കന്നഡ സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ് ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസ്. കേസുമായി കന്നഡ സിനിമയിലെ പ്രമുഖര്‍ക്ക് ബന്ധമു ണ്ടെന്ന സാഹചര്യത്തിൽ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ ഏജന്‍സി. എന്നാൽ ഇപ്പോൾ അന്തരിച്ച ചലച്ചിത്ര നടന് ചിരഞ്ജീവി സര്‍ജയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിൽ അഭ്യൂഹങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു വരുകയാണ്. താരത്തിന് മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുണ്ട് എന്നായിരുന്നു പ്രചരണം. എന്നാൽ ഇപ്പോൾ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് കിച്ച സുദീപ് രംഗത്തെത്തിയിരിക്കുകയാണ്.
'ചിരഞ്ജീവി സര്‍ജ നമ്മളെ വിട്ടുപോയി ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എനിക്ക് അദ്ദേഹം സഹോദരനെപോലെയാണ്. ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന രാജും സഹോദരന് ധ്രുവ് സര്‍ജയും ഇപ്പോഴും നമുക്കൊപ്പമുണ്ട്. അവര്‍ ആ വലിയ ദുഃഖത്തില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല. അതുകൊണ്ടു തന്നെ അനാവശ്യമായ വിവാദങ്ങളിലേക്ക് ചിരഞ്ജീവിയുടെ പേര് വലിച്ചിഴച്ച് ആ കുടുംബത്തെ ഇനിയും വേദനിപ്പിക്കരുത്. എനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കില്ല. കന്നട സിനിമ വളരെ വലുതാണ്. കുറച്ചാളുകളുടെ മോശം പ്രവൃത്തിക്ക് മൊത്തം ഇന്‍ഡസ്ട്രിയെ പഴി ചാരരുത്- എന്നുമാണ് കിച്ച സുദീപ് പറഞ്ഞിരിക്കുന്നത്.
ആരോപണത്തിന് എതിരെ വിമര്‍ശനവുമായി നേരത്തെ നടന് ധര്‍ശനും രംഗത്തെത്തിയിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ജൂണിലാണ് ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. മലയാള സിനിമയിലൂടെ ശ്രദ്ധ നേടിയ മേഘ്ന രാജാണ് താരത്തിന്റെ ഭാര്യ. സീരിയല്‍ നടി അനിഖയെ കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നു റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 15 നടീനടന്മാരുടെ പേരുകൾ ഇവരുടെ ഡയറിയില്‍ ഉണ്ട് എന്ന് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.