദേശീയ പാതയിലുണ്ടായ അപകടം. സ്വാഭാവികമായി ഡ്രൈവറുടെ ഉറക്കമാണ് മരണ കാരണമെന്ന് ഉറപ്പിക്കാം. വഴിയരുകിലെ മരണം മരത്തിലിടിച്ചാണ്. മറ്റ് വാഹനങ്ങളൊന്നും ദുരന്തത്തിന് വഴി വച്ചതുമില്ല. അതുകൊണ്ട് തന്നെ തീര്‍ത്തും സ്വാഭാവികമാണ് മരണം. എന്നാല്‍ ബാലുവിന്റെ കുടുംബത്തിന് ഇപ്പോഴും ചില സംശയങ്ങളുണ്ട്. അപ്പോഴും വാഹനാപകടത്തില്‍ ദുരൂഹത വേണ്ടെന്നാണ് പൊലീസും പറയുന്നത്.
ബാലലീല എന്ന പേരില്‍ ലൈവ് ഷോയുമായി ലോകംചുറ്റിയ അപൂര്‍വ്വ പ്രതിഭയ്ക്ക് സംഗീത ലോകത്ത് ശത്രുക്കളുണ്ടായിരുന്നു. ഇത് ബാലു തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് ബാലുവിന്റെ കുടുംബം സംശയത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിന് തൃശൂരില്‍ പോയതാണ് ബാലുവും കുടുംബവും. രാത്രിയില്‍ തങ്ങാന്‍ തൃശൂരില്‍ മുറിയും ബുക്ക് ചെയ്തതായി ബന്ധുക്കള്‍ക്ക് അറിയാം. രാത്രി വരില്ലെന്നായിരുന്നു ബന്ധുക്കള്‍ക്ക് കിട്ടിയ അറിവും. രാത്രി തൃശൂരില്‍ ഉറങ്ങിയ ശേഷം രാവിലെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച ബാലു പെട്ടെന്ന് നിലപാട് മാറ്റി. തൃശൂരില്‍ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവും. രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനമാണ് ബന്ധുക്കളുടെ സംശയത്തിന് ഇട നല്‍കുന്നത്. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പ്രാഥമിക അന്വേഷണം തുടങ്ങി കഴിഞ്ഞു.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം തൃശൂരില്‍ ഒരു പരിപാടിയുണ്ടായിരുന്നു. ബാലുവിന്റെ സമ്പത്തെല്ലാം ഒരു അടുത്ത സുഹൃത്താണ് നടത്തിയിരുന്നത്. നിരവധി ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം ബാലുവിന്റെ സമ്പത്ത് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് സൂചന. മരണത്തില്‍ എന്തൊക്കെയോ അസ്വാഭാവികത തോന്നിക്കുന്നുണ്ട്-ഇങ്ങനെയാണ് ബാലഭാസ്‌കറിന്റെ ബന്ധു മറുനാടനോട് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. സംശയിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും അതിന് ശേഷം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താമെന്നും അവര്‍ പറയുന്നു.
ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം ഫ്യൂഷന്‍ ഒരു വിരുന്നായി ജനഹൃദയങ്ങളില്‍ എത്തിച്ച കലാകാരനായിരുന്നു ബാലഭാസ്‌കര്‍. ഇലക്ട്രിക് വയലിനിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള യുവതലമുറയെ ഹരം കൊള്ളിച്ചു. ഫ്യൂഷനെ മാത്രമല്ല ബാലു പ്രണയിച്ചിരുന്നത്. ശാസ്ത്രീയസംഗീത കച്ചേരികളില്‍ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പവും ബാലയുടെ വയലിന്‍ ഈണമിട്ടു. ഇങ്ങനെ ആരാധകരെ കൈയിലെടുത്ത് മുന്നേറുമ്പോഴും ചിരിച്ച മുഖവുമായി വേദികളില്‍ നിറഞ്ഞ ബാലു തന്റെ മനസ്സിലെ വേദന തുറന്നു പറഞ്ഞിരുന്നു. സംഗീതം തന്നെ ഉപേക്ഷിച്ചുവെന്ന് പോസ്റ്റുമിട്ടു. ഭാര്യ ലക്ഷ്മിയുടെ അറിവോടെയാണ് ഇതെന്നും ബാലു തന്നെ വിശദീകരിക്കുകയും ചെയ്തു. ആരാധകരുടെ സ്നേഹം അറിഞ്ഞ് ബാലു വീണ്ടും സ്റ്റേജില്‍ സജീവമായി. ബാലുവിന്റെ പഴയ വെളിപ്പെടുത്തലിന് മരണവുമായി ബന്ധമുണ്ടോ എന്നതാണ് ബന്ധുക്കളെ ആകുലപ്പെടുത്തുന്നത്.
സംഗീതവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു ബാലുവിന് എല്ലാം. എന്നാല്‍ ഒരിക്കല്‍ ഒരു സുഹൃത്തില്‍ നിന്ന് നേരിട്ട ചതി അദ്ദേഹത്തിനെ മാനസികമായി തകര്‍ത്തു. സംഗീതത്തെ ജീവനേക്കാള്‍ പ്രണയിച്ച ബാലഭാസ്‌കര്‍ ഒരിക്കല്‍ കലാജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചനകള്‍ നല്‍കി. ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവയ്ച്ചു. അന്ന് ആ വാര്‍ത്തയെ ഞെട്ടലോടു കൂടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് അത് പിന്‍വലിച്ചു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായതിനാല്‍ ചില അനുഭവങ്ങള്‍ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ബാലഭാസ്‌കര്‍ അതെക്കുറിച്ച് പറഞ്ഞത്. ഈ തുറന്ന് പറച്ചിലുകളില്‍ പലതും ഒളിച്ചിരിപ്പുണ്ട്. തന്നെ ചതിച്ചുവെന്ന് ബാലു പറഞ്ഞ വ്യക്തിക്ക് ഈ മരണവുമായി ബന്ധമുണ്ടോ എന്ന പരിശോധനായണ് ബന്ധുക്കള്‍ നടത്തുന്നത്. ക്ഷേത്ര ദര്‍ശനം നടത്തി ബാലു അര്‍ദ്ധരാത്രിയില്‍ നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണമാണ് തേടുന്നത്. ബാലുവിന്റെ മകളും അപകടത്തില്‍ മരിച്ചു. ഭാര്യ ലക്ഷ്മിയും സുഹൃത്തും ഡ്രൈവറുമായ അര്‍ജ്ജുനും ചികില്‍സയിലാണ്. ഇവരോട് കാര്യങ്ങള്‍ തിരക്കാന്‍ ബന്ധുക്കള്‍ ഇപ്പോള്‍ കഴിയുന്നില്ല. ലക്ഷ്മിയെ ബാലയുടേയും മകളുടേയും മരണം പോലും അറിയിച്ചിട്ടില്ല.
നേരത്തെ തന്നെ ചിതിച്ചയാളെ കുറിച്ച് ബാലു നടത്തിയ വെളിപ്പെടുത്തലില്‍ ലക്ഷ്മിക്കും എല്ലാം അറിയാമെന്ന് വിശദീകരിച്ചിരുന്നു. മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണിതെന്ന സൂചനയാണ് ബന്ധുക്കള്‍ക്കുള്ളത്. അതുകൊണ്ട് കൂടിയാണ് ബാലുവിന്റെ മരണത്തിലെ പൊരുള്‍ തേടി ബന്ധുക്കള്‍ ഇറങ്ങുന്നത്. ജീവിതത്തില്‍ എല്ലാവര്‍ക്കും മനസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവര്‍. എന്റെ ബലഹീനതകളെ മനസ്സിലാക്കുന്നവര്‍. എന്റെ സ്വപ്നങ്ങള്‍ ഞാന്‍ അവരുമായി പങ്കുവയ്ച്ചു. എന്റെ എല്ലാകാര്യങ്ങളും അവരിലൂടെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. എന്റെ ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങളും എടുത്തത് അവരായിരുന്നു. അവര്‍ക്ക് ഞാന്‍ എല്ലാം വിട്ടു നല്‍കിയെന്നും ബാലു വിശദീകരിച്ചിട്ടുണ്ട്.
പക്ഷേ ഒരു ഘട്ടത്തില്‍ എന്റെ അടുത്ത ഒരാളില്‍ നിന്ന് വിശ്വാസ വഞ്ചന നേരിട്ടപ്പോള്‍ തകര്‍ന്നുപോയി. വളരെ പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. ഞാന്‍ ഒരുപാട് കരഞ്ഞു. പിന്നീട് എനിക്ക് സ്റ്റേജില്‍ നില്‍ക്കാന്‍ തോന്നിയില്ല. സത്യസന്ധമായി സംഗീതം എന്നില്‍ നിന്ന് പുറത്ത് വന്നില്ല. ചിരിക്കാന്‍ പോലും ഞാന്‍ പ്രയാസപ്പെട്ടു. അത് എന്നോടും ഞാന്‍ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി. ഇതെക്കുറിച്ച് ലക്ഷ്മിയോട് ഞാന്‍ സംസാരിച്ചു. അങ്ങനെയാണ് സംഗീതത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ ഞാനൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു. അതിനു ശേഷമാണ് ആളുകള്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് എന്റെ സുഹൃത്തുക്കള്‍ ഇടപ്പെട്ട് ആ പോസ്റ്റ് പിന്‍വലിച്ചു.-ഇതായിരുന്നു ബാലുവിന്റെ പഴയ വെളിപ്പെടുത്തല്‍. ബാലുവിനെ കരയിക്കാന്‍ മാത്രം ചതിച്ച സുഹൃത്ത് ആരെന്നതാണ് ഉയരുന്ന ചോദ്യം. തൃശൂരിലെ യാത്രയ്ക്കിടെ ഇയാള്‍ ഇടപെടലുകള്‍ നടത്തിയോ എന്ന സംശയവും കുടുംബത്തിനുണ്ട്.
