കേരളത്തില്‍ സമൂഹികമായും സാമ്പത്തികമായും മുന്‍നിരയില്‍ നില്‍ക്കുന്ന പലരും കേരളത്തിലെ ദുരിതാശ്വാസത്തോട് ഇപ്പോഴും മുഖം തിരിഞ്ഞുനില്‍ക്കുകയാണെന്നാണ് നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലുണ്ട്. ഇത്തരത്തിലുള്ള സിനിമാരംഗത്തെ പ്രമുഖര്‍ക്കെതിരെ ആഞ്ഞടിക്കുന്ന ഗണേഷ്‌കുമാറിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.
കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തോട് പ്രതികരിക്കാത്ത മലയാള സിനിമയിലെ നടന്‍മാര്‍ക്കെതിരെയാണ് ഗണേഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. കോടികള്‍ വാങ്ങുന്ന നടന്മാരില്‍ പലരും എവിടെ എന്നാണ് നടനും എംഎല്‍എയുമായ ഗണേഷ്‌കുമാറിന്റെ ചോദ്യം. പത്തനാപുരം കേബിള്‍ വിഷന് നല്കിയ പ്രതികരണത്തിനാണ് ഗണേഷ് തന്റെ പ്രതികരണം അറിയിച്ചത്. ഫേസ്ബുക്കില്‍ വലിയ അഭിപ്രായം പറയുന്ന നമ്മുടെ യുവനടന്മാര്‍ ഇപ്പോള്‍ എവിടെപ്പോയെന്ന് ചോദിക്കുന്ന താരം ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം വാങ്ങിക്കുന്ന പല നടന്മാരെയും ഇപ്പോള്‍ കാണാനില്ലെന്നും വെളിപ്പെടുത്തി. അഞ്ചുദിവസം കൊണ്ട് 35 ലക്ഷം വരെ വാങ്ങുന്ന ഹാസ്യനടന്മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുപൈസ കൊടുത്തിട്ടില്ലെന്നും ഗണേഷ് വ്യക്തമാക്കി. ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് 30 ലക്ഷം രൂപ വാങ്ങുന്നവര്‍ പോലും ദുരിതാശ്വാസത്തിനായി ഒന്നും കൊടുത്തിട്ടില്ലെന്നും ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും ഈ താരങ്ങള്‍ എന്തുചെയ്തുവെന്ന് അറിയാന്‍ ആകാംക്ഷയുണ്ടെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന പലരും പ്രസ്താവന നടത്താനും ഫേസ്ബുക്കില്‍ എഴുതാനും തയാറാകുമ്പോള്‍ തനിക്ക് പ്രതിഷേധമുണ്ടെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും ഇവര്‍ എന്തുചെയ്തുവെന്നറിയാന്‍ ആഗ്രഹമുണ്ടെന്നും ഗണേഷ് പറയുന്നു.
നടന്‍ പൃഥ്വീരാജ് അടക്കമുള്ള യുവ നടന്‍മാരും ഒരു കൂട്ടം ന്യൂജന്‍ താരങ്ങളും പ്രളയദുരിതാശ്വാസത്തോട് പുറം തിരഞ്ഞുനില്‍ക്കുകയാണെന്ന് സോഷ്യല്‍ മീഡിയിയിലടക്കം നേരത്തെ തന്നെ ആരോപണം ഉയര്‍ന്നതാണ്. യുവനടന്മാരില്‍ പലരും തുച്ഛമായ തുക നല്‍കി കടമ തീര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് സൂചിപ്പിക്കുന്ന രീതിയിലാണ് ഗണേശിന്റെ വാക്കുകള്‍. പ്രളയത്തലകപ്പെട്ട കേരളത്തോട് ഒരു ആശ്വാസവാക്കുപോലും, മലയാളി ഗാനഗന്ധര്‍വനെന്നും ഗന്ധര്‍വ ഗായകനെന്നും മലയാളികള്‍ പുകഴ്ത്തുന്ന യേശുദാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.