ലോക്ഡൗണില്‍ ആലപ്പുഴയിലെ വീട്ടിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം നവ്യ ഉള്ളത്. മകന്‍ സായും നവ്യക്ക് ഒപ്പമുണ്ട്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായികയാകുന്ന മലയാള ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വികെ പ്രകാശാണ്. പ്രാണ എന്ന ചിത്രത്തിന് ശേഷം വികെപി ഒരുക്കുന്ന പുതിയ ചിത്രം സ്ത്രീ കേന്ദ്രീകൃത കഥയാണ്.
ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത് ലോക്ക് ഡൌണിന് തൊട്ടുമുന്‍പാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് നവ്യ മുംബൈയില്‍ നിന്ന് നാട്ടിലേക്കെത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചുപോകാനായിരുന്നു പദ്ധതിയെന്നും ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി മുംബൈയ്ക്ക് തിരിച്ചു പോയിരുന്നെങ്കില്‍, അവസ്ഥ എന്തായേനേ എന്നും നവ്യ തന്നോട് തന്നെ ചോദിക്കുകയാണ്. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും ലോക്ക് ഡൌണ്‍ ആക്ടിവിറ്റികളെയും മകന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് നവ്യ ഇപ്പോള്‍. മാതൃഭൂമിക്ക് അനുവദിച്ച പ്രത്യക അഭിമുഖത്തിലാണ് നവ്യ തന്റെ വിശേഷങ്ങളെല്ലാം പറഞ്ഞത്.
രാധാമണി എന്നാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. ബോട്ടിലെ കണ്ടക്ടറാണ്, മണി എന്നാണ് അവളെ എല്ലാവരും വിളിക്കുന്നത്. ഭര്‍ത്താവും രണ്ടു മക്കളുമുള്ള വളരെ സാധാരണക്കാരിയാണ് മണി. അവരുടെ ജീവിതത്തിലെ മൂന്നു ദിവസത്തെ കഥയാണ് ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രമേയം. അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ചില പ്രശ്‌നങ്ങളും അതിനെ അവര്‍ എങ്ങനെ നേരിടുന്നു എന്നുമൊക്കെയാണ് ഒരുത്തീ പറയുന്നത്. ഒരു ശരാശരി സ്ത്രീയില്‍ നിന്നും അവര്‍ എങ്ങനെ മികച്ച സ്ത്രീയായി മാറുന്നു എന്നതാമ് ചിത്രത്തിന്റെ ആകെ ഇതിവൃത്തം.
തന്റെ കരിയറില്‍ ചെയ്ത അഡ്വഞ്ചറസ് ആയ ചിത്രം കൂടിയാണ് ഒരുത്തീ. ചിത്രത്തില്‍ കുറെ ഓട്ടവും ചാട്ടവുമൊക്കെയുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ എല്ലാ സ്ത്രീകളും കരുത്തര്‍ തന്നെയാണ്. പക്ഷേ, സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ മാത്രമാണ് അത് പലരും തിരിച്ചറിയുന്നത് എന്നതാണ്. ചിത്രത്തിലെ രാധാമണിയുടെ മകന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് തന്റെ മകന്‍ സായി കൃഷ്ണയാണ്. അങ്ങനെ സായിയുടെ സിനിമാ അരങ്ങേറ്റ ചിത്രം കൂടിയായി മാറി ഒരുത്തീ.