വയലിന്‍ കളിപ്പാട്ടമാക്കിയ ബാല്യം. പതിനേഴാം വയസ്സില്‍ സിനിമയില്‍ തന്റെ സാന്നിധ്യമറിയിച്ചു. തുടര്‍ന്നിങ്ങോട്ട് സിനിമയും ആല്‍ബവും സ്റ്റേജ് ഷോകളുമായി പേരിനെ അന്വര്‍ത്ഥമാക്കും പോലെ ഉദയസൂര്യനായി ശോഭിച്ചു. സംഗീതവാനിലെ ഉദയസൂര്യനായി ബാലു മാറി. എന്നും വീട്ടുകാരില്‍ നിന്ന് അകലം പാലിച്ചായിരുന്നു യാത്രകള്‍. കോളേജ് കാലത്തെ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ കൂടെ നിന്നത് സുഹൃത്തുക്കളായിരുന്നു. ലോകമറിയുന്ന സംഗീതജ്ഞനായി വളര്‍ന്നപ്പോള്‍ സൗഹൃദങ്ങള്‍ പുതിയ തലത്തിലെത്തിച്ചു. ക്യാമ്പസിലെ പ്രണയത്തിനൊടുവില്‍ ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു ബാലഭാസ്‌ക്കര്‍ ലക്ഷ്മിയെ സ്വന്തമാക്കിയത്. കഴിഞ്ഞ 25ന് നടന്ന കാറപകടത്തില്‍ ബാലഭാസ്‌ക്കറിനൊപ്പം ഗുരുതര പരിക്കേറ്റ് ആശുപത്രി കിടക്കയിലുള്ള ലക്ഷ്മിക്ക് ഇനിയും ബോധം തെളിഞ്ഞിട്ടില്ല.
സംസ്‌കാരികലോകത്തിന്റെ ആദരവും ആരാധകരുടെയും സുഹൃത്തുകളുടേയും കണ്ണീരും ഏറ്റുവാങ്ങി ബാലഭാസ്‌കറിന്റെ സംസ്‌കാരം ഇന്നലെ രാവിലെ ഔദ്യോഗികബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തിലാണ് നടന്നത്. അവസാനനിമിഷവും ബാലഭാസ്‌കറിനെ കാണാന്‍ വീട്ടിലേക്കും ശാന്തികവാടത്തിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. രാവിലെ തിരുമലയിലുള്ള ബാലഭാസ്‌കറിന്റെ വീട്ടിലേക്ക് പ്രമുഖരടക്കം നൂറുകണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തി. ശാന്തികവാടത്തിലും ബാലഭാസ്‌കറിനെ ഒരു നോക്ക് കാണാന്‍ ജനം തിക്കിത്തിരക്കി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദാ്യേഗികബഹുമതികള്‍ ഇവിടെ നല്‍കി. അന്തിമസംസ്‌കാരച്ചടങ്ങുകള്‍ അച്ഛന്‍ സി.കെ ഉണ്ണിയുടെ സഹോദരന്റെ മകനാണ് നടത്തിയത്.
11 മണിയോടെ ബാലഭാസ്‌കറിനെ അഗ്നിനാമ്പുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജില്‍ അനുസ്മരണസമ്മേളനം നടന്നു. ഇപ്പോഴും വീട്ടില്‍ അമ്മയും അച്ഛനും തളര്‍ന്ന് കിടപ്പാണ്. ഇതിനിടെയാണ് ചില സംശയങ്ങള്‍ ബന്ധുക്കള്‍ക്ക് മുന്നിലേക്ക് ബാലുവിന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെ ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് തൃശൂരില്‍ മുറിയെടുത്തിട്ടും എന്തിന് രാത്രിയില്‍ കാറോട്ടിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചുവെന്ന സംശയം ബലപ്പെട്ടത്.